പനി ബാധിച്ച് ചികിത്സ തേടിയത് 24,874 പേര്‍

സ്വന്തം ലേഖിക
Published on Jun 27, 2026, 12:42 AM | 1 min read
തൃശൂര്‍
ജില്ലാതലത്തില്‍ ആരോഗ്യവിഭാഗത്തിന്റെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തില്‍ വീഴ്ച സംഭവിച്ചതോടെ പനിബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. ഈ മാസം ഇതുവരെ പനി ബാധിച്ച് 24,874 പേരാണ് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇതില്‍ 24,696 പേര്‍ ഒപിയില്‍ ചികിത്സതേടി. 178 പേര്‍ക്ക് കിടത്തിച്ചികിത്സ വേണ്ടി വന്നു. പ്രതിദിനം ശരാശരി 1000ത്തിലധികം പേര്‍ ഒപിയില്‍ മാത്രം ചികിത്സതേടുന്നുണ്ട്. ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി കേസുകളും ജില്ലയില്‍ വര്‍ധിക്കുകയാണ്. മഴക്കാല മുന്നൊരുക്കങ്ങള്‍ പാളിയ കോര്‍പറേഷനിലാണ് ഇത്തരം കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം ഇതുവരെ ജില്ലയില്‍ 226 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 111 കേസും കോര്‍പറേഷന്‍ പരിധിയിലാണ്. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫ് നേതൃത്വത്തിലുള്ള കോര്‍പറേഷന്‍ ഭരണസമിതിക്കുണ്ടായ വീഴ്ചയാണ് പകര്‍ച്ചവ്യാധി പകരാന്‍ കാരണം. ഡെങ്കിപ്പനിയും പനിയും വ്യാപകമായപ്പോള്‍ മാത്രമാണ് കോര്‍പറേഷന്‍ ശുചീകരണ പ്രവര്‍ത്തനങ്ങളാരംഭിച്ചത്. എന്നാല്‍, അപ്പോഴേക്കും കോര്‍പറേഷന്‍ ഡെങ്കിപ്പനിയുടെയും പനിയുടെയും കേന്ദ്രമായി. ജില്ലയില്‍ 573 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സതേടിയത്. 18 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 80 ഇന്‍ഫ്ലുവന്‍സയും റിപ്പോര്‍ട്ട് ചെയ്തു.










0 comments