ഉൾനാടൻ മത്സ്യസമ്പത്തിനെ തകർത്ത് ഏറ്റുമീൻ പിടിത്തം

അഗതിയൂർ കലവർണകുളത്തിനു സമീപം തോട്ടിൽ ഏറ്റുമീൻ പിടിത്തത്തിനായി സ്ഥാപിച്ച ചാട്ട
മുകേഷ് കൊങ്ങണൂർ
Published on Jul 01, 2026, 12:41 AM | 1 min read
കുന്നംകുളം
ഉൾനാടൻ മത്സ്യസമ്പത്തിന് ഭീഷണിയായി ഏറ്റുമീൻ പിടിത്തം. മീനുകളുടെ പ്രജനന കാലത്ത് പാടശേഖരങ്ങളുടെ തലക്കുളങ്ങൾ തേടിയെത്തുന്ന ഏറ്റുമീൻ പിടിത്തം നിയന്ത്രണങ്ങളില്ലാതെ തുടരുകയാണ്. ശുദ്ധജലം തേടി ഉയർന്ന പ്രദേശങ്ങളിലേക്ക് മുട്ടയിടാനെത്തുന്ന നാടൻ മീനുകളെയാണ് തോടുകളിലും ഇടച്ചാലുകളിലും കുരുത്തിയും ചാട്ടയുമെല്ലാം സ്ഥാപിച്ച് പിടികൂടുന്നത്. മഴ കനക്കുന്നതോടെ താഴ്ന്ന പ്രദേശങ്ങളിലേക്ക് മഴവെള്ളത്തോടൊപ്പം രാസമാലിന്യങ്ങളും മറ്റും ഒഴുകിയെത്തും. ഇത് വെള്ളത്തിന്റെ പിഎച്ച് അളവ് വർധിപ്പിക്കുന്നത് കാരണമാണ് മീനുകൾ ശുദ്ധജലമുള്ള ഇടങ്ങളിലേക്ക് വരുന്നത്. നാടൻ മീനുകളായ വരാൽ, മുഷി, കല്ലുത്തി, വലിയഇനം പരലുകൾ എന്നിവയാണ് കൂടുതലായും ഇത്തരം കെണികളിൽപ്പെടുന്നത്. കുന്നംകുളത്തിനോട് ചേർന്നുകിടക്കുന്ന കോൾപ്പടവുകളിൽ വർഷം മുഴുവനും ജലലഭ്യത ഉണ്ടാകുമെന്നതിനാൽ ഇവയെ ആശ്രയിച്ചാണ് സമീപ പഞ്ചായത്തുകളിലെ ഉൾനാടൻ മത്സ്യങ്ങളുടെ പ്രത്യുൽപ്പാദന വ്യവസ്ഥ നിലനിൽക്കുന്നത്. മഴ കനക്കുമ്പോൾ കടവല്ലൂർ മുതൽ ചെമ്മണ്ണൂർ വരെയുള്ള പ്രദേശങ്ങളിലെ തോടുകളിൽ നിന്നുള്ള വെള്ളം കോൾപ്പടവിലെ നൂറടിത്തോട്ടിലേക്ക് എത്തുകയും ഈ തോടുകൾ വഴി ഏറ്റുമീൻ ഉയർന്ന പ്രദേശങ്ങളിലേക്ക് എത്തുകയുമാണ് ചെയ്യുന്നത്. പ്രധാനതോടുകളിൽ എല്ലാം കുരുത്തിയും ചാട്ടയും നിറഞ്ഞിട്ടുണ്ട്. മീനുകളുടെ വംശനാശത്തിന് ഇടയാക്കുന്ന പ്രജനന കാലയളവിലെ മീൻപിടിത്തം നിയന്ത്രിക്കാൻ നിയമങ്ങൾ ഉണ്ടെങ്കിലും ഇവ ലംഘിച്ച് ഏറ്റുമീൻപിടിത്തം തുടരുകയാണ്.











0 comments