ad
Deshabhimani

പത്ത്‌ ദിവസത്തിനിടെ 3 ആക്രമണം

ഇടി വാങ്ങിക്കൂട്ടി പൊലീസ്‌: ജില്ലയിൽ ക്രിമിനൽരാജ്‌

Police Attack
avatar
സ്വന്തം ലേഖകൻ

Published on Sep 16, 2026, 12:45 AM | 2 min read

കൊച്ചി

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ്‌, ജില്ലയിൽ ക്രിമിനലുകളുടെയും ഗുണ്ടകളുടെയും ഇടി വാങ്ങിക്കൂട്ടുകയാണ്‌. 10 ദിവസത്തിനിടെ മൂന്നുതവണയാണ്‌ കൊച്ചി സിറ്റി പൊലീസിനുനേരെ ആക്രമണമുണ്ടായത്‌.

സീൻ–1

(കലൂർ, സെപ്‌തംബർ 5)

​കാർയാത്രക്കാരനെ ഭീഷണിപ്പെടുത്തിയ സ്വകാര്യ ബസ്‌ ക്ലീനറാണ്‌ ആദ്യം പൊലീസിനെ പഞ്ഞിക്കിട്ടത്‌. ആക്രമണം നടത്തിയ ക്ലീനറെ ദുർബലവകുപ്പ്‌ ചുമത്തി അറസ്‌റ്റ്‌ ചെയ്‌തശേഷം ജാമ്യത്തിൽവിട്ടത്‌ പ്രതിഷേധത്തിന്‌ ഇടയാക്കിയിരുന്നു. ബസ്‌ ക്ലീനറായ മുഹമ്മദ്‌ അൻസാർ ആഗസ്‌ത്‌ ഒന്പതിനാണ്‌ കാർ തടഞ്ഞ്‌ യാത്രക്കാരനെ ഭീഷണിപ്പെടുത്തിയത്‌. പരാതി കിട്ടിയിട്ടും ഒരുമാസത്തോളം പൊലീസ്‌ അനങ്ങിയില്ല.


ബസിനുള്ളിൽനിന്ന്‌ മുഹമ്മദ്‌ അൻസാറിനെ പിടികൂടുന്നതിനിടെ യാത്രക്കാരുടെ മുന്നിൽവച്ച്‌ നോർത്ത്‌ എഎസ്‌ഐ സുനിലിനെ തള്ളുകയും കീഴ്‌ച്ചുണ്ടിൽ ഇടിക്കുകയും കറക്കി നിലത്തിടുകയും ചെയ്‌തു. പിന്നീട്‌ ഇയാളെ അറസ്‌റ്റ്‌ ചെയ്‌തതായി പൊലീസ്‌ വാർത്താക്കുറിപ്പ്‌ ഇറക്കിയെങ്കിലും എഎസ്‌ഐക്ക്‌ മർദനമേറ്റത്‌ മറച്ചുവച്ചു. ജാമ്യത്തിൽവിട്ടത്‌ വിവാദമായപ്പോൾ മുഖംരക്ഷിക്കാൻ പുതിയവകുപ്പ്‌ ചേർത്ത്‌ വീണ്ടും അറസ്‌റ്റ്‌ ചെയ്‌തു. ഹോൺ മുഴക്കിയതിന്‌ കാർ തടഞ്ഞിട്ട്‌ ഭീഷണിമുഴക്കിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്‌ പൊലീസ്‌ കേസെടുത്തത്‌.


​​ സീൻ–2

( മരട്‌ പൊലീസ്‌ സ്‌റ്റേഷൻ, 
 സെപ്‌തംബർ 11 )


​ മരട് പൊലീസ് കസ്റ്റഡിയിലെടുത്ത ലഹരിമരുന്ന് കേസിലെ പ്രതിയുടെ ആക്രമണത്തിൽ എഎസ്ഐ സുമേഷ് കുമാർ (49), സിപിഒ പി എം ഫസൽ (40), എസ് ഐ ജാക്സൻ (32) എന്നിവർക്കാണ് പരിക്കേറ്റത്. ഫസലിന്റെ കൈ ഒടിഞ്ഞു. സുമേഷ് കുമാറിന്റെ ഇടത് കൈമുട്ടിന്റെ കുഴ തെന്നി. എസ്ഐ ജാക്സന് കഴുത്തിൽ ചതവുണ്ടായി. എംഡിഎംഎയുമായി പിടിയിലായ ആലപ്പുഴ കുത്തിയതോട് നികർത്തിൽ വീട്ടിൽ രഞ്ജിത്താണ്‌ (32) സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കസ്റ്റഡിയിലായിരുന്ന പ്രതി സ്വയം പരിക്കേൽപ്പിക്കാൻ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് പ്രകോപിതനായത്. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾവഴി പ്രചരിച്ചത്‌ പൊലീസിന്‌ നാണക്കേടായി.

സീൻ–3

(കളമശേരി, 
 സെപ്‌തംബർ 14)

തമ്മിലടിച്ച ആറംഗസംഘത്തെ ജീപ്പിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ കളമശേരി എസ്‌ഐ സാം ലെസ്‌ലിയെയും സംഘത്തെയും ആക്രമിച്ചു. സംഭവത്തിൽ ഞാറയ്ക്കൽ സ്വദേശി വിനോയ് അറസ്‌റ്റിലായി. തിങ്കൾ പുലർച്ചെ 1.30ന് സൗത്ത് കളമശേരി ജിഞ്ചർ ഹോട്ടലിന് മുന്നിലായിരുന്നു അടി. സാം ലെസ്‌ലിയുടെ തലയ്‌ക്ക് മൊബൈൽ ഫോൺ കൊണ്ടടിച്ച്‌ പരിക്കേൽപ്പിച്ചു. എസ്‌സിപിഒ ശ്രീജിത്ത്, സിപിഒമാരായ ബേസിൽ, അർജുൻ മാത്യു എന്നിവർക്കും പരിക്കുണ്ട്. പൊലീസ് ജീപ്പിനും നാശമുണ്ടാക്കി.

പ്രതികൾ
 കാണാമറയത്ത്‌

പാലാരിവട്ടം പൊലീസ്‌ സ്റ്റേഷനില്‍നിന്ന്‌ രക്ഷപ്പെട്ട ബംഗ്ലാദേശ് സ്വദേശി ഹദിയുള്ള ഖാനെ (31) ഏഴുദിവസം കഴിഞ്ഞിട്ടും പിടികൂടാനായിട്ടില്ല. ബുധൻ പുലർച്ചെയാണ്‌ പാലാരിവട്ടം സ്‌റ്റേഷനിൽനിന്ന്‌ ഖാൻ രക്ഷപ്പെട്ടത്‌. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടൻ പിടികൂടുമെന്നുമാണ്‌ പൊലീസ്‌ അവകാശപ്പെടുന്നത്‌. എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്ത് വിരലടയാളം പകര്‍ത്തുന്നതിനിടെ ശുചിമുറിയിലേക്ക് പോയ ഇയാൾ ജനല്‍വഴിയാണ്‌ കടന്നത്‌.


കലൂരിൽ ബസ് ജീവനക്കാരൻ യാത്രക്കാരുടെ മുന്നിലിട്ടടിച്ചു, 

മരടിൽ സ്റ്റേഷനിൽ അടിയോടടി, കളമശേരിയിൽ കൂട്ടയിടി



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home