ദേശീയപാത നിർമാണം പൂർത്തിയാക്കാതെ ടോൾ പിരിവ്
നാട്ടികയിൽ രാപകൽ സമരം ആരംഭിച്ചു

നാട്ടിക
ദേശീയപാത 66 ലെ നിർമാണങ്ങൾ പൂർത്തീകരിക്കാതെയുള്ള നാട്ടിക ടോൾ പിരിവ് അവസാനിപ്പിക്കുക, തദ്ദേശവാസികൾക്ക് ടോൾ സൗജന്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വത്തിൽ നാട്ടിക ടോൾ പ്ലാസയ്ക്ക് മുന്നിൽ രാപകൽ സമരം ആരംഭിച്ചു. വ്യാഴം വൈകിട്ട് ആറുമുതലാണ് സമരം ആരംഭിച്ചത്. Jസിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം എം വർഗീസ് ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ പി സന്ദീപ് അധ്യക്ഷനായി. സിപിഐ എം നാട്ടിക ഏരിയ സെക്രട്ടറി എം എ ഹാരിസ് ബാബു, ചേർപ്പ് ഏരിയ സെക്രട്ടറി എ എസ് ദിനകരൻ, കെ എം കിഷോർകുമാർ, പി ആർ വർഗീസ്, അഡ്വ. വി കെ ജ്യോതി പ്രകാശ്, കെ എ വിശ്വംഭരൻ, കെ ആർ സീത, ടി എസ് മധുസൂദനൻ, എം സ്വർണലത തുടങ്ങിയവർ സംസാരിച്ചു. സ്ത്രീകൾ ഉൾപ്പെടെ നൂറ് കണക്കിന് പേരാണ് രാപകൽ സമരത്തിൽ പങ്കെടുക്കുന്നത്. സമരവേദിയിൽ നിരവധി പേർ നാടൻ പാട്ടും വിപ്ലവഗാനങ്ങളും അവതരിപ്പിച്ചു. ഇക്കഴിഞ്ഞ എട്ടുമുതൽ നാട്ടികയിൽ ടോൾ പിരിവ് നടത്താൻ എൻഎച്ച്ഐഎ അധികാരികൾ തീരുമാനിക്കുകയായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ടോൾ പിരിവ് താൽക്കാലികമായി നിർത്തിവയ്ക്കുകയും എന്നാൽ ശനിയാഴ്ച രാവിലെമുതൽ ടോൾ പിരിവ് വീണ്ടും ആരംഭിക്കുകയുമായിരുന്നു. തുടർച്ചയായ ആറ് ദിവസം പിന്നിട്ട സമരമാണ് വ്യാഴാഴ്ച മുതൽ രാപകൽ സമരവുമായി കൂടുതൽ ശക്തമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി രംഗത്ത് വരുന്നത്.









0 comments