കാണികളായി ശ്രീലങ്കൻ സംഘവും

ഇറ്റ്‌ഫോക് കാണാൻ ശ്രീലങ്കയിൽ നിന്ന് എത്തിയവർ
തൃശൂർ
ഇറ്റ്‌ഫോക്കിൽ നാടകം കാണാൻ കടൽ കടന്നെത്തി അഞ്ചംഗ സംഘം. ശ്രീലങ്കയിലെ ജാഫ്‌ന സർവകലാശാലയിലെ അധ്യാപകൻ മെയ്യനാഥൻ കേതീശ്വരന്റെ നേതൃത്വത്തിലാണ് വിദ്യാർഥികളടക്കമുള്ളവർ എത്തിയത്. ഇറ്റ്‌ഫോക്കിൽ നിന്ന് ലഭിച്ചത് വലിയ അനുഭവമാണെന്നും അത് നാടക പ്രവർത്തനത്തിനു ഗുണം ചെയ്യുമെന്നും വിദ്യാർഥിയായ നിവേതിക കന്തസ്വാമി പറഞ്ഞു. അവിടെ ഞങ്ങൾ ഒരേ ഫ്രെയിമിനകത്ത് നിന്നാണ് നാടകം കളിക്കുന്നത്. അതിൽ നിന്ന് വ്യത്യസ്ഥമായ അനുഭവമാണ് ഇവിടെ കാണാനായത്. ലൂസിയ ജോയ്‌സ്, ദി നെതർ എന്നീ നാടകങ്ങൾ അത്ഭുതപ്പെടുത്തി. കുറേ കലാകാരരെ പരിചയപ്പെട്ടു. ഇവരെ നാട്ടിലെ നാടക വേദിക്ക് എങ്ങനെ ഗുണകരമായി ഉപയോഗിക്കാമെന്നാണ് ആലോചിക്കുന്നതെന്ന് കേതീശ്വരൻ പറഞ്ഞു. ലോക നാടകവേദിയെ ഇറ്റ്‌ഫോക്കിൽ നിന്ന് അറിയാനായി. ശ്രീലങ്കയിലെ നാടക പ്രവർത്തനത്തെ കൂടുതൽ മുന്നോട്ടു കൊണ്ടു പോകാൻ ഇറ്റ്‌ഫോക് ഉൗർജമാകും. ശ്രീലങ്കയിൽ ആറാം ക്ലാസ് മുതൽ സിലബസിൽ നാടകം പഠിപ്പിക്കുന്നുണ്ട്. രാജ്യത്തുണ്ടായ സാന്പത്തിക പ്രതിസന്ധിക്ക് ശേഷം നാടകോത്സവങ്ങൾക്ക് സർക്കാർ ഫണ്ട് ലഭിക്കുന്നത് കുറഞ്ഞുവെന്നും അവർ പറഞ്ഞു. തിവ്വ റാസ സുരേഷ്, മതിസാലിനി തുരൈറാസ, മിതർഷൻ കൂംഗി എന്നിവരുമാണ് സംഘത്തിലുള്ളത്.










0 comments