Deshabhimani

print edition ബ്രസ‍ീൽ വരുന്നു

Brazil

കൊല്‍ക്കത്തയില്‍ പരിശീലനം നടത്തുന്ന ഇന്ത്യന്‍ ഫുട്ബോള്‍ ടീം |ഫോട്ടോ: പി വി സുജിത്

avatar
പ്രദീപ്‌ ഗോപാൽ

Published on Oct 01, 2026, 01:47 AM | 1 min read

കൊൽക്കത്ത : ഇതാ, ബ്രസീൽ കൺമുന്നിലെത്തുന്നു. ഇന്ത്യൻ ഫുട്‌ബോളിന്റെ ചരിത്രനിമിഷം. സ‍ൗഹൃദ ഫുട്‌ബോൾ കളിക്കാൻ ഇന്ന്‌ വൈകുന്നേരമാണ്‌ കാർലോ ആൻസെലോട്ടിയും സംഘവും കൊൽക്കത്തയിൽ എത്തിച്ചേരുക. ഓസ്‌ട്രേലിയയുമായുള്ള സ‍ൗഹൃദ മത്സരം പൂർത്തിയാക്കി നീണ്ട 11 മണിക്കൂർ യാത്ര.


നാളെ ടീം പരിശീലനത്തിന്‌ ഇറങ്ങും. ശനിയാഴ്‌ചയാണ്‌ കളി. റാങ്കിങ്‌ പട്ടികയിൽ ആറാമതാണ്‌ ബ്രസീൽ. ഇന്ത്യ 138–ാമതും. 1992ൽ റാങ്കിങ്‌ സന്പ്രദായം ഏർപ്പെടുത്തിയശേഷം ആദ്യമായാണ്‌ ഇത്രയും മുന്തിയ റാങ്കുകാരുമായി ഇന്ത്യ കളിക്കുന്നത്‌. ആറിന്‌ മുൻ ലോക ചാന്പ്യൻമാരായ ഉറുഗ്വായ്‌മായും കളിക്കും. ടീം കൊൽക്കത്തയിലെത്തി.


പാനമയുമായുള്ള മത്സരത്തിനുശേഷം കൊൽക്കത്തയിലെത്തിയ ഇന്ത്യൻ ടീം കഴിഞ്ഞ ദിവസം പരിശീലനത്തിന്‌ ഇറങ്ങി. പാനമയ്‌ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തതിന്റെ ആത്മവിശ്വാസം ഖാലിദ്‌ ജമീലിനും സംഘത്തിനുമുണ്ട്‌. ബ്രസീൽ സംഘത്തിൽ വിനീഷ്യസ്‌ ജൂനിയർ, ബ്രൂ‍ണോ ഗുയ്‌മറസ്‌, എൻഡ്രിക്‌, മാർക്വിന്യോസ്‌, ഗബ്രിയേൽ മഗാലിയസ്‌, റയാൻ, ഡാനിലോ എന്നിവർക്കൊപ്പം ഒരു പിടി നവാഗതരും ടീമിലുണ്ട്‌. ​


വിനീഷ്യസിന്റെ പ്രകടനത്തിൽ 
ആശങ്കയില്ല: ആൻസെലോട്ടി


മോശം പ്രകടനം തുടരുന്ന മുന്നേറ്റക്കാരൻ വിനീഷ്യസ്‌ ജൂനിയറിന്‌ പൂർണ പിന്തുണയുമായി പരിശീലകൻ കാർലോ ആൻസെലോട്ടി.

സ്‌പാനിഷ്‌ ക്ലബ്‌ റയൽ മാഡ്രിഡിലും ദേശീയ കുപ്പായത്തിലും വിനീഷ്യസ്‌ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല.


വേഗം കുറഞ്ഞു. സഹതാരങ്ങളുമായുളള ഒത്തിണക്കവും നഷ്ടപ്പെട്ടു. ‘വിനീഷ്യസിന്റെ കാര്യത്തിൽ അൽപ്പം കൂടി ക്ഷമ വേണം. വിനീഷ്യസിനെ എനിക്ക്‌ കൃത്യമായി അറിയാം. ബ്രസീലിന്റെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനാണ്‌– ആൻസെലോട്ടി പറഞ്ഞു.


റഫീന്യ ഇന്ത്യയിലേക്കില്ല


ബ്രസീൽ വിങ്ങർ റഫീന്യ ഇന്ത്യയുമായുള്ള സൗഹൃദ ഫുട്ബോളിൽ കളിക്കില്ല. ഓസ്ട്രേലിയക്കെതിരായ കളിക്കിടെ മുന്നേറ്റക്കാരന് കാലിന് പരിക്കേറ്റിരുന്നു. രണ്ടാം പകുതിയിൽ കോച്ച് കാർലോ ആൻസലോട്ടി ബാഴ്‌സലോണ താരത്തെ ഇറക്കിയില്ല.


ബാഴ്‌സയ്‌ക്കായി ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് റഫീന്യ പുറത്തെടുത്തത്. എട്ടു കളിയിൽ പതിനാല് ഗോളാണ് അടിച്ചു കൂട്ടിയത്. ഓസ്‌ട്രേലിയയിൽനിന്ന്‌ താരം ബാഴ്‌സലോണയിലേക്ക്‌ മടങ്ങി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home