നുവാൽസും കാലടി സർവകലാശാലയും വരവേറ്റു
ഉയിര്‍പ്പിന്റെ യാത്ര നയിച്ച് സെഹർ ഹാഷ്‌മി

മാനസികാരോഗ്യ സന്ദേശവുമായി രാജ്യം ചുറ്റുന്ന ബെെക്ക് യാത്രിക സെഹർ ഹാഷ്മി കളമശേരി നുവാൽസ് ക്യാമ്പസിലെ വിദ്യാർഥികൾക്കൊപ്പം
കൊച്ചി
ജീവിതത്തിന്റെ 30 വര്‍ഷം പാഴാക്കിയെന്ന് മനസ്സിലായപ്പോഴാണ് ബൈക്കുമെടുത്ത് നാടുചുറ്റാനിറങ്ങിയത്, അതിനൊപ്പം സമൂഹത്തിനും എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അതാണ് കശ്മീരില്‍നിന്ന് ഇപ്പോള്‍ കൊച്ചിവരെയെത്തി നില്‍ക്കുന്ന ബൈക്ക് റൈഡും ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന മാനസികാരോഗ്യ സംബന്ധിയായ സംവാദങ്ങളും''– കന്യാകുമാരിവരെ നീളുന്ന "ബിയോണ്ട് ദി ഹൊറൈസൺ -എ റൈഡ് ഫോർ റെസിലിയൻസ്' എന്ന ബൈക്ക് പര്യടന സംഘത്തെ നയിക്കുന്ന സെഹര്‍ ഹാഷ്മി പറയുന്നു.
മോട്ടിവേഷണൽ സ്പീക്കറും മാനസികാരോഗ്യപ്രവര്‍ത്തകയും ഫാഷന്‍ ഡിസൈനറുമാണ് സെഹര്‍. മാനസികാരോഗ്യത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക, മാനസികപിന്തുണ ആവശ്യമുള്ളവരെ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെ റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ ബൈക്കില്‍ സെഹര്‍ നടത്തുന്ന പ്രയാണം 20 നഗരങ്ങളും 33 സെഷനുകളും പിന്നിട്ടു. 7000 കിലോമീറ്റര്‍ റൈഡിനിടെ 12 സംസ്ഥാനങ്ങളിലായി 102 മാനസികാരോഗ്യ സെഷനും സംഘടിപ്പിക്കും.
തെരുവുനാടകാവതരണത്തിനിടെ കോൺഗ്രസ് അക്രമികള്‍ കൊലപ്പെടുത്തിയ സഫ്‌ദർ ഹാഷ്‌മിയുടെ അനന്തരവളാണ് സെഹർ. സഫ്‌ദർ ഹാഷ്മിയുടെ സഹോദരി ശബ്‌നം ഹാഷ്മിയുടെയും ഗൗഹർ റാസയുടെയും ദത്തുപുത്രി. ഒന്പതുമാസം പ്രായമുള്ളപ്പോള്‍ ജൈവിക മാതാപിതാക്കള്‍ ഉപേക്ഷിച്ചശേഷം ഡല്‍ഹി "പാല്‍ന'യില്‍നിന്നാണ് തന്നെ ദത്തെടുത്തതെന്ന് സെഹർ പറഞ്ഞു. ‘പോഷകാഹാരക്കുറവുള്ള കുട്ടിയായിരുന്നു, ശരീരത്തില്‍ ചര്‍മരോഗങ്ങള്‍ ഉണ്ടായി. സ്കൂള്‍കാലംമുതല്‍ മറ്റുകുട്ടികള്‍ അകറ്റിനിർത്തി. പതിനഞ്ചുവര്‍ഷത്തോളം മാനസികാരോഗ്യ മരുന്നുകള്‍ ജീവിതത്തിന്റെ ഭാഗമായി.
പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാത്തതിനാൽ സ്കൂളുകള്‍ പുറന്തള്ളി. 31 വയസ്സിനിടെ ഇരുപത്തിയഞ്ചിലധികം തവണ ആത്മഹത്യക്ക് ശ്രമിച്ചു. മാനസികാരോഗ്യം സംരക്ഷിക്കാന്‍ ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്തുപോകുന്നവരെ ഭ്രാന്തുള്ളയാള്‍ എന്നാണ് സമൂഹം വിലയിരുത്തുന്നത്. എന്നാല്‍, മെച്ചപ്പെട്ട ജീവിതത്തിന് അത് അത്യന്താപോക്ഷിതമാണെങ്കില്‍ അത് ചെയ്യണം. ഭൂതകാലം തിരുത്താന്‍ നമുക്കാവില്ല. എന്നാല്‍, ഭാവി നമുക്ക് പടുത്തുയര്‍ത്താം. അതുകൊണ്ടാണ് ബൈക്കുമെടുത്ത് ഞാന്‍ വടക്കുനിന്ന് തെക്കോട്ടിറങ്ങിയത്. പഠിച്ചും പഠിപ്പിച്ചും മുന്നേറുന്നത്– കളമശേരി നുവാൽസിലും കാലടി സർവകലാശാല ക്യാന്പസിലും കേൾക്കാനെത്തിയവരോട് സെഹര്‍ പറഞ്ഞു.
സണ്ണിലോച, അമിത് യാദവ്, ഫർഹദ് ഖാൻ, രാകേഷ് സൈനി, സമീറ അഷ്റോഫ് എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങൾ. 18 വരെ സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ 20 കേന്ദ്രങ്ങളിൽ സംവാദം നടത്തും. സ്ത്രീവിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന ‘ക്യാമ്പയിൻ പഹ്ചാൻ' സംഘടനയാണ് അഖിലേന്ത്യാതലത്തിൽ ക്യാമ്പയിന്റെ സംഘാടനം . കേരള ശാസ്ത്രസാഹിത്യ പരിഷത്തും യുവസമിതിയുമാണ് ഇവിടെ സ്വീകരണമൊരുക്കുന്നത്.ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയില്‍ നടന്ന സംവാദത്തിൽ ഡോ. സന്ധ്യാ അരവിന്ദ്, ഡോ. ജോസ് ആന്റണി, ഡോ. ജെൻസി എം എന്നിവർ സംസാരിച്ചു. ബിയോണ്ട് ദ ഹൊറൈസണ്‍ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ യുവസമിതിയുടെ നേതൃത്വത്തിൽ മട്ടാഞ്ചേരി കരിപ്പാലം ഗ്രൗണ്ടിൽനിന്ന് ഫോർട്ട്കൊച്ചി ബീച്ചിലേക്ക് ഷീ സൈക്കിളിങ് റാലി സംഘടിപ്പിച്ചു.










0 comments