ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു

ഊരകം ചിറ്റേങ്കരയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തകർന്ന വെളിയത്ത് നാരായണന്റെ വീട്
ചേർപ്പ്
ഊരകം ചിറ്റേങ്കരയിൽ വൃദ്ധ ദമ്പതികൾ താമസിക്കുന്ന വീട്ടിൽ അലക്കുയന്ത്രത്തിൽ നിന്ന് തീ പടർന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. വീടിന്റെ ഒരു ഭാഗം തകർന്നു. നിരവധി ഉപകരണങ്ങൾ കത്തിനശിച്ചു. വെളിയത്ത് നാരായണ (83) ന്റെ വീട്ടിൽ ചൊവ്വ രാവിലെ 9നാണ് സംഭവം. അലക്കുയന്ത്രം പ്രവർത്തിച്ചു കൊണ്ടിരിക്കെ അടിയിൽ നിന്ന് പുക ഉയരുന്നത് കണ്ട ഭാര്യ ഗിരിജ (73) ഉടൻ വൈദ്യുതിയുടെ മെയിൻ സ്വിച്ച് ഓഫ് ചെയ്യുകയും സമീപത്തെ കുളിമുറിയിൽ കുളിച്ചു കൊണ്ടിരുന്ന നാരായണനെ വിളിച്ച് വീടിന് പുറത്തിറങ്ങുകയും ചെയ്തു. അയൽവാസിയായ ഉണ്ണിക്കൃഷ്ണനെ വിളിച്ച് വിവരം പറഞ്ഞു. ഉണ്ണിക്കൃഷ്ണൻ സ്ഥലത്തെത്തിയെങ്കിലും വലിയ തോതിൽ പുക പടർന്നതിനാൽ അകത്ത് കയറാനായില്ല. ഇതിനിടയിൽ തീ പടർന്ന് അടുക്കളയ്‌ക്ക് സമീപം വർക്ക് ഏരിയയിൽ അധികമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയിൽ വീടിന്റെ ചുവരുകളും മുഴുവൻ ജനൽച്ചില്ലുകളും പിൻവാതിലും തകർന്നു. അലക്ക് യന്ത്രവും ഫ്രിഡ്ജും പാത്രങ്ങളും ഉൾപ്പെടെ നിരവധി ഉപകരണങ്ങൾ കത്തിനശിച്ചു. അടുക്കളയിൽ സ്‌റ്റൗവിലേക്ക് ബന്ധിപ്പിച്ചിരുന്ന ഗ്യാസ് സിലിണ്ടറിലേക്ക് തീ പടരാതിരുന്നത് തെല്ലൊരാശ്വാസമായി. അടുത്ത വീട്ടിലെ മോട്ടോർ പ്രവർത്തിപ്പിച്ച് വെള്ളം പമ്പ് ചെയ്ത് ഉണ്ണിക്കൃഷ്ണൻ തീയണച്ചു. അഗ്നി രക്ഷാസേന യൂണിറ്റ് സ്ഥലത്തെത്തിയെങ്കിലും ചെറിയ വഴിയായതിനാൽ വീടിന് സമീപത്തേക്ക് വാഹനമെത്തിക്കാൻ കഴിഞ്ഞില്ല. അപകടത്തിനു ശേഷം വീട് പൂർണമായും പുകയും കരിയും നിറഞ്ഞ് ഉപയോഗശൂന്യമായ നിലയിലായി.










0 comments