അപേക്ഷകൾ പഞ്ചായത്ത് ഓഫീസിൽ കെട്ടിക്കിടക്കുന്നു

മങ്കൊമ്പ്
കുട്ടനാടിനെ ദുരിതത്തിലാഴ്‌ത്തിയ പ്രളയശേഷം ഒന്നരമാസമായിട്ടും അടിയന്തര ധനസഹായ അപേക്ഷകൾ തലവടി പഞ്ചായത്ത് ഓഫീസിൽ കെട്ടിക്കിടക്കുന്നു. ആഗസ്‌ത് ആറിന് മുഖ്യമന്ത്രി പ്രഖ്യാപിച്ച ദുരിതാശ്വാസ ഫണ്ടിന് നൽകിയ ആയിരക്കണക്കിന് അപേക്ഷകളാണിവ. വീടുകളിൽ വെള്ളംകയറിയവർക്ക് 10,000 രൂപ ലഭിക്കുന്നതിനും സൂക്ഷ്‌മ ചെറുകിട ഇടത്തരം വാണിജ്യ സ്ഥാപനങ്ങളിൽ വെള്ളംകയറിയവർക്ക് 10,000 രൂപ നൽകുന്നതിനും വെള്ളപ്പൊക്കംമൂലം ജോലിക്ക് പോകാൻ കഴിയാത്ത ഒരു റേഷൻകാർഡിലെ രണ്ട് പേർക്ക് ഏഴ് ദിവസം 300 രൂപ വീതം കിട്ടുന്നതിനുമുള്ള അപേക്ഷകളാണ് സ്വീകരിക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം നൽകിയത്. 300 രൂപ വീതം ഏഴ് ദിവസം ലഭിക്കുന്നതിന് ദുരന്തബാധിതർ നൽകിയ അപേക്ഷകളും വാണിജ്യസ്ഥാപനങ്ങൾക്ക് 10,000 രൂപ ലഭിക്കുന്നതിനുള്ള അപേക്ഷകളും നാളിതുവരെ പരിശോധിക്കുകയോ തുടർപ്രവർത്തനം നടത്തുകയോ ചെയ്‌തിട്ടില്ല. വീടുകളിൽ പ്രളയദുരിതാശ്വാസമായി 10,000 രൂപ ലഭിക്കുന്ന 4700 അപേക്ഷ തലവടി വില്ലേജ് ഓഫീസിൽനിന്ന് കലക്‌ടറേറ്റിലേക്ക് അയച്ചിട്ട് ഏതാനുംപേർക്ക് മാത്രമാണ് പണം ലഭിച്ചത്. പഞ്ചായത്തിലും വില്ലേജിലും ലഭിച്ച മുഴുവൻ അപേക്ഷകളും അടിയന്തരമായി കലക്‌ടറേറ്റിൽ എത്തിച്ച് പ്രളയ ദുരിതബാധിതർക്ക് പണം ലഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐ എം തലവടി തെക്ക് ലോക്കൽ സെക്രട്ടറി എം കെ സജി ആവശ്യപ്പെട്ടു.








0 comments