നടപ്പാതകൾ കാട് പിടിച്ചു; നോക്കുകുത്തിയായി കൊടകര പഞ്ചായത്ത്

"ഐ ലവ് കൊടകര' എന്ന ബോർഡ് സ്ഥാപിച്ച നടപ്പാത കാട്പിടിച്ചതിനാൽ പ്രധാന റോഡിലൂടെ നടന്ന് പോകുന്ന യാത്രക്കാരി
കൊടകര
കൊടകര പഞ്ചായത്തിലെ ടൗൺ പ്രദേശത്തെ പ്രധാന നടപ്പാതകളെല്ലാം വഴിയാത്രക്കാർക്ക് സഞ്ചരിക്കാനാവാത്ത വിധം കാട് പിടിച്ചു. പഞ്ചായത്ത് ഓഫീസിൽനിന്ന് 100 മീറ്റർ അകലെ മാത്രമുള്ള കോടാലി റോഡിലും ശാന്തി ആശുപത്രി റോഡിലുമാണ് കൈവരിവച്ചുള്ള നടപ്പാതകൾക്കുള്ളിൽ കാടായി മാറിയിരിക്കുന്നത്. ടൗണിലെ വാഹനതിരക്ക് മൂലം റോഡുകളെ ആശ്രയിക്കാതെ സുരക്ഷിത യാത്രയ്ക്ക് കാൽനടക്കാർ ആശ്രയിക്കുന്ന നടപ്പാതകൾ നശിക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമാണ്. മികച്ച രീതിയിൽ ശുചിത്വ മേഖലയിൽ പ്രവർത്തിച്ചതിലൂടെ മുൻ എൽഡിഎഫ് ഭരണസമിതിയുടെകാലത്ത് ഈ രംഗത്ത് ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് മൂന്നാം സ്ഥാനവും ലഭിച്ച കൊടകര പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നതോടെ ശുചിത്വ-മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ താറുമാറായിരിക്കയാണ്. കഴിഞ്ഞ ഭരണസമിതി നടപ്പാക്കിയപോലെ ദൈനം ദിന ശുചീകരണവും മെഗാ ക്ലീനിങ് പദ്ധതികളും നടപ്പാക്കണമെന്നാണ് യാത്രക്കാരും വ്യാപാരികളും ആവശ്യപ്പെടുന്നത്. പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്റെ വാർഡിൽതന്നെയാണ് ഈ അവസ്ഥ വന്നിരിക്കുന്നത്.









0 comments