ad
Deshabhimani

കാലത്തിന്റെ രാഷ്‌ട്രീയമായി ‘ബിരിയാണി’

 " അരങ്ങിലെ രുചി "  .... അന്താരാഷ്ട്ര നാടകോത്സവത്തിൽ കെ ടി മുഹമ്മദ് തിയറ്ററിൽ അവതരിപ്പിച്ച " നൂറമ്മ ബിരിയാണി ദർബാർ " നാടകത്തിന്റെ  അവതരണത്തിൽ തന്നെ പാചകം ചെയ്ത ബിരിയാണി നാടകം കണ്ടിറങ്ങിയവർക്ക് വിളമ്പുന്ന നാടക പ്രവർത്തകർ

" അരങ്ങിലെ രുചി " .... അന്താരാഷ്ട്ര നാടകോത്സവത്തിൽ കെ ടി മുഹമ്മദ് തിയറ്ററിൽ അവതരിപ്പിച്ച " നൂറമ്മ ബിരിയാണി ദർബാർ " നാടകത്തിന്റെ അവതരണത്തിൽ തന്നെ പാചകം ചെയ്ത ബിരിയാണി നാടകം കണ്ടിറങ്ങിയവർക്ക് വിളമ്പുന്ന നാടക പ്രവർത്തകർ

വെബ് ഡെസ്ക്

Published on Jan 29, 2026, 12:16 AM | 1 min read

തൃശൂർ

പേരിലെ ബിരിയാണിക്കപ്പുറം കാലത്തിന്റെ രാഷ്‌ട്രീയമാണ്‌ നൂറമ്മ ബിരിയാണി ദർബാർ. ഭക്ഷണം കേവലം വിശപ്പടക്കാനുള്ള ഉപാധിയല്ലെന്നും അതൊരു രാഷ്ട്രീയ പ്രഖ്യാപനമാണെന്നുമുള്ള ഓർമപ്പെടുത്തലാണ്‌. അധികാരത്തിന്റെ ഇടങ്ങൾക്കെതിരെ സ്വത്വബോധം ഉയർത്തിപ്പിടിക്കുന്ന അതിജീവന കരുത്തിന്റെ കാഴ്‌ചയാണ്‌ ബിരിയാണി ച്ചെന്പിൽ നിന്നുണ്ടാകുന്നത്‌. നൂറമ്മ എന്ന സ്‌ത്രീയുടെ ജീവിതത്തിൽനിന്ന്‌ പ്രചോദനം ഉൾക്കൊണ്ടാണ്‌ നാടകം ഒരുക്കിയത്‌. കോവിഡ്‌ കാലത്ത്‌ ട്രാൻസ്‌ജെൻഡർ സമൂഹം എല്ലാവർക്കും ഭക്ഷണം നൽകാനായി സമൂഹ അടുക്കള ഒരുക്കിയിരുന്നു. ഇ‍ൗ സംഭവത്തെ നൂറമ്മയുടെ ജീവിതവുമായി സന്നിവേശിപ്പിച്ചാണ്‌ നാടകം ഒരുക്കിയത്‌. ഒരു ബിരിയാണി തയ്യാറാക്കുന്നതിനിടയിലൂടെ ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ജീവിതം വരച്ചിടുകയും അതിനൊപ്പം തന്നെ ഇന്ത്യയുടെ സമകാലിക രാഷ്‌ട്രീയവും നാടകം ഓർമപ്പെടുത്തുന്നുണ്ട്‌. നാടകത്തിലുടനീളം കടന്ന്‌ വരുന്ന ഖുറാൻ സൂക്‌തങ്ങൾ ഒരേ സമയം നാടകത്തിന്റെ ആശയമായും കാലത്തിന്റെ രാഷ്‌ട്രീയമായും നിലകൊള്ളുകയാണ്‌. ഭിക്ഷയെടുക്കുന്നവരും ലൈംഗികത്തൊഴിലാളികളായും മാത്രം ട്രാൻസ്‌ സമൂഹത്തെ കാണുന്നവരുടെ ലോകത്ത്‌ ഇവർ നടത്തിയ വലിയ സാമൂഹ്യ ഇടപെടൽ അരങ്ങിലൂടെ ആളുകളിലേക്ക്‌ എത്തിക്കാനാണ്‌ ശ്രമിച്ചതെന്ന്‌ സംവിധായകൻ ശ്രീജിത്ത്‌ സുന്ദരം പറഞ്ഞു. ബീഫ്‌ കഴിക്കരുത്‌ എന്ന്‌ പറയുന്ന കാലത്ത്‌ നാടകത്തിന്‌ വലിയ രാഷ്‌ട്രീയമുണ്ടെന്ന്‌ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ്‌ കൂടിയായ എ രേവതി പറഞ്ഞു. ഭക്ഷണത്തിന്റെ രാഷ്ട്രീയം, ലിംഗപദവി, സ്വത്വം എന്നിവയെ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്‌ നൂറമ്മ ബിരിയാണി. നാം എന്ത് കഴിക്കണം എന്നതുപോലും എങ്ങനെ അധികാരത്തിന്റെ അടയാളമാകുന്നുവെന്നും ആരുടെ രുചിക്കൂട്ടുകളാണ് മാറ്റിനിര്‍ത്തപ്പെടുന്നത് എന്നുമുള്ള ചോദ്യങ്ങളെറിയുകയാണ്‌ നാടകം. കാണികൾക്ക്‌ ബിരിയാണി നൽകിയാണ്‌ നാടകം അവസാനിച്ചത്‌. അദൃശ്യമാക്കപ്പെട്ട അധ്വാനങ്ങള്‍ക്കും നിശ്ശബ്ദമാക്കപ്പെട്ട ശബ്ദങ്ങള്‍ക്കുമുള്ള ആദരവ്‌ കൂടിയാണ്‌ നൂറമ്മ ദർബാർ. അഭിനേതാക്കളെല്ലാം ട്രാൻസ്‌ സമൂഹത്തിൽ നിന്നുള്ളവരാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home