സെസ് ഇഎസ്ഐ ഡിസ്പെൻസറിയിലേക്ക് മാർച്ച് നടത്തി

സെസ് വർക്കേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ ഇഎസ്ഐ ഡിസ്പെൻസറിയിലേക്ക് നടത്തിയ മാർച്ച് ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്യുന്നു
കാക്കനാട്
കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിലെ (സെസ്) ഇഎസ്ഐ ഡിസ്പെൻസറിയിലെ ജീവനക്കാരുടെ അപര്യാപ്തതയും അടിസ്ഥാനസൗകര്യങ്ങളുടെ കുറവും പരിഹരിക്കണമെന്നാവശ്യപ്പെട്ട് സെസ് വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ ഡിസ്പെൻസറിയിലേക്ക് മാർച്ച് നടത്തി. 10,000ൽ കൂടുതൽ- ഐപി രജിസ്ട്രേഷനുള്ള ഡിസ്പെൻസറിയിൽ നിലവിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്. ഇഎസ്ഐ മാന്വൽ പ്രകാരം ഇത്തരംകേന്ദ്രങ്ങളിൽ അഞ്ച് ഡോക്ടർമാരും ആവശ്യമായ ജീവനക്കാരും വേണം. ഏകദേശം 25,000 തൊഴിലാളികൾ ജോലിചെയ്യുന്ന സെസിൽ ഉച്ചവരെമാത്രം ഒരു ഡോക്ടറുടെ സേവനമാണുള്ളതെന്ന് നേതാക്കൾ പറഞ്ഞു.
രോഗികൾക്ക് ഇരിക്കാൻപോലും മതിയായ സൗകര്യമില്ലാത്ത ചെറിയകെട്ടിടത്തിലാണ് ഡിസ്പെൻസറി പ്രവർത്തിക്കുന്നത്. കിടത്തിച്ചികിത്സാ സൗകര്യങ്ങളോടുകൂടി ഡിസ്പെൻസറി വികസിപ്പിച്ച് ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം. 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം സംഘടിപ്പിച്ചത്.
ഇഎസ്ഐയ്ക്ക് മുന്നിൽ നടന്ന ധർണ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു. സെസ് വർക്കേഴ്സ് അസോസിയേഷൻ സിഐടിയു ജനറൽ സെക്രട്ടറി സി ബിജുമോൻ തൊഴിലാളികൾ ഒപ്പുവച്ച ഇഎസ്ഐ കോർപറേഷന് അയയ്ക്കാനുള്ള ഭീമഹർജി ഏറ്റുവാങ്ങി. ദീപ്ന അജിത് അധ്യക്ഷയായി. സി ആർ പ്രദീപ് കുമാർ, പി എ സുരേഷ് കുമാർ, എ ബി ശ്രീകുമാർ, കെ ജി ഷാജു എന്നിവർ സംസാരിച്ചു.











0 comments