മൃഗ ഡോക്ടറില്ല; ക്ഷീര കർഷകർ പ്രതിസന്ധിയിൽ

രാജപുരം രാജപുരം മൃഗാശുപത്രിയിൽ ഡോക്ടറില്ലാതായിട്ട് നാലുമാസം കഴിഞ്ഞു. മലയോരത്തെ നൂറുകണക്കിന് ക്ഷീരകർഷകരാണ് പ്രതിസന്ധിയിലായത്. പശുക്കൾക്കുണ്ടാവുന്ന വിവിധ രോഗങ്ങൾക്ക് ചികിത്സ ലഭ്യമാക്കാനാവാത്ത അവസ്ഥയാണ് നിലവിൽ. കള്ളാർ പഞ്ചായത്തിലെ കൊട്ടോടി, രാജപുരം, മാലക്കല്ല് എന്നിവിടങ്ങളിലെ ക്ഷീരോൽപാദക സഹകരണ സംഘങ്ങളിൽ പാൽ അളക്കുന്ന നൂറുകണക്കിന് ക്ഷീര കർഷകരുണ്ട്. ഇവിടെ നിരവധി വീടുകളിൽ പശു, ആട്, പോത്ത്, എരുമ, കോഴി, മറ്റ് വളർത്തുമൃഗങ്ങൾ എന്നിവയുണ്ട്. കുളമ്പ് രോഗത്തിനുള്ള പ്രതിരോധ കുത്തിവയ്‌പ്പും മറ്റു മൃഗങ്ങൾക്കുണ്ടാവുന്ന രോഗങ്ങൾക്കും മരുന്നുനൽകാൻ ഡോക്ടറില്ലാത്ത അവസ്ഥ കാരണം കിലോമീറ്ററുകൾക്ക് അപ്പുറത്തുള്ള മൃഗാശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് കർഷകർ. ക്ഷീര കർഷകർക്ക് ലഭിക്കേണ്ട നിരവധി ആനുകൂല്യങ്ങൾക്ക് ഡോക്ടറുടെ സേവനം ആവശ്യമാണ്. ആവശ്യത്തിന് മരുന്നില്ലാത്തതും കർഷകർക്ക് വലിയ പ്രയാസമാണുണ്ടാക്കുന്നത്.








0 comments