ജീവിതം തൊട്ടുള്ള നേർസാക്ഷ്യങ്ങൾ

അന്താരാഷ്ട്ര നാടകോത്സവത്തിൽ ചെന്നെെ കട്ടിയക്കാരി തിയറ്റർ അവതരിപ്പിച്ച " നൂറമ്മ ബിരിയാണി ദർബാർ " നാടകത്തിൽ നിന്ന് / ഫോട്ടോ എം എ ശിവപ്രസാദ്
കെ എ നിധിൻ നാഥ് [email protected]
Published on Jan 29, 2026, 12:10 AM | 1 min read
തൃശൂർ
അവതരിപ്പിക്കപ്പെട്ട നാടകങ്ങളെല്ലാം പ്രേക്ഷകർ നേഞ്ചേറ്റിയ ദിനമായിരുന്നു ഇറ്റ്‌ഫോക്കിന്റെ നാലാം ദിനം. ജീവിതാനുഭവങ്ങളുടെ നേർസാക്ഷ്യങ്ങൾ അരങ്ങിന്റെ കരുത്താവുകയായിരുന്നു. ഒരു ബിരിയാണി വേവുന്ന സമയത്തിൽ ഒരു കാലത്തിന്റെയും സമൂഹത്തിന്റെയും ജീവിതമാണ് ‘നൂറമ്മ ബിരിയാണി ദർബാർ’ പറഞ്ഞത്. എക്കാലത്തും ട്രാൻസ് ജനതയുടെ പ്രശ്‌നങ്ങൾ നാടകവിഷയമാക്കിയ കട്ടിയക്കാരി തിയറ്ററാണ് അവതരിപ്പിച്ചത്. നൂർജഹാൻ ബീഗമെന്ന നൂറമ്മയുടെ ജീവിതവിവരണത്തിലൂടെ സ്വന്തം സ്വത്വം നിലനിർത്താൻ ട്രാൻസ്‌ജെൻഡർ സമൂഹം നടത്തിയ അതിജീവന പോരാട്ടങ്ങളും, അവർക്കെതിരെ നിലകൊള്ളുന്ന രാഷ്‌ട്രീയത്തിനെതിരായ ഉയിർപ്പും ഒപ്പം ഭക്ഷണം ഒരു രാഷ്‌ട്രീയോപകരണമാവുന്ന സാമൂഹ്യാന്തരീക്ഷവും വെളിപ്പെട്ട അരങ്ങായി കെ ടി മുഹമ്മദ് തിയറ്റർ മാറി. ഏകപാത്രത്തിന്റെ വിവരണത്തോടൊപ്പം രംഗവേദിയിൽ തന്നെ മാറി ധരിക്കുന്ന വസ്‌ത്രവൈവിധ്യങ്ങൾ കഥാപാത്രം കടന്നുപോയ കാലത്തേയും ജീവിതത്തേയും വെളിപ്പെടുത്തി. അടിച്ചമർത്തപ്പെടുകയും അരികുവൽക്കരിക്കപ്പെടുകയും ചെയ്യുന്ന ജനതയുടെ ശബ്ദമായിരുന്നു മാടൻ മോക്ഷം. മനുഷ്യനോടു ചേർന്നു നിൽക്കുന്ന, അവന്റെ ഹൃദയമിടിപ്പിനെ തൊട്ടറിയുന്ന, മാടൻ ദൈവത്തിന്റെ മാടൻതറയിൽ സവർണ വിധിപ്രകാരമുള്ള ക്ഷേത്രസ്ഥാപനത്തോടെ മാടൻ ദൈവത്തിന് പ്രിയപ്പെട്ടവർ അതിരുകൾക്കപ്പുറത്തേക്ക് മാറ്റപ്പെടുന്നതുമാണ് രത്നച്ചുരുക്കം . എൻവയോൺമെന്റൽ തിയറ്ററിന്റെ സകലസാധ്യതയും ഉപയോഗപ്പെടുത്തിയ നാടകം സമകാലീന സാമൂഹ്യ സാഹചര്യത്തെ മൂർച്ഛയോടെ പ്രകടമാക്കി. ആദ്യമായി ജയിൽ അരങ്ങാക്കി റോമിയോ ആൻഡ് ജൂലിയറ്റ്. ഡെൻമാർക്ക് സംഘം ആയിരത്തോളം വരുന്ന തടവുകാർക്കായി വിയ്യൂർ ജയിലിൽ നാടകം അവതരിപ്പിച്ചു. നിറഞ്ഞ സദസ്സിലായിരുന്നു ലൂസിയ ജോയ്‌സ്– എ സ്‌മോൾ തിയറ്റർ ഇൻ മോഷൻ, ഓറഞ്ച് ആൻഡ് സ്‌റ്റോൺസ് എന്നിവയുടെ പുനരവതരണങ്ങളും ആവേശത്തോടെ കാണികൾ സ്വീകരിച്ചത്. മേളയുടെ രാഷ്‌ട്രീയവും നാടകോത്സവത്തിന്റെ ഉൾക്കാഴ്‌ചയും ഒരുപോലെ അരങ്ങിൽ തെളിഞ്ഞു നിൽക്കുകയും ചെയ്‌തു. ഫ്രാങ്കന്‍സ്റ്റൈന്‍ പ്രോജക്ട്, റോമിയോ ആൻഡ് ജൂലിയറ്റ് എന്നീ നാടകങ്ങളുടെ പ്രവർത്തകർ പങ്കെടുത്ത മീറ്റ് ദി ആർട്ടിസ്റ്റ് നടന്നു. ‘പാര്‍ശ്വവല്‍കൃതവും അടിച്ചമര്‍ത്തപ്പെട്ടതുമായ സമൂഹങ്ങളുടെ അരങ്ങ്’ എന്ന വിഷയത്തില്‍ ചര്‍ച്ചയും സംഘടിപ്പിച്ചു. രാംദാസ് കടവല്ലൂർ സംവിധാനം ചെയ്‌ത ‘ബിയോണ്ട് ഹേട്രഡ് ആൻഡ് പവർ, വി കീപ്പ് സിങ്ങിങ്’ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഇന്ത്യയിൽ സ്ത്രീകൾക്കും ലിംഗ–-ലൈംഗിക ന്യൂനപക്ഷങ്ങൾക്കുമെതിരെ നടന്ന അതിക്രമങ്ങളെക്കുറിച്ചാണ് ചിത്രം. പ്രകാശ് ഉള്ളേരിയുടെ ‘സ്‌കെച്ചസ് ഇൻ മെലഡീസ്’ എന്ന പരിപാടിയും അരങ്ങേറി.










0 comments