വെള്ളപ്പൊക്ക ദുരിതാശ്വാസ നിഷേധം
താക്കീതായി താലൂക്ക് ഓഫീസ് മാർച്ച്

വെള്ളപ്പൊക്ക ദുരിതാശ്വാസ നിഷേധത്തിനെതിരെ സിപിഐ എം തകഴി, കുട്ടനാട് ഏരിയ കമ്മിറ്റികൾ സംഘടിപ്പിച്ച താലൂക്ക് ഓഫീസ് മാർച്ചും ധർണയും സംസ്ഥാന കമ്മിറ്റി അംഗം കെ പ്രസാദ് ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
വെള്ളപ്പൊക്കത്തിൽ കടുത്തദുരിതം നേരിട്ട് രണ്ടുമാസമായിട്ടും അടിയന്തര ധനസഹായം നൽകാത്ത യുഡിഎഫ് സർക്കാരിനെതിരെ കുട്ടനാടിന്റെ രോഷം ആളിക്കത്തി. സിപിഐ എം സംഘടിപ്പിച്ച താലൂക്ക് ഓഫീസ് മാർച്ചിൽ ദുരിതബാധിതരടക്കം നുറുകണക്കിനാളുകൾ പങ്കെടുത്തു. അപേക്ഷ നൽകിയ 48,000 കുടുംബത്തിൽ പകുതി പേർക്ക് മാത്രമാണ് 5000 രൂപയെങ്കിലും ലഭിച്ചത്. വെള്ളംകയറിയ വീടുകൾ താമസയോഗ്യമാക്കാനാണ് അടിയന്തര സഹായം. ക്യാമ്പിൽനിന്ന് തിരികെ വീട്ടിലെത്തുമ്പോൾ ദുരിതാശ്വാസതുകയും ലഭിക്കുമെന്നായിരുന്നു വി ഡി സതീശന്റെ വാഗ്ദാനം. ക്യാമ്പിൽ കഴിയുന്ന കുടുംബത്തിലെ രണ്ട് പേർക്ക് 300 രൂപ വീതം നൽകുന്നതിനും നടപടിയായില്ല. കൃഷിനാശ ധനസഹായവും സൗജന്യ വിത്തും വളവും ഉടൻ നൽകണമെന്ന് മാർച്ച് ആവശ്യപ്പെട്ടു. തകഴി, കുട്ടനാട് ഏരിയാ കമ്മിറ്റികൾ സംഘടിപ്പിച്ച മാർച്ചും ധർണയും സംസ്ഥാന കമ്മിറ്റി അംഗം കെ പ്രസാദ് ഉദ്ഘാടനംചെയ്തു. കുട്ടനാട് ഏരിയ സെക്രട്ടറി സി പി ബ്രീവൻ അധ്യക്ഷനായി. തകഴി ഏരിയ സെക്രട്ടറി കെ എസ് അനിൽകുമാർ, കെ കെ ഷാജു, കെ കെ അശോകൻ, ജി ഉണ്ണികൃഷ്‌ണൻ എന്നിവർ സംസാരിച്ചു.








0 comments