മാതൃകാ കേന്ദ്രമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്

തൃശൂർ
തൊഴിലന്വേഷകരും തൊഴിൽദാതാക്കളും ആഗ്രഹിക്കുന്ന മാതൃകാ കേന്ദ്രമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മാറുന്നു. സൗഹൃദപരവും ആധുനികവുമായ സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ നവീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രണ്ടാമത്തെ മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചായി തൃശൂർ മാറി. സ്വയം സേവന സംവിധാനം, സ്മാർട് രജിസ്ട്രേഷൻ കാർഡ്, പേപ്പർ രഹിത ഓഫീസ്, ആധുനിക കുടിവെള്ള ഫിൽറ്ററുകൾ, വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ടെലിവിഷൻ സംവിധാനം തുടങ്ങി ഒട്ടേറെ സൗകര്യങ്ങളുണ്ട്. പൂർണമായും കംപ്യൂട്ടർവൽക്കരിച്ച കെട്ടിടത്തിന്റെ താഴെ നിലയിൽ കംപ്യൂട്ടർ ലാബ്, എസി ക്ലാസ് റൂം, കൗൺസലിങ് റൂം, ലൈബ്രറി, റിസപ്ഷൻ കം ഫ്രണ്ട് ഓഫീസ് എന്നിവയുണ്ട്. രജിസ്ട്രേഷൻ, പുതുക്കൽ എന്നിവയ്ക്കായി ഏകജാലക സംവിധാനവും സന്ദർശകർക്കായി പ്രത്യേക കംപ്യൂട്ടർ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. രജിസ്ട്രേഷനുശേഷം ഉദ്യോഗാർഥിയുടെ ബുദ്ധി വൈഭവം, നൈപുണ്യ പ്രാവീണ്യം, റീസണിങ് എബിലിറ്റി, ഭാഷാ പരിജ്ഞാനം, ആശയ വിനിമയ പ്രാവീണ്യം, വ്യക്തിപ്രഭാവം എന്നിവ വിലയിരുത്താൻ പരീക്ഷ നടത്തും. വിദഗ്ധ പരിശീലനം നൽകുന്നതിനായി തൊഴിൽ സംബന്ധമായ പരിശീലന സംരംഭകർ, ഐടിഐ തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ പേർക്ക് ജോലി നൽകാൻ തൊഴിൽ മേളകളും ക്യാമ്പയിനുകളും നടത്തുന്നുണ്ട്. കൂടാതെ, മത്സരപ്പരീക്ഷകൾക്ക് പ്രാപ്തരാക്കുന്നതിനുള്ള സൗജന്യ പരിശീലനം നൽകുന്നു . ചൊവ്വ പകൽ 11.30ന് മന്ത്രി വി ശിവൻകുട്ടി തൃശൂർ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചിനെ മാതൃകാ കേന്ദ്രമായി പ്രഖ്യാപിക്കും. സ്മാർട്ട് രജിസ്ട്രേഷൻ കാർഡ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്‌ഘാടനം ഇതിനൊപ്പം നടക്കും. 9 വർഷം 8039 നിയമനം കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി 8039 നിയമനങ്ങൾ നൽകി. ഇതിൽ 4588 പേർക്ക് സ്വകാര്യമേഖലയിൽ ജോലി ലഭിച്ചു. സബ്‌സിഡിയോടെയുള്ള വിവിധ സ്വയം തൊഴിൽ പദ്ധതികളും വിജയകരമായി നടപ്പിലാക്കി. കെസ്രു സ്കീമിൽ 1282 പേർക്കും, മൾട്ടി പർപ്പസ് ആൻഡ് ജോബ് ക്ലബ്– 95 , ശരണ്യ– 2922, കൈവല്യ–375, നവജീവൻ–93 പേർക്കും സഹായം നൽകി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 1367 പുതിയ രജിസ്ട്രേഷനുകളാണ് നടന്നത്.









0 comments