Deshabhimani

‘പെരിയ പോളത്താളി’ കൊടക്കാടും

പിലിക്കോട് പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി പെരിയ പോളത്താളി സംരക്ഷണത്തിനായി 
സംഘടിപ്പിച്ച കൂട്ടായ്മയിൽനിന്ന്‌
വെബ് ഡെസ്ക്

Published on Oct 01, 2026, 03:00 AM | 2 min read

പിലിക്കോട് പെരിയ പോളത്താളി എന്ന അപൂർവ ജല സസ്യത്തിന് കരുതലായി പിലിക്കോട് പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി. അതീവ ഗുരുതര വംശ നാശ ഭീഷണി നേരിടുന്ന ജല സസ്യമാണ് പെരിയ പോളത്താളി. പെരിയ ഉൾപ്പെടെ ലോകത്ത് ആറിടത്ത് മാത്രം കാണപ്പെടുന്ന ഈ സസ്യത്തെ പിലിക്കോട് പാടിക്കീൽ അയ്യങ്ങാകുളത്തിനിടത്ത് കണ്ടെത്തിയതോടെയാണ് പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി സംരക്ഷണ പ്രവർത്തനവും പഠനവും നടത്താൻ തീരുമാനിച്ചത്. ‘ക്രൈനം മലബാറിക്കം’ എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന പെരിയ പോളത്താളി വടക്കേ മലബാറിലെ അപൂർവം ഗ്രാമങ്ങളിൽ മാത്രമേയുള്ളൂ. അൽഷിമേഴ്‌സ് (മറവി രോഗം), ഡിമെൻഷ്യ, പാർക്കിൻസൺസ് എന്നീ രോഗങ്ങൾക്കുള്ള ഔഷധ നിർമാണത്തിന് ഉപയോഗിക്കുന്ന ഗാലന്തമൈൻ എന്ന രാസ സംയുക്തത്തിന്റെ സാന്നിധ്യം പോളത്താളിയുടെ കിഴങ്ങുകളിൽ അടങ്ങിയിട്ടുണ്ടെന്ന ശാസ്ത്രീയ കണ്ടെത്തലുകളാണ് ഈ സസ്യത്തെ ശ്രദ്ധേയമാക്കുന്നത്. ജില്ലാ പഞ്ചായത്ത് ജില്ലയുടെ ഔദ്യോഗിക സസ്യമായി ഇതിനെ പ്രഖ്യാപിച്ചിട്ടുണ്ട്. മനോഹരമായ പൂക്കളുള്ള ഇവ പെരിയയിൽ മഹാരാഷ്ട്രയിലെ കോലാപൂർ സർവകലാശാലയിലെ ഗവേഷകരാണ് ലോകത്തിന് പരിചയപ്പെടുത്തിയത്. തുടർന്ന് ചെടിക്ക് പെരിയ പോളത്താളി എന്ന പേര് ലഭിച്ചു. കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ശാസ്ത്രാധ്യാപിക കെ പി സിന്ധു, വിദ്യാർഥികളായ കെ വി ഗൗതം, നിവേദ് സുരേഷ് എന്നിവർ ഗവേഷണ പഠനത്തിന്റെ ഭാഗമായി പാടിക്കീലിലെത്തി. ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ പൂക്കള മത്സരത്തിൽ നല്ല മണമുള്ള ഒരു അപൂർവ പൂവിന്റെ ഉറവിടം തേടിയുള്ള യാത്രയാണ് പെരിയ പോളിത്താളിയുടെ കൊടക്കാട്ടെ സാന്നിധ്യം കണ്ടെത്തിയത്. കൊടക്കാട് പാടിക്കീൽ അയ്യങ്ങാകുള പരിസരത്ത്‌ സംഘടിപ്പിച്ച പെരിയ 'പോളത്താളി: പഠനവും സംരക്ഷണവും കൂട്ടായ്മയിൽ പഞ്ചായത്ത്‌ സ്ഥിരം സമിതി ചെയർമാൻ എം കെ ഹരിദാസ് അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി വി മധുസൂദനൻ, അധ്യാപിക കെ പി സിന്ധു, വിദ്യാർഥികളായ കെ വി ഗൗതം, നിവേദ് സുരേഷ് എന്നിവർക്ക് സാക്ഷ്യ പത്രം വിതരണംചെയ്തു. പഞ്ചായത്തംഗം സി സന്ധ്യ ഉപഹാരം നൽകി. കൊടക്കാട് നാരായണൻ, ടി കാഞ്ചന, കെ ശശിധരൻ അടിയോടി എന്നിവർ സംസാരിച്ചു. ടി വി ശ്രീധരൻ സ്വാഗതവും പ്രദീപ് കൊടക്കാട് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home