print edition വന്യജീവി ആക്രമണം: നഷ്ടപരിഹാരം വർധിപ്പിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം : വന്യജീവി ആക്രമണത്തിൽ വിളനാശത്തിനടക്കം കർഷകർക്ക് നൽകുന്ന നഷ്ടപരിഹാരം വർധിപ്പിക്കുമെന്ന് മന്ത്രി ഷിബു ബേബിജോൺ. മലയോര മേഖലയിലെയും വനാതിർത്തികളിലെയും കർഷകസംഘടനാ പ്രതിനിധികളുമായി സെക്രട്ടറിയറ്റിൽ നടത്തിയ ചർച്ചയിലാണ് പരാമർശം. പരിസ്ഥിതിലോല (ഇഎസ്എ) പരിധിയിൽനിന്ന് ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും തോട്ടങ്ങളെയും ഒഴിവാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. 98 വില്ലേജുകളെ മാത്രം ഉൾപ്പെടുത്താൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തും. ആവശ്യമെങ്കിൽ നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ഹോട്ട് സ്‌പോട്ടുകളിൽ ത്രിതല സുരക്ഷ, എഐ അടിസ്ഥാനമാക്കിയുള്ള ദൃശ്യ-– ശ്രവ്യ സംവിധാനങ്ങൾ, ഡ്രോൺ സ്‌ക്വാഡ്, 25 പുതിയ ദ്രുതകർമസേന എന്നിവ സജ്ജമാക്കും. വന്യമൃഗങ്ങളെ അകറ്റാൻ മഞ്ഞൾ, ഇഞ്ചി, നാരകം തുടങ്ങിയ ബദൽ വിളകളും സ്മാർട്ട് ഫാമിങ്ങും പ്രോത്സാഹിപ്പിക്കും. കാട്ടുപന്നി നിയന്ത്രണത്തിന് തോക്ക് ലൈസൻസുള്ള ഏത് വ്യക്തിയെയും ഷൂട്ടറായി നിയോഗിക്കാൻ ഉത്തരവിറക്കി. തോക്ക് ലൈസൻസ് തടസ്സങ്ങൾ പരിഹരിക്കുക, ജണ്ടയെ ഒൗദ്യോഗിക വനാതിർത്തിയായി പ്രഖ്യാപിക്കുക, മാങ്കുളം വനവിജ്ഞാപനം തിരുത്തുക, ഇടുക്കിയിൽ ക്യാരിയിങ് കപ്പാസിറ്റി പഠനം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ കർഷകപ്രതിനിധികൾ ഉന്നയിച്ചു.










0 comments