കസവൊളി ചാര്‍ത്തുന്ന കരവിരുതുമായ്

പുത്തന്‍വീട് ജ്യോതിയും പാമ്പുങ്കല്‍ ഷീബയും തൊഴിലിടത്ത് സാരി ഡിസെെനുകളൊരുക്കുന്നു
പഴയന്നൂര്‍
ഓണത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്ന കുത്താമ്പുള്ളി കൈത്തറിക്ക് വര്‍ണചാരുതയേകുന്ന തിരക്കിലാണ് പഴയന്നൂര്‍ വടക്കേത്തറ പുത്തന്‍വീട് ജ്യോതിയും പാമ്പുങ്കല്‍ ഷീബയും. വിശേഷാവസരങ്ങളില്‍ പുത്തന്‍ ഫാഷന്‍ ഡിസൈനുകള്‍ പിറവിയെടുക്കുന്നത് ഇവരുടെ കൈകളിലൂടെയാണെന്ന് അധികമാര്‍ക്കും അറിയില്ല. ട്രെന്‍ഡിനനുസരിച്ചുള്ള അടിപൊളി ഡിസൈനുകളാണ് ഇവിടെയെത്തിക്കുന്ന സാരികളില്‍ ഇവര്‍ ഒരുക്കുന്നത്. സാരികളിലെ സ്ഥിരം പാറ്റേണില്‍നിന്നും വ്യത്യസ്തമായി അവതരിപ്പിച്ചതോടെയാണ് കുത്താമ്പുള്ളി കൈത്തറി മേഖലതന്നെ കുതിച്ചുചാടിയത്. ഭൗമ സൂചിക പട്ടികയില്‍ ഇടംപിടിച്ചതോടെ കുത്താമ്പുള്ളിയെന്ന ഗ്രാമം ലോക പ്രശസ്തമായി. വസ്ത്ര സങ്കല്‍പ്പങ്ങള്‍ക്കും ട്രെന്‍ഡിനുമനുയോജ്യമായ ഡിസൈനുകള്‍ ഇറക്കുകയെന്നത് കനത്ത വെല്ലുവിളിയാണെന്ന് 20 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ജ്യോതി പറഞ്ഞു. ഓണവും വിഷുവുമാണ് ഏറ്റവും വലിയ മാര്‍ക്കറ്റ്. വിശേഷാവസരങ്ങളിലെല്ലാം കുത്താമ്പുള്ളിയിലെ പല പ്രമുഖ കൈത്തറി ഉല്‍പ്പാദകരും ഇവരെ തേടിയെത്തും. ഇത്തവണ ആലില, റോസ്, വാഴയില, കഥകളി, തെയ്യം, താമര, മ്യൂറല്‍ ഡിസൈനുകള്‍ എന്നിവയെല്ലാം സാരികളില്‍ സ്ക്രീന്‍ പ്രിന്റിങ്ങിലൂടെ അവതരിപ്പിച്ചു കഴിഞ്ഞു. സെറ്റുസാരി, സെറ്റുമുണ്ട്, കളര്‍ കൈത്തറി എന്നിവയിലെല്ലാം ഇവര്‍ വര്‍ണചാരുതയേകും. മയില്‍പ്പീലി, തുളസിക്കതിര്‍ എന്നിവ ഗുരുവായൂരിലേക്കുള്ള വസ്ത്രങ്ങളിലെ സ്ഥിരം ഡിസൈനുകളാണ്. വിഷുക്കാലമായാല്‍ വ്യത്യസ്തരീതികളില്‍ കണിക്കൊന്ന ഡിസൈനുകളും ഒരുക്കും. തിരുവില്വാമല പട്ടിപ്പറമ്പ് അഭിനി നിവാസില്‍ പി കെ രവീന്ദ്രന്റെ തൊഴിലിടത്താണ് ഇവര്‍ ജോലിചെയ്യുന്നത്. രവീന്ദ്രനാണ് കംപ്യൂട്ടറില്‍ ഡിസൈനുകള്‍ ചെയ്ത് ഫിലിമാക്കി എമ്പോസ് ചെയ്ത് സ്ക്രീനിങ്ങിനായി ഇവര്‍ക്ക് കൈമാറുന്നത്. തുടര്‍ന്ന് അനുയോജ്യമായ വര്‍ണങ്ങള്‍ ചേര്‍ത്ത് കൂട്ടുണ്ടാക്കി പ്രിന്റ്‌ചെയ്യുന്നതോടെ സാരിയുടെ രൂപവും ഭാവവും മാറും. പ്രിന്റിങ് കഴിഞ്ഞ് ഉണങ്ങിയശേഷം വസ്ത്രങ്ങള്‍ കഴുകി വൃത്തിയാക്കിമാത്രമേ വിപണിയിലെത്തിക്കൂ. ജ്യോതിയുടെ വീടിന്റെ റൂഫ് ടോപ്പാണ് പണിശാലയാക്കി മാറ്റിയത്.









0 comments