print edition 75 ലക്ഷം കെട്ടിവയ്ക്കേണ്ട; അമ്മയ്‌ക്ക് കുട്ടിയെ വിദേശത്ത് കൊണ്ടുപോകാം: കുടുംബകോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി : അമ്മയ്ക്ക് കുട്ടിയെ വിദേശത്തേക്ക് കൊണ്ടുപോകാൻ കുടുംബകോടതി നിർദേശിച്ച 75 ലക്ഷത്തിന്റെ കർശന സാമ്പത്തികവ്യവസ്ഥകൾ ഹൈക്കോടതി റദ്ദാക്കി. തൃശൂർ കുടുംബകോടതിയുടെ ഉത്തരവ് ചോദ്യംചെയ്ത് യുവതിയും മാതാപിതാക്കളും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ജെ നിഷാബാനു, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി. ഇത്തരം വ്യവസ്ഥകൾ യാഥാർഥ്യബോധമില്ലാത്തതും പാലിക്കാനാകാത്തതുമാണെന്ന് കോടതി വിലയിരുത്തി. കുട്ടിയുടെ മികച്ച വിദ്യാഭ്യാസാവകാശം അമിത സാമ്പത്തികബാധ്യതകൾമൂലം തടസ്സപ്പെടരുതെന്നും സംരക്ഷണം ഏറ്റെടുക്കുന്ന മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലാകരുത് കോടതി ഉത്തരവുകളെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
വേർപിരിഞ്ഞുകഴിയുന്ന ദമ്പതികളുടെ എട്ടുവയസ്സുകാരനായ മകന്റെ സ്ഥിരം കസ്റ്റഡിക്കായി യുകെയിൽ ജോലിയുള്ള യുവതിയാണ് കുടുംബകോടതിയെ സമീപിച്ചത്. കുട്ടിയുടെ പരിചരണത്തിനും വിദ്യാഭ്യാസത്തിനുമായി യുകെയിലേക്ക് കൊണ്ടുപോകാനാണ് അനുമതി തേടിയത്. കുട്ടിയെ കൊണ്ടുപോകാൻ അനുമതി നൽകിയെങ്കിലും 75 ലക്ഷം രൂപയുടെ സുരക്ഷാനിക്ഷേപവും യുവതിയും രണ്ട് ജാമ്യക്കാരും 7.5 ലക്ഷം രൂപ വീതമുള്ള ബോണ്ടും നൽകണമെന്നാണ് കുടുംബകോടതി വ്യവസ്ഥചെയ്തത്. ഇത് ചോദ്യം ചെയ്താണ് ഹെെക്കോടതിയെ സമീപിച്ചത്. കുട്ടിയുടെ കസ്റ്റഡിക്കായി അച്ഛനും കുടുംബകോടതിയെ സമീപിച്ചിരുന്നു. എന്നാൽ സാമ്പത്തിക ഭദ്രതയുള്ള അമ്മയ്ക്കൊപ്പം കുട്ടി കഴിയുന്നതാണ് നല്ലതെന്ന് കുടുംബകോടതിതന്നെ നിരീക്ഷിച്ചിരുന്നതായും ഹെെക്കോടതി ചൂണ്ടിക്കാട്ടി. കുടുംബകോടതി ഉത്തരവിലെ കഠിന വ്യവസ്ഥകൾ റദ്ദാക്കിയ ഹെെക്കോടതി, ബാക്കി വ്യവസ്ഥകൾ പാലിക്കുമെന്ന് സത്യവാങ്മൂലം നൽകാൻ യുവതിയോട് നിർദേശിച്ചു.











0 comments