1,43,415 സ്‌ത്രീകൾക്ക് പെൻഷൻ തുക നഷ്‌ടമാകും
സഹായമില്ല, അവഹേളനം മാത്രം

ആലപ്പുഴ
വീടിനെ നയിക്കുന്നവരുടെ അധ്വാനത്തെയും അഭിമാനത്തെയും അംഗീകരിച്ച എൽഡിഎഫ് സർക്കാരിന്റെ സ്‌ത്രീസുരക്ഷാ പദ്ധതി അട്ടിമറിക്കുന്നതിലൂടെ സാമ്പത്തിക സഹായമില്ലാതാകുന്നത്‌ജില്ലയിൽ 1,43,415 സ്‌ത്രീകൾക്ക്. മറ്റ് പെൻഷനുകളൊന്നുമില്ലാത്ത 35നും 60നും ഇടയിൽ പ്രായമായ സ്ത്രീകൾക്കും ട്രാൻസിനുമാണ് പെൻഷൻ ലഭിക്കുക. സ്‌ത്രീജീവിതങ്ങളിലേക്ക് നേരിട്ടെത്തിയ സാമ്പത്തിക പിന്തുണയാണ് യുഡിഎഫ് സർക്കാർ ഇല്ലാതാക്കുന്നത്. എല്ലാ മാനദണ്ഡവും പാലിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെ പദ്ധതി നടപ്പാക്കിയതെന്ന വസ്‌തുത മറച്ചുവച്ച് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിൽ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന വിചിത്രവാദമാണ് മുഖ്യമന്ത്രി ഉന്നയിക്കുന്നത്. അന്തിമാനുമതി കാത്തുകിടക്കുന്ന ജില്ലയിലെ 4,000 അപേക്ഷകരെ അനർഹരെന്നും മുഖ്യമന്ത്രി അധിക്ഷേപിച്ചു. ജില്ലയിൽ കൂടുതൽ ഗുണഭോക്താക്കൾ യുഡിഎഫ് ഭരിക്കുന്ന ആലപ്പുഴ നഗരസഭയിലാണ് (1150 പേർ) എന്നതുതന്നെ വിചിത്രവാദങ്ങളുടെ മുനയൊടിക്കുന്ന യാഥാർഥ്യമാണ്. മുഖ്യമന്ത്രിയുടെ വാദങ്ങളെയും യുഡിഎഫിന്റെ സ്‌ത്രീവിരുദ്ധ നിലപാടിനെയും അവജ്ഞയോടെ തള്ളിക്കളയുകയാണ് ഗുണഭോക്താക്കളും വനിതാ ജനപ്രതിനിധികളും. പദ്ധതി പ്രഖ്യാപിച്ച് ബജറ്റിൽ അതിനായി 3,720 കോടി രൂപയും എൽഡിഎഫ് മാറ്റിവച്ചു. നടപടികൾ പൂർത്തിയാക്കി ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ജില്ലയിലെ 1.3 ലക്ഷം ഗുണഭോക്താക്കൾക്ക് പണം ലഭിച്ചത് സ്‌ത്രീ സമൂഹത്തെ എൽഡിഎഫ് ചേർത്തുനിർത്തുന്നതിന് തെളിവാണെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു. സ്‌ത്രീസുരക്ഷ പദ്ധതി തകർക്കുന്ന നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.











0 comments