ad
Deshabhimani

ഇടതുപക്ഷ സിൻഡിക്കറ്റ്‌ അംഗങ്ങൾ ഇറങ്ങിപ്പോയി

ദളിത്‌ ഗവേഷകന്റെ പിഎച്ച്‌ഡി വൈകിപ്പിക്കാൻ ഹിയറിങ്‌ നീക്കം

kerala university
വെബ് ഡെസ്ക്

Published on Sep 16, 2026, 01:13 AM | 1 min read

തിരുവനന്തപുരം​: കേരള സർവകലാശാലയിലെ ദളിത്‌ വിഭാഗക്കാരനായ ഗവേഷകൻ വിപിൻ വിജയന്‌ പിഎച്ച്‌ഡി നൽകുന്നത്‌ നീട്ടിക്കൊണ്ടുപോകാൻ നിയമവിരുദ്ധ നീക്കവുമായി സിൻഡിക്കറ്റ്. ഓപ്പൺ ഡിഫൻസടക്കം വിജയകരമായി പൂർത്തിയാക്കിയ സംസ്കൃത ഗവേഷണ പ്രബന്ധത്തിൽ വീണ്ടും ഹിയറിങ്‌ നടത്താനാണ്‌ തീരുമാനം. പിഎച്ച്‌ഡി നൽകുന്നത്‌ എതിർത്ത സംസ്‌കൃത വിഭാഗം മേധാവിയും ഡീനുമായ ഡോ. സി എൻ വിജയകുമാരിയെയും ഗവേഷകനെയും വീണ്ടും കേൾക്കും.


ഗവേഷണ ബിരുദം നേടാനുള്ള എല്ലാ മാനദണ്ഡവും പാലിച്ച്‌ പൂർത്തീകരിച്ച നടപടികളാണ്‌ അട്ടിമറിക്കുന്നത്‌. വൈസ്ചാൻസലർ അംഗീകരിച്ച് നിശ്ചയിച്ച പരിശോധകരായ വിവിധ സർവകലാശാലാ പ്രൊഫസർമാർ പ്രബന്ധം പരിശോധിച്ച് ഡോക്ടറേറ്റ് ബിരുദം നൽകാൻ ശുപാർശ ചെയ്തിട്ടുമുണ്ട്. ഇതെല്ലാം കാറ്റിൽപ്പറത്തിയാണ്‌ പുതിയ തീരുമാനം. നടപടികൾ പൂർത്തിയായശേഷമാണ്‌ വിപിൻ വിജയന്‌ പിഎച്ച്‌ഡി നൽകുന്നതിനെ സി എൻ വിജയകുമാരി എതിർത്തത്‌. കടുത്ത ജാതി അധിക്ഷേപവും വിജയകുമാരി നടത്തിയതായി വിപിൻ പരാതിപ്പെട്ടിരുന്നു.


ഡോക്ടർ ബിരുദം അകാരണമായി തടഞ്ഞുവയ്ക്കുന്ന നടപടിയിൽ ഇടതുപക്ഷ സിൻഡിക്കറ്റ്‌ അംഗങ്ങൾ യോഗത്തിൽ പ്രതിഷേധിച്ചു. സർവകലാശാല തുടരുന്ന വിവേചനപരമായ നടപടികൾ അംഗീകരിക്കാനാകില്ല. നടപടികൾ അട്ടിമറിക്കുന്നത് നീതീകരിക്കാനാകില്ലെന്നും വ്യക്തമാക്കിയ ഇടതുപക്ഷ അംഗങ്ങൾ സിൻഡിക്കറ്റ്‌ യോഗത്തിൽനിന്ന്‌ ഇറങ്ങിപ്പോയി.


അതേസമയം, ദളിത്‌ ഗവേഷകനെതിരായ നീക്കം ചെറുക്കാൻ യുഡിഎഫ്, ബിജെപി സിൻഡിക്കറ്റ്‌ അംഗങ്ങൾ ഒരിടപെടലും നടത്തിയില്ല. അനീതികളിൽ യുഡിഎഫ്, ബിജെപി അംഗങ്ങൾ ഒരേ തൂവൽപ്പക്ഷികളാകുന്നത്‌ പരിതാപകരമാണെന്ന്‌ ഇടതുപക്ഷ സിൻഡിക്കറ്റ്‌ അംഗങ്ങൾ പറഞ്ഞു.


പിഎച്ച്ഡി നിഷേധിക്കൽ അപമാനകരം


തിരുവനന്തപുരം​: കേരള സർവകലാശാലയിൽ ജാതിവിവേചനം നടത്തിയ ഡീനിനെ സംരക്ഷിക്കാനും ഗവേഷകൻ വിപിൻ വിജയന്‌ പിഎച്ച്ഡി നിഷേധിക്കുന്നത്‌ തുടരാനുമുള്ള നീക്കം അപമാനകരമെന്ന്‌ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ. സംസ്കൃതത്തിലെ ഗവേഷണ തീസീസ് സമർപ്പിച്ച് ഓപ്പൺ ഡിഫൻസ് പൂർത്തിയാക്കിയ ഗവേഷകൻ പിഎച്ച്‌ഡിക്കായി മാസങ്ങളായി കാത്തിരിക്കുകയാണ്‌.


പിഎച്ച്‌ഡി നിഷേധിക്കാനുള്ള നീക്കത്തിന്‌ പിന്തുണയുമായി യുഡിഎഫ്, ബിജെപി സിൻഡിക്കറ്റ് അംഗങ്ങൾ ഒറ്റക്കെട്ടായി നിൽക്കുന്നു. രണമാറ്റത്തിന്റെ തിണ്ണമിടുക്കിലും ബിജെപി സഹായത്താൽ മതിമറന്നും സർവകലാശാലയെ തകർത്ത്‌ സ്വകാര്യ സർവകലാശാലകൾക്ക് പരവതാനി വിരിക്കാനാണ്‌ നീക്കം. ഇത്തരം ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കുമെന്ന് യൂണിയൻ ജനറൽ സെക്രട്ടറി സന്തോഷ് ജി നായർ, പ്രസിഡന്റ് എ എസ് സജിത്ഖാൻ എന്നിവർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home