പിടയ്ക്കുന്ന പൊമ്പാനോയിൽ തളിർക്കുന്നു ജീവിതം

അഴീക്കോട് പൊമ്പാനോ ഹാച്ചറിയിൽ പൊമ്പാനോ വിത്തുൽപ്പാദനം നടത്തുന്നു
പി വി ബിമൽകുമാർ
Published on Apr 17, 2026, 12:25 AM | 2 min read
കൊടുങ്ങല്ലൂർ
പിടയ്ക്കുന്ന സിൽവർ പൊമ്പാനോ മീനിൽ (വറ്റ മത്സ്യം) ജീവിതം തളിരിട്ട ആശ്വാസത്തിലാണ് മത്സ്യകർഷകർ. ഇതിന് അവർക്ക് ആശ്രയമായത് സർക്കാർ ഉടമസ്ഥതയിലുള്ള അഴീക്കോട് പൊമ്പാനോ വിത്തുൽപ്പാദന ഹാച്ചറിയാണ്. അഴിക്കോട് മേഖലാ ചെമ്മീൻ വിത്തുൽപ്പാദന കേന്ദ്രത്തോട് ചേർന്നാണ് ഹാച്ചറി പ്രവർത്തിക്കുന്നത്. എട്ട് ടണ്ണിന്റെ 62 ടാങ്കുകൾ, 250 ടണ്ണിന്റെ ആറ് ടാങ്കുകളിലായി മാലിന്യ സംസ്കരണ യൂണിറ്റും തയ്യാറാക്കി. ഹാച്ചറിയിൽ നിന്ന് സിൽവർ പൊമ്പാനോ മത്സ്യകുഞ്ഞുങ്ങളെ സുലഭമായി ലഭിക്കാൻ തുടങ്ങിയതോടെ മത്സ്യ കർഷകർ സന്തോഷത്തിലാണ്. കുളങ്ങൾ, കെട്ടുകൾ, കൂടുമത്സ്യകൃഷി എന്നിവയിലൂടെയാണ് രുചികരമായ പൊമ്പാനോ മീൻ വളർത്തുന്നത്. മീൻ കുഞ്ഞുങ്ങളെ ലഭിക്കാൻ ഇതരസംസ്ഥാന ഹാച്ചറികളെയാണ് ആശ്രയിച്ചിരുന്നത്. ഏറിയ ചെലവും മീൻ കുഞ്ഞുങ്ങളിലേറയും ചത്തുപോകുന്നതും പ്രശ്നമായതോടെ പലരും പൊമ്പാനോ മത്സ്യകൃഷിയിൽ നിന്ന് പിൻവാങ്ങിയിരുന്നു. ഇതിനിടയിലാണ് അഴീക്കോട് ഹാച്ചറി കോടികൾ ചെലവിട്ട് നവീകരിച്ചത്. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെ ഹാച്ചറി പൂർത്തിയാക്കി. വർഷത്തിൽ 50 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം. 30 ടൺ സംഭരണ ശേഷിയുള്ള 30 ടാങ്കുകളും രണ്ട് ടൺ ശേഷിയുള്ള എഫ്ആർപി ടാങ്കുകളും 60 ടൺ ശേഷിയുള്ള ജല ശുദ്ധീകരണത്തിനുള്ള ടാങ്കുകളും ഒരുക്കി. ഒപ്പം ചെമ്മീൻ വിത്തുൽപ്പാദന കേന്ദത്തിൽ 8.6 കോടിയുടെ അടിസ്ഥാന വികസനങ്ങളും നടപ്പാക്കി. അക്വാട്ടിക് ആനിമൽ ഹെൽത്ത് ലാബ് സജ്ജീകരിച്ചു. രോഗഹേതുക്കളായ ബാക്‌ടീരിയകളെ കണ്ടെത്താൻ മൈക്രോബയോളജി ലാബും. വൈറസുകളെ നിയന്ത്രിക്കുന്നതിന് പിസിആർ സംവിധാനവും ലാബിലുണ്ട്. മണ്ണ്, ജലം എന്നിവയുടെ യോജിപ്പ് ഉറപ്പാക്കുന്ന പരിശോധന നടത്താനുള്ള സംവിധാനവുമൊരുക്കി. കടൽ – കായൽ ജലത്തിൽ ഒരു പോലെ വളർത്തിയെടുക്കാവുന്ന പൊമ്പാനോ മത്സ്യം ഇവിടെ നിന്ന് ലഭിക്കാൻ തുടങ്ങിയതോടെ കർഷകർക്ക് ആശ്വാസമായി. ഒരു ഇഞ്ച് മുതൽ രണ്ട് ഇഞ്ച് വലിപ്പമുള്ള കുഞ്ഞുങ്ങളെയാണ് കർഷകർക്ക് നൽകുന്നത്. ഓരു ജല മത്സ്യ വിത്തുൽപ്പാദന കേന്ദ്രത്തിൽ 10 ലക്ഷം കരിമീൻ കുഞ്ഞുങ്ങളെയും ഉൽപ്പാദിപ്പിക്കും. തിരുത, പൂമീൻ, കാളാഞ്ചി, ആവോലി എന്നി മത്സ്യകുഞ്ഞുങ്ങളെയും ഇവിടെ ഉൽപ്പാദിപ്പിക്കുന്നു. വാണിജ്യാടിസ്ഥാനത്തിലും സിൽവർ പൊമ്പാനോ മത്സ്യത്തിന്റെ വിത്തുൽപ്പാദനം നടക്കുന്നു. മംഗളൂരു, ഗോവ, മുംബൈ, ലക്ഷദ്വീപ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്ക് മത്സ്യവിത്തുകൾ ഹാച്ചറിയിൽനിന്ന് നൽകുന്നുണ്ട്. കനോലി കനാലിൽ കൂടു മത്സ്യകൃഷി നടത്തിയ കർഷകർ സിൽവർ പൊമ്പാനോ വിളവെടുത്തു. ഒപ്പം കാളാഞ്ചിയും പൂമീനും ലഭിച്ചു.











0 comments