Deshabhimani

മുന്തിരിപ്പൂവിൻ വർണജാലം

munthiripoovin varnajaalam

വെള്ളൂർ ചെറുകുന്നിൽ മുന്തിരി തോട്ടത്തിൽ സഹോദരങ്ങളായ കെ ബി രാജനും കെ ബി മനോജും

വെബ് ഡെസ്ക്

Published on Oct 01, 2026, 02:52 AM | 1 min read

പാമ്പാടി പച്ചപ്പ് നിറഞ്ഞുനിൽക്കുന്ന പന്തലുകളിൽ നിറയെ കായ്ച്ചുനിൽക്കുന്ന മുന്തിരിക്കുലകൾ. മുന്തിരിപ്പന്തലിനു താഴെ മഞ്ഞയും ഓറഞ്ചു നിറങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ചെണ്ടുമല്ലിപ്പൂക്കൾ. പാമ്പാടി ചെറുകുന്നിലേക്ക് ചെന്നാൽ ഇ‍‍ൗ മനോഹരക്കാഴ്ച നേരിട്ട്‌ കാണാം. ​കഠിനാധ്വാനത്തിന്റെയും പ്രതിരോധത്തിന്റെയും പുതിയ ഏടുകൾ രചിച്ച് പുത്തൻ കാർഷിക മാതൃക തീർക്കുകയാണ് തടിപ്പറമ്പിൽ കെ ബി മനോജ്. രണ്ടേക്കർ സ്ഥലം പാട്ടത്തിനെടുത്താണ് വേറിട്ട കാർഷിക മാതൃകയ്ക്ക് വിത്തിട്ടത്. ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടെങ്കിലും പരീക്ഷണം വീണ്ടും തുടർന്നു. എട്ട് കമ്പോഡിയൻ ഇനം മുന്തിരിത്തൈകളിലാണ് ഈ വിജയയാത്രയ്ക്ക് തുടക്കക്കമിട്ടത്. ​ഓരോ കുഴിയിലും വേപ്പിൻപിണ്ണാക്കും ചാണകവും എല്ലുപൊടിയും സമന്വയിപ്പിച്ചുള്ള ജൈവവളപ്രയോഗത്തിലൂടെയാണ് തൈകൾ വളർത്തിയെടുത്തത്. ഒരു കുലയിൽ മാത്രം നാല് കിലോഗ്രാമോളം തൂക്കമുള്ള മുന്തിരിപ്പഴങ്ങളാണ് വിളഞ്ഞുനിൽക്കുന്നത്. മുന്തിരിക്ക് പുറമെ ഡ്രാഗൺ ഫ്രൂട്ട്, പേര, വിവിധ പച്ചക്കറികൾ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. സഹോദരൻ രാജന്റെ അനുഭവ സമ്പത്തും നിർദേശങ്ങളുമാണ് മനോജിന്റെ പ്രധാന പിന്തുണ. കുടുംബശ്രീയുടെ ജെഎൽജി മാവർണ ഗ്രൂപ്പിലെ അംഗങ്ങളായ സുബിന, അശ്വാങ്കന, ലത, കാർത്തിക എന്നിവർ സഹായത്തിനായി ഒപ്പമുണ്ട്‌. ഇവരുടെ നേതൃത്വത്തിലാണ്‌ ചെണ്ടുമല്ലി കൃഷി. തോട്ടം കാണാൻ വിവിധയിടങ്ങളിൽനിന്ന്‌ നിരവധി പേരാണ്‌ എത്തുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home