പുതിയരൂപത്തിൽ
"അന്യൻ പാറ'


സ്വന്തം ലേഖകൻ
Published on Sep 16, 2026, 01:13 AM | 1 min read
പത്തനാപുരം
തമിഴ് സിനിമയുടെ ഓർമകൾ നിറഞ്ഞ, മലയാളികളുടെ ഇഷ്ട സ്ഥലങ്ങളിൽ ഒന്നായ തെങ്കാശി ജില്ലയിലെ കീഴപ്പുലിയൂർ–പുലിയൂർകുളം പ്രദേശത്തെ അന്യൻപാറ വീണ്ടും ശ്രദ്ധ നേടുന്നു. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പ്രശസ്തമായിരുന്ന സ്ഥലത്ത് പുതിയ താരചിത്രങ്ങൾ വരച്ചതോടെയാണ് കൂടുതൽ ആകർഷകമായത്. ശിവാജി ഗണേശൻ, കമൽഹാസൻ, രജനികാന്ത്, എംജിആർ എന്നിവരുടെ ചിത്രങ്ങളാണ് പുതുതായി സ്ഥാനംപിടിച്ചത്. റോജ, അന്യൻ സിനിമയുടെയും ഓർമകൾ നിലനിൽക്കുന്ന പാറകൾക്ക് സിനിമാ പ്രേമികൾക്കിടയിൽ പ്രത്യേക സ്ഥാനമുണ്ട്. അന്യന്‍ സിനിമയിലെ ഗാനരംഗവുമായാണ് പാറയ്ക്ക് അന്യന്‍പാറ എന്ന പേര് പ്രചാരത്തിലായതും കൂടുതൽ ആളുകൾ എത്തിയതും. ഇപ്പോൾ പാറകളിൽ നിറപ്പകിട്ടാർന്ന സിനിമാ താരങ്ങളുടെ ചിത്രങ്ങൾ വരച്ചതോടെ കാഴ്ചയ്ക്ക് പുതിയ ഭംഗി കൈവന്നു. പാറകളും ചുറ്റുമുള്ള പച്ചപ്പും ഗ്രാമീണ പ്രകൃതിയും ഒത്തുചേരുന്ന ഇവിടെ ഫോട്ടോ എടുക്കാനും ദൃശ്യങ്ങൾ ആസ്വദിക്കാനും കേരളത്തിൽനിന്ന് നിരവധി പേരെത്തുന്നു.










0 comments