Deshabhimani

തട്ടകത്തിൽ പന്ത്‌ തട്ടാൻ മാജിക്‌ എഫ്‌സി

ഫോഴ്‌സ കൊച്ചിയുമായുള്ള മത്സരത്തിന്‌ മുന്നോടിയായി പരിശീലനം നടത്തുന്ന തൃശൂർ മാജിക്‌ എഫ്‌സി താരങ്ങൾ
വെബ് ഡെസ്ക്

Published on Oct 01, 2026, 01:15 AM | 1 min read

തൃശൂർ

വിജയ വഴിയിൽ തിരിച്ചെത്താൻ തൃശൂർ മാജിക്‌ എഫ്‌സി വ്യാഴാഴ്‌ച ഹോം ഗ്ര‍ൗണ്ടായ കോർപറേഷൻ സ്‌റ്റേഡിയത്തിൽ ബൂട്ടുകെട്ടും. രാത്രി 7.30നാണ്‌ ഫോഴ്സ കൊച്ചിയുമായുള്ള മത്സരത്തിന്റെ കിക്കോഫ്‌. സൂപ്പർ ലീഗ്‌ കേരളയിൽ കഴിഞ്ഞ വർഷം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ കിരീടം തിരികെ പിടിക്കാൻ ലക്ഷ്യമിട്ട്‌ ഇറങ്ങിയ ടീമിന്‌ പക്ഷേ, ആദ്യ കളിയിൽ കാലിടറിയിരുന്നു. കഴിഞ്ഞ ഫൈനലിന്റെ തനിയാവർത്തനമായി കണ്ണൂർ വാരിയേഴ്സ്‌ എഫ്‌സിയോട്‌ ഒരു ഗോളിനായിരുന്നു തോൽവി. ഇ‍ൗ തോൽവിയിൽ നിന്നുള്ള പാഠം ഉൾക്കൊണ്ട്‌ ടീമിന്റെ തന്ത്രങ്ങളിലടക്കം മാറ്റം വരുത്തിയാണ്‌ തൃശൂർ മാജിക്‌ എഫ്‌സി സ്വന്തം ആരാധകർക്ക്‌ മുന്നിൽ പന്ത്‌ തട്ടാനിറങ്ങുന്നത്‌. ഒരു വിദേശ താരത്തെ മാത്രം ആദ്യ 11ൽ ഉൾപ്പെടുത്തിയാണ്‌ ടീം കഴിഞ്ഞ മത്സരം കളിച്ചത്‌. പ്രതിരോധനിരയിൽ വെനസ്വേലൻ താരം ഹെൻട്രി പ്ലാസ മെൻഡോസയാണ്‌ കളിച്ചത്‌. എന്നാൽ കൂടുതൽ വിദേശ താരങ്ങളെ ഇറക്കിയായിരിക്കും സ്‌പാനിഷ്‌ പരിശീലകൻ ഡേവിഡ്‌ കനേഡ ടീമിനെ ഒരുക്കുന്നത്‌. പ്രതിരോധ നിരയിലുണ്ടായ പോരായ്‌മകൾ പരിഹരിച്ച്‌ മധ്യനിര കൂടുതൽ ശക്തിപ്പെടുത്തും. ക്യാപ്‌റ്റൻ ലെനി റോഡിഗ്രസിന്റെ നേതൃത്വത്തിൽ മധ്യനിരയിൽനിന്ന്‌ കൂടുതൽ ആക്രമണത്തിന്‌ ടീം കളമൊരുക്കും. കഴിഞ്ഞ കളിയിൽ മിന്നും ഫോമിലായിരുന്ന ഗോൾകീപ്പർ കുന്നംകുളം സ്വദേശി കമാലുദീന്റെ മികവ്‌ ടീമിന്‌ കൂടുതൽ കരുത്താകും. കഴിഞ്ഞ സീസണിൽ നിരാശപ്പെടുത്തിയ കൊച്ചി ഇത്തവണ ജയിച്ചാണ്‌ തുടങ്ങിയത്‌. ആദ്യ കളിയിൽ മലപ്പുറം എഫ്സിയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കൊച്ചിയുടെ വരവ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home