ഗുരുവായൂരില്‍ വിദ്യാരംഭത്തിന് വൻ തിരക്ക്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന എഴുത്തിനിരുത്തല്‍
ഗുരുവായൂര്‍
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആദ്യാക്ഷരമധുരം നുകരാനെത്തിയത് നാനൂറോളം കുരുന്നുകള്‍. രാവിലെ ശീവേലിക്ക് ശേഷമാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ഓതിക്കന്‍ പഴയത്ത് കൃഷ്ണപ്രസാദ് നമ്പൂതിരി സരസ്വതി പൂജ നടത്തി. രാവിലെ ശീവേലിക്ക് ശേഷം ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ തമ്പൂതിരിപാട് നിലവിളക്ക് തെളിച്ചു. ശീവേലി പൂര്‍ത്തിയായതോടെ കുരുന്നുകളെ ഹരിശ്രീ കുറിക്കുന്നതിനായി വിദ്യാരംഭഹാളിലെത്തിച്ചു. കിഴേടം രാമന്‍ നമ്പൂതിരി, മേച്ചേരി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ചെറുതയൂര്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി, തേലമ്പറ്റ വാസുദേവന്‍ നമ്പൂതിരി, മേലേടം പത്മനാഭന്‍ നമ്പൂതിരി, നാകേരി കേശവന്‍ നമ്പൂതിരി, കടയ്കാട്ട് കൃഷ്ണന്‍ നമ്പൂതിരി, കീഴേടം വാസുണ്ണി നമ്പൂതിരി, മൂത്തേടം വാസുദേവന്‍ നമ്പൂതിരി, മൂത്തേടം ഗോവിന്ദന്‍ നമ്പൂതിരി, അക്കാരപ്പിള്ളി മനുമാധവന്‍ നമ്പൂതിരി, തേലമ്പറ്റ നാരായണന്‍, തിരുവാലൂര്‍ നായരായണന്‍ നമ്പൂതിരി എന്നിവരാണ് ആദ്യാക്ഷരമെഴുതിച്ചത്. ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലും അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകളെത്തി. മേൽശാന്തി കെ ഭാസ്‌കരൻ നമ്പൂതിരി കുരുന്നുകളുടെ നാവിൽ ഹരിശ്രീ കുറിച്ചു. പൂജകൾക്ക് ശേഷം കോട്ടപ്പടി സന്തോഷ് മാരാരുടെയും സംഘത്തിന്റെയും താളവാദ്യ മേളവും അരങ്ങേറി. വടക്കേകാട് കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിൽ പതിനാറാം വർഷവും നാലപ്പാട്ട് രമണി അശോകൻ കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു നൽകി. രാവിലെ എട്ടരയോടെ ആരംഭിച്ച എഴുത്തിനിരുത്തലിൽ ഒട്ടേറെ പേർ എത്തി. ചടങ്ങിന് മേൽശാന്തി കെ റോഷിൻ നേതൃത്വം നല്‍കി.









0 comments