ജില്ലയിൽ ജൂണിൽ മാത്രം 28,280 പനിബാധിതർ

തൃശൂര്‍
ജില്ലയിൽ പിടിമുറുക്കി പകർച്ചപ്പനി. ജൂണിൽ മാത്രം 28280 പനിബാധിതരാണ് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇതില്‍ 28061 പേര്‍ ഒപിയില്‍ ചികിത്സതേടി. 219 പേര്‍ക്ക് കിടത്തിച്ചികിത്സ വേണ്ടി വന്നു. പ്രതിദിനം ശരാശരി ആയിരത്തിലധികംപേര്‍ ഒപിയില്‍ മാത്രം ചികിത്സതേടുന്നുണ്ട്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടുന്നവരുടെ എണ്ണം ഇതിന്റെ ഇരട്ടിയാണ്. ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി കേസുകളും ജില്ലയില്‍ വര്‍ധിക്കുകയാണ്. മഴക്കാല മുന്നൊരുക്കങ്ങള്‍ പാളിയ കോര്‍പറേഷനിലാണ് രോഗബാധിതർ കൂടുതലുള്ളത്. ജൂണിൽ ജില്ലയില്‍ 271 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 132 കേസും കോര്‍പറേഷന്‍ പരിധിയിലാണ്. ജില്ലയില്‍ 689 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സതേടിയത്. 15 ഷിഗല്ല കേസും മൂന്നു മലമ്പനി കേസും 18 എലിപ്പനി കേസും 95 ഇന്‍ഫ്ലുവന്‍സയും ജൂണിൽ റിപ്പോർട്ട് ചെയ്തു. ഒരാഴ്ചയ്ക്കിടെയാണ് മൂന്ന് മലമ്പനി കേസുകൾ റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച എലിപ്പനി ബാധിച്ച് അരിമ്പൂരിൽ ഒരാൾ മരിച്ചിരുന്നു. ഒരാൾക്ക് കൂടി ഷിഗല്ല ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു. ചാഴൂർ സ്വദേശിയാണ്. ഇതോടെ ജില്ലയിൽ ഷിഗല്ല ബാധിച്ചവരുടെ എണ്ണം 15 ആയി. പാറളം പഞ്ചാത്ത് കോടന്നൂരില്‍ നാലുവയസ്സുള്ള കുട്ടിക്കാണ് ഇതിനുമുമ്പ് ഷിഗല്ല സ്ഥിരീകരിച്ചത്. ഷിഗല്ല ബാധിച്ച് ഒരു മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലമാണ് ജില്ലയില്‍ ഇത്രയധികം പേര്‍ ഷിഗല്ല ബാധിതരായത്. ജില്ലയില്‍ 2022 മുതലാണ് ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തത്. 2022ലും 23ലും രണ്ടുപേര്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചിരുന്നു. 2024ല്‍ ആറ് പേർക്ക് ഷിഗല്ല ബാധിച്ചതാണ് ഇതിനു മുമ്പുള്ള വലിയ രോഗ വ്യാപനം.











0 comments