നിലമൊരുക്കാൻ കക്കയും വിതയ്ക്കാൻ വിത്തുമില്ല
പുഞ്ചകൃഷി പ്രതിസന്ധിയിൽ

ഗോകുൽ ഗോപി
Published on Oct 01, 2026, 01:53 AM | 2 min read
ആലപ്പുഴ
പുഞ്ചക്കൃഷിക്ക് നിലമൊരുക്കേണ്ട സമയമായിട്ടും കക്കയും വിതയ്ക്കാനുള്ള നെല്ലും ഉറപ്പാകാത്തത് കർഷകരെ ആശങ്കയിലാക്കുന്നു. വിതയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ വിത്തുവിതരണത്തിലെ അനിശ്ചിതത്വമാണ് പ്രധാന പ്രതിസന്ധി. നിലമൊരുക്കുന്നതിന് ആവശ്യമായ കക്ക എന്ന് ലഭിക്കുമെന്നതിലും കൃഷി വകുപ്പിന് വ്യക്തതയില്ല. സർക്കാർ അടിയന്തരമായി ഇടപെട്ട് വിത്തും കക്കയും ഉറപ്പാക്കണമെന്നാണ് കർഷകരുടെ ആവശ്യം. ജില്ലയിലെ ഭൂരിഭാഗം കർഷകരും പുഞ്ചക്കൃഷിക്ക് ഉപയോഗിക്കുന്നത് ‘ഉമ’ വിത്താണ്. സർക്കാർ കേരള സീഡ് കോർപറേഷൻ വഴിയാണ് വിത്ത് വിതരണം. എന്നാൽ സർക്കാർ വിത്ത് സമയത്ത് ലഭ്യമാകാതെ വരുമ്പോൾ സ്വകാര്യ ഏജൻസികളിൽനിന്ന് വിത്ത് വാങ്ങാനാണ് കർഷകർക്ക് പലപ്പോഴും നിർദേശം ലഭിക്കുന്നത്. സ്വകാര്യ ഏജൻസികൾ പ്രധാനമായും കർണാടക സീഡ് അതോറിറ്റിയുടെ വിത്താണ് വിതരണംചെയ്യുന്നത്. വിത്തുവിതരണത്തിലെ കാലതാമസം ഒഴിവാക്കാൻ കർഷകർക്ക് ഇഷ്ടമുള്ള ഏജൻസികളിൽനിന്ന് ഗുണമേന്മയുള്ള വിത്ത് വാങ്ങാൻ അനുമതി നൽകണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ട്. പഞ്ചായത്തുകളുടെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെ പൂർണമായും സൗജന്യമായാണ് വിത്ത് വിതരണം. ഒരേക്കറിന് 40 കിലോ വിത്താണ് നൽകുന്നത്. എന്നാൽ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ മണ്ണിലെ പുളിരസം കൂടതലായതിനാൽ 40 കിലോ വിതച്ചാൽ ആവശ്യത്തിന് ഞാറ് ലഭിക്കാറില്ല. അതിനാൽ ഒരേക്കറിന് 45 മുതൽ 50 കിലോ വരെ വിത്ത് ആവശ്യമായി വരും. അധികമായി വേണ്ട വിത്ത് കർഷകർ പുറത്തുനിന്ന് അമിതവിലയ്ക്ക് വാങ്ങേണ്ട സ്ഥിതിയാണ്. ഒക്ടോബർ 15ന് ആരംഭിക്കുന്ന പുഞ്ചവിത ജനുവരി 15 വരെ തുടരും. ഓരോ പ്രദേശത്തും വിത എപ്പോൾ നടക്കുമെന്ന് കൃഷിഭവനുകൾ മുൻകൂട്ടി തിട്ടപ്പെടുത്തി അതനുസരിച്ച് വിത്ത് സമയബന്ധിതമായി എത്തിച്ചാൽ പ്രതിസന്ധി ഒഴിവാക്കാനാകും. 2049 ടൺ വിത്തിനായി കേരള സീഡ് കോർപറേഷനിൽ അപേക്ഷിച്ചിട്ടുണ്ടെന്നാണ് കൃഷി വകുപ്പ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഇത് എന്നു ലഭിക്കുമെന്നതിലും കർഷകർക്ക് എന്ന് കൈമാറുമെന്നതിലും വ്യക്തതയില്ല.
ഉടൻ ലഭ്യമാക്കണം: കർഷകസംഘം
പുഞ്ചകൃഷി ആരംഭിക്കുന്നതിനാവശ്യമായ വിത്തും കക്കയും സമയബന്ധിതമായി എത്തിച്ച് വിതരണം ചെയ്യണമെന്ന് കർഷകസംഘം ജില്ലാ കമ്മിറ്റി അറിയിച്ചു. സർക്കാർ അലംഭാവം കാരണമുണ്ടായ വെള്ളപ്പൊക്കത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായ കർഷകർക്ക് ഇതുവരെയും നഷ്ടപരിഹാരം നൽകിയിട്ടില്ല. പുഞ്ചക്കൃഷിയിലൂടെ നഷ്ടം പരിഹരിക്കാനാണ് മിക്ക കർഷകരും ശ്രമിക്കുന്നത്. അതിനായി നിലം ഒരുക്കൽ ആരംഭിക്കണം. യഥാസമയം കക്കയും വിത്തും ലഭിക്കാത്ത പക്ഷം വിളവിൽ വൻ കുറവുണ്ടാകും. കർഷകരുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കർ, സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ അറിയിച്ചു.
കക്ക വിതരണം ; 4000 ഹെക്ടറിലേക്ക് ചുരുക്കി
പുഞ്ചക്കൃഷിക്ക് മുന്നോടിയായി കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ നിലമൊരുക്കുമ്പോൾ കക്ക ഉപയോഗിക്കുന്നത് പതിവാണ്. മണ്ണിലെ അമ്ലത കുറയ്ക്കുന്നതിനും മണ്ണിന്റെ ഘടന മെച്ചപ്പെടുത്തുന്നതിനും കക്കയിൽ അടങ്ങിയ കാൽസ്യം ഉൾപ്പടെ ഘടകങ്ങൾ സഹായിക്കും. അതിനാൽ പാടശേഖരത്തിന്റെ മണ്ണിന്റെ സ്വഭാവം അനുസരിച്ച് കക്ക ചേർത്താണ് പല കർഷകരും നിലമൊരുക്കുന്നത്. കഴിഞ്ഞ വർഷം 6000 ഹെക്ടറിനുള്ള കക്കയാണ് കൃഷിവകുപ്പ് വിതരണംചെയ്‌തത്. എന്നാൽ ഇത്തവണ 4000 ഹെക്ടറായി സർക്കാർ കുറച്ചു. ആവശ്യത്തിന് കക്ക ലഭിക്കാതെയായാൽ മണ്ണിന്റെ അമ്ലത ക്രമീകരിക്കുന്നതടക്കം നിലമൊരുക്കൽ പ്രവർത്തനങ്ങളെ ഇത് ബാധിക്കും, ഇത് പുഞ്ചക്കൃഷി ഉൽപ്പാദനം കുറയ്ക്കും. കക്കയ്ക്കുപുറമേ മറ്റു വസ്തുക്കൾ ഉപയോഗിക്കേണ്ടിവരുന്നത് കർഷകർക്ക് അധിക ചെലവുണ്ടാക്കും








0 comments