ഇറ്റ്‌ഫോക് സമാപിച്ചു

തൃശൂർ
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച പതിനാറാമത് അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്‌ഫോക്) സമാപിച്ചു. പ്രേക്ഷക പങ്കാളിത്തംകൊണ്ടും അരങ്ങിലെത്തിയ നാടകങ്ങളുടെ മികവിനാലും ശ്രദ്ധേയമായിരുന്നു നാടകോത്സവം. 22 നാടകങ്ങളുടെ 47 അവതരണങ്ങളാണ് എട്ട് ദിനങ്ങളിലായി നടന്നത്. അര്‍ജന്റീന, ബ്രസീല്‍, അര്‍മേനിയ, പലസ്തീന്‍, സ്ലോവാക്കിയ, സ്‌പെയിന്‍, ജപ്പാന്‍, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍നിന്നുള്ള ഒന്പത് വിദേശ നാടകങ്ങളാണ് നാടകോത്സവത്തില്‍ എത്തിയത്. മലയാളത്തില്‍ നിന്നുള്ള അഞ്ച് നാടകങ്ങള്‍ അടക്കം 14 ഇന്ത്യന്‍ നാടകങ്ങളും അവതരിപ്പിച്ചു. 44 വിദേശനാടക പ്രവര്‍ത്തകര്‍ അടക്കം 241 പ്രതിഭകളാണ് ഇറ്റ്‌ഫോക്കിന്റെ ഭാഗമായത്. പലസ്‌തീൻ അനുകൂല നാടകം ‘ദി ലാസ്റ്റ് പ്ലേ ഇൻ ഗാസ’യ്‌ക്ക് കേന്ദ്ര സർക്കാർ വിസ നിഷേധിച്ചതിനെത്തുടർന്ന് അവതരണം മുടങ്ങി. ഈ നിശ്ശബ്ദതയിലെ ശബ്ദങ്ങള്‍ എന്നതായിരുന്നു ഇറ്റ്‌ഫോക്കിന്റെ പ്രമേയം. നാടകങ്ങള്‍ക്ക് പുറമേ സംവാദങ്ങള്‍, ചര്‍ച്ച, അനുസ്മരണം,ഡോക്യുമെന്ററി പ്രദര്‍ശനം, സംഗീത പരിപാടികള്‍, ഫോട്ടോ- ചിത്ര- പോസ്റ്റര്‍ പ്രദര്‍ശനം എന്നിവയും അരങ്ങേറി. ഗോത്രകലാവിഷ്‌കാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് കലാപരിപാടികൾ സംഘടിപ്പിച്ചത്. സമാപന സമ്മേളനം ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ അനാമിക ഹസ്‌കര്‍ ഉദ്‌ഘാടനം ചെയ്‌തു. അക്കാദമി ചെയര്‍പേഴ്‌സണ്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അധ്യക്ഷനായി. മേയര്‍ ഡോ. നിജി ജസ്റ്റിന്‍, അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി, വൈസ്‌ചെയര്‍മാന്‍ പി ആർ പുഷ്പവതി, ഫെസ്റ്റിവല്‍ കോ– ഓർഡിനേറ്റര്‍ ജലീല്‍ ടി കുന്നത്ത് എന്നിവർ സംസാരിച്ചു.










0 comments