Deshabhimani

പുനരാരംഭിക്കാൻ നടപടിയില്ല പൂടംകല്ല് താലൂക്കാശുപത്രി എക്സ്-റേ യൂണിറ്റ് അടച്ചുപൂട്ടിയിട്ട്‌ മൂന്ന്‌ മാസം

പൂടംകല്ല് താലൂക്കാശുപത്രിയിലെ എക്സ്-റേ യൂണിറ്റ് അടച്ചുപൂട്ടിയ നിലയിൽ
വെബ് ഡെസ്ക്

Published on Oct 01, 2026, 03:00 AM | 1 min read

രാജപുരം പൂടംകല്ല് താലൂക്കാശുപത്രി എക്സ്-റേ യൂണിറ്റ് അടച്ചുപൂട്ടി മാസം മൂന്ന് കഴിഞ്ഞു. തുറക്കാനുള്ള നടപടി ഇതുവരെയായില്ല. നിലവിലുള്ള ടെക്നീഷ്യനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മലയോരമേഖലയിലെ രോഗികളുടെ ഏകാശ്രയമായ താലൂക്കാശുപത്രിയിക്കാണ്‌ ഇ‍ൗ അവസ്ഥ. എക്‌സറേ യൂണിറ്റ്‌ പ്രവർത്തനമാരംഭിക്കാനുള്ള ഒരു നടപടിയും ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടില്ല. നിത്യവും നൂറുകണക്കിന് രോഗികൾ എത്തുന്ന താലൂക്കാശുപത്രിയുടെ അവസ്ഥ ദയനീയമാണ്. ഡോക്ടറില്ലാത്തതിന്റെപേരിൽ രാത്രികാല ഒപി നാലു മാസം നിർത്തിവച്ചെങ്കിലും താൽക്കാലിക ഡോക്ടറെ നിയമിച്ച്‌ കഴിഞ്ഞ ദിവസം ചികിത്സ ആരംഭിക്കുകയായിരുന്നു. 20 വർഷംമുമ്പ് സ്ഥാപിച്ച എക്സ്-റേ മെഷീൻ പണിമുടക്കിയതാണ് യൂണിറ്റ്‌ മുടങ്ങാൻ കാരണം. മെഷീന്റെ കാലപ്പഴക്കംകാരണം എക്സറേ കൃത്യമല്ല എന്ന പരാതിയും ഉയർന്നിരുന്നു. അറ്റകുറ്റപ്പണിനടത്തി ഇതുവരെ എക്സ്-റേ പ്രവർത്തിച്ചെങ്കിലും ഇതുപയോഗിച്ച് ഇനി എക്സ്-റേ എടുക്കാൻ കഴിയില്ലെന്ന്‌ വിദഗ്ധരായ ടെക്നീഷ്യൻമാർ അറിയിച്ചതോടെയാണ് യൂണിറ്റ് അടച്ചുപൂട്ടിയത്. ഇവിടെയുണ്ടായിരുന്ന ടെക്നീഷ്യനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇനി എക്സറേ യൂണിറ്റ് പ്രവർത്തനം ആരംഭിക്കണമെങ്കിൽ പുതിയ മെഷീൻ വാങ്ങണം. ഇതിന്‌ ബന്ധപ്പെട്ടവർ നിരവധി തവണ ആരോഗ്യവകുപ്പിനെ എഴുതി അറിയിച്ചെങ്കിലും പുതിയ മെഷീൻ അനുവദിക്കാൻ ഇതുവരെ തയ്യാറായില്ല. വാഹനാപകടം ഉൾപ്പെടെ സംഭവിച്ച് ദിവസവും നിരവധിപേരാണ് എക്സ്-റേയെടുക്കാൻ ആശുപത്രിയിലെത്തുന്നത്‌. മലയോരമേഖലയിലെ ആകെയുള്ള സർക്കാർ ആശുപത്രിയിൽ എക്സ്-റേ യൂണിറ്റ് അടച്ചുപൂട്ടിയിട്ട് മാസങ്ങളായിട്ടും തുറന്നുപ്രവർത്തിക്കാനുള്ള നടപടിയില്ലാത്തത്‌ വലിയ പ്രതിഷേധത്തിന് കാരണമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home