ad
Deshabhimani

ഉരുക്കളിൽ ചരക്ക്‌ കയറ്റിത്തുടങ്ങി

നിരോധം നീങ്ങി; തുറമുഖം ഉണരുന്നു

Monsoon travel ban
വെബ് ഡെസ്ക്

Published on Sep 16, 2026, 01:16 AM | 1 min read

ഫറോക്ക്​

ചെറുകിട- ഇടത്തരം തുറമുഖങ്ങൾ വഴി യാത്രാ കപ്പലുകളുടെയും യന്ത്രവൽകൃത വെസലുകളുടെയും മൺസൂൺകാല യാത്രാനിരോധം അവസാനിച്ചു. നിരോധം നീങ്ങിയ ചൊവ്വ വൈകിട്ടോടെ ലക്ഷദ്വീപിലേക്കുള്ള ഉരുക്കളിൽ ചരക്ക്‌ കയറ്റിത്തുടങ്ങി. ഇതോടെ നാലുമാസത്തിനുശേഷം തുറമുഖം സജീവമാകുകയാണ്. മർക്കന്റയിൽ മറൈൻ നിയമപ്രകാരം മെയ് 15 മുതൽ സെപ്തംബർ 15 വരെയാണ് നിരോധം. ആഭ്യന്തര സുരക്ഷയുടെ പേരിൽ ലക്ഷദ്വീപുമായി ബന്ധപ്പെട്ട ചരക്ക്‌ കയറ്റിറക്കുമതിക്ക്, ദ്വീപ് തുറമുഖ വകുപ്പ് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ കരിനിഴൽ വീഴ്ത്തിയ സാഹചര്യത്തിൽ ചരക്കുനീക്കം വൈകുമെന്ന ആശങ്കയുണ്ടായിരുന്നു. ഇതുകാരണം നിരോധം അവസാനിക്കുംമുമ്പെ വെസലുകളിൽ ചരക്ക്‌ കയറ്റുന്ന പതിവുരീതിയും തെറ്റി. തുറമുഖത്ത് നേരത്തെ നങ്കൂരമിട്ട മൂന്ന്‌ ഉരുവിനും പുതിയ നിർദേശപ്രകാരമുള്ള യാത്രാനുമതി ചൊവ്വാഴ്‌ച ലഭ്യമായതായും ദ്വീപിൽ ചരക്കെത്തിയാൽ അവിടെ തുറമുഖ വകുപ്പ് എന്ത്‌ നിലപാട് സ്വീകരിക്കുമെന്ന കാര്യത്തിൽ ഇനിയും ആശങ്ക ഒഴിയുന്നില്ലെന്ന് ചരക്ക്‌ കയറ്റുമതി ഏജന്റുമാരുടെ സംഘടനാ സെക്രട്ടറി മുഹമ്മദ് റഫീഖ് പറഞ്ഞു. ​ ബേപ്പൂരിൽനിന്നാണ് ലക്ഷദ്വീപ് സമൂഹത്തിലേക്ക് ഭക്ഷ്യവസ്തുക്കൾ, കമ്പി, സിമന്റ്, കല്ല്, ഇഷ്ടിക, മെറ്റൽ, എം സാൻഡ്, മര ഉരുപ്പടി ഉൾപ്പെടെ നിർമാണ സാമഗ്രി, ഫർണിച്ചർ തുടങ്ങി എല്ലാ ചരക്കുകളും പ്രധാനമായും കയറ്റി അയക്കുന്നത്. തുറമുഖം സജീവമാകുന്നതോടെ കോഴിക്കോട്, മലപ്പുറം ജില്ലയിലെ വ്യാപാര വാണിജ്യ മേഖലയ്ക്കും വൻ നേട്ടമാണ്. കോടികളുടെ ചരക്കുകളാണ് നിത്യവും തുറമുഖംവഴി കയറ്റി അയക്കുന്നത്. ‍ഇരുനൂറോളം തുറമുഖ തൊഴിലാളികൾക്കും തൊഴിൽ ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home