കോടശേരിയിൽ എൽഡിഎഫ് പ്രതിഷേധം

പഞ്ചായത്ത് ഓഫീസിന് മുന്നിൽ എൽഡിഎഫ് അംഗങ്ങൾ നടത്തിയ പ്രതിഷേധം
ചാലക്കുടി
കുടിവെള്ള പ്രശ്നം രൂക്ഷമായ കോടശേരി പഞ്ചായത്തിൽ ജനകീയ വിഷയങ്ങളിൽനിന്ന് ഒഴിഞ്ഞു മാറുന്ന കോൺഗ്രസ് ഭരണസമിതിയുടെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. തുടർന്ന് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. പഞ്ചായത്തിലെ മേച്ചിറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അതിരൂക്ഷമായ കുടിവെള്ള പ്രശ്നം ഉണ്ടായിട്ടും അത് ചർച്ചക്കെടുക്കാനോ പരിഹാരം കാണാനോ പ്രസിഡന്റ് തയ്യാറായില്ല. മാത്രമല്ല വിവിധ റോഡുകൾ തകർന്ന് സഞ്ചാരയോഗ്യമല്ലാതായി കിടക്കുകയാണ്. ഇതിന് പരിഹാരം കാണാൻ ഭരണസമിതി തയ്യാറാകുന്നില്ല. സാധാരണക്കാരുടെ ആശ്രയമായ ഇ എം എസ് ഓഡിറ്റോറിയം നവീകരിക്കാതെ ഉപയോഗശൂന്യമായി കൊണ്ടിരിക്കുകയാണ്. ഓഡിറ്റോറിയം നവീകരിച്ച് സാധാരണക്കാർക്ക് തുറന്നു കൊടുക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും പരിഗണിക്കുന്നില്ല. ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനു പകരം പുതുതായി നിർമിക്കുന്ന സ്ഥാപനങ്ങൾക്കും കോൺഗ്രസ് നേതാക്കളുടെ പേരിടാൻ പ്രത്യേകം അജൻഡ തയ്യാറാക്കുകയാണ് ഭരണസമിതിയെന്നും എൽഡിഎഫ് അംഗങ്ങൾ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് ഇടതുപക്ഷ മെമ്പർമാരുടെ നേതൃത്വത്തിൽ പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽനിന്ന് ഇറങ്ങി ഓഫീസിനു മുന്നിൽ സമരം നടത്തിയത്. സമരം എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ കെ വി ടോമി ഉദ്ഘാടനം ചെയ്തു. ശകുന്തള വത്സൻ, ബിന്ദു അനിലൻ, ജിജി ജോയ്, എം കെ വിജയൻ പ്രിയ ബാബു, രമ്യ ബാബു, അമ്പിളി സുരേഷ് എന്നിവർ സംസാരിച്ചു.










0 comments