വസന്തം മുട്ടത്തോടിലും

മുട്ടത്തോടിൽ വിരിഞ്ഞ താമരയുമായി എസ് പ്രദീപ്
കോട്ടയം വിരൽത്തുമ്പിലൊതുങ്ങുന്ന ചെറിയൊരു മുട്ടത്തോട്. അതിനുള്ളിൽ വിരിഞ്ഞു നിൽക്കുന്നത് കൺകുളിർപ്പിക്കുന്നൊരു താമരപ്പൂവ്. കേൾക്കുമ്പോൾ അവിശ്വസനീയമെന്ന് തോന്നാമെങ്കിലും കോട്ടയം പാറമ്പുഴ പ്രദീപ് ഭവനിൽ എസ് പ്രദീപിന്റെ വീട്ടുമുറ്റത്തെത്തുന്നവരെ ആദ്യം വരവേൽക്കുന്നത് ഇൗ മനോഹര കാഴ്ചയാണ്. എംആർഎഫ് ജീവനക്കാരനായ പ്രദീപിന് ചെടികളുടെ പരിപാലനം വിനോദമല്ല. പരിമിതമായ ചെറിയ ഇടത്തിൽ എങ്ങനെ താമര വിരിയിക്കാമെന്ന ചിന്തയാണ് ഇത്തരമൊരു പരീക്ഷണത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. ചെറിയൊരു മുട്ടത്തോടിൽ താമര വിരിയിച്ചെടുക്കുക എന്നത് പ്രയാസം. എട്ടാമത്തെ ശ്രമത്തിലാണ് മുട്ടത്തോടിന്റെ കുഞ്ഞു അതിരുകൾക്കുള്ളിൽ വസന്തം പൂവിട്ടത്. തൃശൂർ സ്വദേശി ലിജോ ജോൺ വികസിപ്പിച്ച ‘അക്ഷയ' താമരയുടെ റണ്ണറാണ് ഇതിനായി ഉപയോഗിച്ചത്. ലളിതമായി നടാം. മുട്ടത്തോടിന്റെ അടിയിൽ ചാണകപ്പൊടിയും അതിനുമുകളിൽ ചെറിയ അളവിൽ മണ്ണും നിറച്ച് വള്ളിവച്ചുപിടിപ്പിക്കും. കൃത്യമായ വെള്ളവും 60 ശതമാനം വരെ വെയിലും ഉറപ്പാക്കിയാണ് പരിപാലനം. കീടങ്ങളെ പ്രതിരോധിക്കാൻ നേരിയ രീതിയിൽ കീടനാശിനികളും ഉപയോഗിക്കാറുണ്ട്. മുട്ടത്തോടിൽ നട്ടുകഴിഞ്ഞാൽ പത്താം ദിവസം പൂമൊട്ട് വളർന്നുതുടങ്ങും. 21 ദിവസത്തിനുള്ളിൽ താമര വിരിയും. പരിമിത സാഹചര്യങ്ങളിലും മനസ്സുണ്ടെങ്കിൽ വസന്തം തീർക്കാമെന്ന് കൊച്ചു പരീക്ഷണത്തിലൂടെ തെളിയിച്ചിരിക്കുകയാണ് പ്രദീപ്. അമ്പതോളം ഇനം താമരകളും നാൽപ്പതിലധികം ഇനം ആമ്പലുകളും പ്രദീപിന്റെ ശേഖരത്തിലുണ്ട്. ആവശ്യക്കാർക്കായി ഇവയുടെ വിൽപ്പനയും നടത്തുന്നു.










0 comments