ad
Deshabhimani

കൊണ്ടാഴി–കുത്താമ്പുള്ളി പാലം

സ്വപ്നപദ്ധതിക്ക് 
പൂര്‍ത്തീകരണം

പണിപൂര്‍ത്തീകരിച്ച കൊണ്ടാഴി–കുത്താമ്പുള്ളി പാലം

പണിപൂര്‍ത്തീകരിച്ച കൊണ്ടാഴി–കുത്താമ്പുള്ളി പാലം

avatar
സ്വന്തം ലേഖകൻ

Published on Jan 29, 2026, 12:55 AM | 1 min read

തിരുവില്വാമല

ചിരകാല സ്വപ്നമായ കൊണ്ടാഴി കുത്താമ്പുള്ളി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു. കൊണ്ടാഴി പഞ്ചായത്തിലെ കൊണ്ടാഴി വില്ലേജിനെയും തിരുവില്വാമല പഞ്ചായത്തിലെ കണിയാര്‍കോട് വില്ലേജിനെയും ബന്ധിപ്പിച്ചുകൊണ്ട് ഗായത്രിപ്പുഴയ്‌ക്കു കുറുകെയാണ് ഈ പാലം. കിഫ്ബി പദ്ധതിയില്‍ സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെ 33.14 കോടി രൂപയാണ് അനുവദിച്ചത്. ആകെ മൂന്നു പാലങ്ങളാണ് പദ്ധതിയില്‍‌. പുഴയ്ക്കു കുറുകെയുള്ള പ്രധാന പാലം, കുത്താമ്പുള്ളി ഭാഗത്തെ അനുബന്ധ റോഡില്‍ വരുന്ന പാടത്തെ ഒരു പാലം (194 മീറ്റര്‍), കൂടാതെ ഇറിഗേഷന്‍ കനാല്‍ കുറുകെ വരുന്ന ഭാഗത്തുള്ള ഒരു ചെറിയ പാലം (20 മീറ്റര്‍) എന്നിവയും പാലത്തിന്റെ അപ്രോച്ച് റോഡുമാണ് പദ്ധതിയിലുള്ളത് (739 മീറ്റര്‍). പുഴയ്ക്ക് കുറുകെയുള്ള പ്രധാന പാലത്തിന് 11 മീറ്റര്‍ വീതിയും അപ്രോച്ച് റോഡിനു 12 മീറ്റര്‍ വീതിയും പാലത്തിന്റെ ആകെ നീളം 155.74 മീറ്ററുമാണ്. യു ആര്‍ പ്രദീപ് എംഎല്‍എയായിരിക്കെ 2017–---18 കാലഘട്ടത്തിലാണ് കിഫ്ബിയില്‍നിന്ന് 19 കോടി രൂപ അനുവദിച്ച് ടെണ്ടര്‍ നടപടികളാരംഭിച്ചത്. പിന്നീട് കെ രാധാകൃഷ്ണന്‍ മന്ത്രിയായിക്കെ നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കി. സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെ 33.14 കോടി രൂപയാണ് കിഫ്ബി വഴി ലഭിച്ചത്. 1.6069 ഹെക്ടര്‍ ഭൂമിയാണ് പാലത്തിനായി ഏറ്റെടുത്തത്. ഒറ്റപ്പാലത്തേക്കെത്താന്‍ കുത്താമ്പുള്ളിക്കാര്‍ക്ക് ഇനി അഞ്ച്‌ കിലോമീറ്റര്‍ ദൂരം മാത്രം സഞ്ചരിച്ചാല്‍ മതിയാകും. മായന്നൂര്‍ സ്കൂളിലെത്താന്‍ കടത്തുതോണിയേറി വരുന്ന വിദ്യാര്‍ഥികള്‍ക്കും പാലം സഹായകമാകും. കേരള റോഡ് ഫണ്ട് ബോര്‍ഡാണ് നിര്‍മാണ മേല്‍നോട്ടം വഹിച്ചത്. കാസര്‍കോടുള്ള ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍സാണ് നിര്‍മാണ ചുമതല ഏറ്റെടുത്തത്. ഫെബ്രുവരി 15 നുള്ളില്‍ ഉദ്ഘാടനം നടത്താനാകുമെന്ന് കെആര്‍എഫ്ബി അസി. എക്സി. എന്‍ജിനിയര്‍ ഇ ഐ സജിത് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home