ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലംനിറ ആഘോഷിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലം നിറക്കായുള്ള കതിര്‍ക്കറ്റകള്‍ കീഴ് ശാന്തിമാര്‍ തലച്ചുമടായി എത്തിക്കുന്നു
ഗുരുവായൂർ
ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാഴാഴ്ച ഇല്ലംനിറ ആഘോഷിച്ചു. പകല്‍ 11 മുതൽ 1.40 വരെയുള്ള സമയത്തായിരുന്നു ഇല്ലംനിറ ചടങ്ങ്. ശനി രാത്രി കിഴക്കേനടയിലെ കല്യാണ മണ്ഡപത്തിന് സമീപം നിറക്കാവശ്യമായ അഞ്ഞൂറോളം നെൽക്കതിർക്കറ്റകൾ അവകാശികൾ എത്തിച്ചിരുന്നു. രാവിലെ അടിയന്തിരപ്രവൃത്തിക്കാരായ പത്തുകാർ വാര്യന്മാർ രാവിലെ കിഴക്കേ ഗോപുരവാതിൽക്കൽ നാക്കിലയിൽ സമർപ്പിച്ചു. തുടർന്ന് കുത്തുവിളക്കുമായി നീങ്ങിയ പാരമ്പര്യക്കാരന് പുറകിൽ ശാന്തിയേറ്റ കീഴ്ശാന്തി ഉണങ്ങലരിയിട്ട ഓട്ടുരുളിയിൽ ആദ്യകതിർക്കറ്റകൾ തലയിലേറ്റി എഴുന്നള്ളിച്ച് ക്ഷേത്രം കൊടിമരത്തിന് സമീപം എത്തിച്ചു. ഇദ്ദേഹത്തിനുപിന്നാലെ 13-കീഴ്ശാന്തി കുടുംബങ്ങളിലെ കീഴ്ശാന്തി നമ്പൂതിരിമാരും ബാക്കി കതിർക്കറ്റകളുമായി പിന്നിൽ നീങ്ങി. തന്ത്രി പി സി ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി കെ എം അച്യുതൻ നമ്പൂതിരി കതിർ പൂജ നിർവഹിച്ചു. തുടർന്ന് ക്ഷേത്രത്തിൽ സമർപ്പിച്ച് ശ്രീലകത്ത് ചാർത്തിയതോടെ ഇല്ലംനിറ ചടങ്ങുകൾക്ക് സമാപനമായി. നെൽക്കതിരുകൾ പിന്നീട് വിതരണം ചെയ്തു. ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, ഭരണസമിതി അംഗം സി മനോജ്, ക്ഷേത്രം ഡി എ പ്രമോദ് കളരിക്കൽ എന്നിവർ പങ്കെടുത്തു. തൃപ്പുത്തരി ആഘോഷം സെപ്‌തംബർ രണ്ടിനാണ്. രാവിലെ 9.16 മുതൽ 9.56 വരെയാണ് തൃപ്പുത്തരി ചടങ്ങുകൾ.










0 comments