നെയ്‌ച്ചാളയെത്തി, മനം നിറഞ്ഞ് തീരം

മുനമ്പം ഹാർബറിൽ ചാളയുമായെത്തിയ വള്ളം
പി വി ബിമൽകുമാർ
Published on Jul 01, 2026, 12:38 AM | 1 min read
കൊടുങ്ങല്ലൂർ
കേരളത്തിന്റെ തീരക്കടലിൽ നിന്ന് അപ്രത്യക്ഷമായിരുന്ന നെയ്‌ച്ചാളകൾ വീണ്ടും തീരംതൊടുന്നു . ഇവയെ വലയിൽ കിട്ടിത്തുടങ്ങിയതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ആഹ്ലാദത്തിലാണ്. പലിഞ്ഞീനുള്ള ചാളയാണ് ലഭിക്കുന്നത്. ഏതാനും വർഷങ്ങളായി കുറഞ്ഞ അളവിലാണ് ഇവ ലഭിച്ചിരുന്നത്. അതും കുഞ്ഞൻ ചാളകൾ മാത്രം. കാലാവസ്ഥാ വ്യതിയാനവും കടലിന്റെ അടിയിളകി പ്ലവകങ്ങൾ ലഭിക്കാത്തതുമാണ് ചാള ചെറുതാകാൻ കാരണമെന്നാണ് പറയുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ചാളയാണ് ഹാർബറുകളിലെത്തിയിരുന്നത്. ചീയാതിരിക്കാൻ രാസവസ്തുക്കൾ ചേർത്തവയാണിത്. ഇപ്പോൾ പെടയ്‌ക്കണ മുട്ടയുള്ള വലിയ ചാളയാണ് മുനമ്പം ഹാർബറിൽ വള്ളങ്ങളിലെത്തിയത്. ശക്തമായ മഴയിൽ കടലിലെ താപനില കുറഞ്ഞതും തെക്കൻ കാറ്റിൽ കടലിളകി പ്ലവകങ്ങൾ മുകളിലേക്ക് വന്നതോടെ പോഷകഗുണമുള്ള തീറ്റ സുലഭമായതുമാണ് മത്തിയുടെ പെരുകലിന് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഔട്ട് ബോഡ്, ഇൻ ബോഡ് വള്ളക്കാർക്കാണ് കൂടുതലായി മത്തി ലഭിച്ചത്. ഇതോടെ വിൽപ്പനക്കിറങ്ങുമ്പോൾ മീൻ വാങ്ങാനെത്തുന്നവർ കൂടുതലാണെന്ന് വിതരണ തൊഴിലാളികൾ പറഞ്ഞു. കിലോയ്‌ക്ക് 300 രൂപയായാണ് പലിഞ്ഞീനുള്ള വലിയ മത്തി വിൽക്കുന്നത്. മുൻകാലങ്ങളിൽ കർക്കിടക മാസത്തിലാണ് ചാള കൊയ്ത്ത് ഉണ്ടാകാറുള്ളത്. പെടയ്ക്കണ ചാളയും പ്രതീക്ഷിച്ച് കടലിൽ വലയടിക്കുകയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ.











0 comments