പതാക ജാഥ കൂത്തുപറന്പിൽനിന്ന് ഇന്ന് തുടങ്ങും

തൃശൂർ
ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള പതാക ജാഥ കൂത്തുപറന്പ് സമരധീരരുടെ സ്‌മരണകൾ തുടിക്കുന്ന രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ഞായറാഴ്‌ച തുടങ്ങും. ജാഥ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റുമായ ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു ക്യാപ്‌റ്റനും കേന്ദ്ര കമ്മിറ്റിയംഗം എം വിജിൻ മാനേജരുമായുള്ള ജാഥ 18ന് തൃശൂർ ജില്ലയിൽ പ്രവേശിക്കും. കൊടിമര ജാഥ തിരുവനന്തപുരത്തെ വെഞ്ഞാറമൂട്ടിൽ കോൺഗ്രസുകാർ കൊലപ്പെടുത്തിയ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും രക്തസാക്ഷിമണ്ഡപത്തിൽനിന്ന് തിങ്കളാഴ്‌ച ആരംഭിക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവും ഡിവൈഎഫ്‌ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റുമായ പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ചിന്ത ജെറോം ക്യാപ്‌റ്റനും എം ഷാജർ മാനേജരുമായുള്ള ജാഥ 18ന് തൃശൂർ ജില്ലയിൽ പ്രവേശിക്കും. ദീപശിഖ കൊടുങ്ങല്ലൂരിൽ ആർഎസ്‌എസുകാർ കൊലപ്പെടുത്തിയ കെ യു ബിജുവിന്റെ രക്തസാക്ഷിമണ്ഡപത്തിൽനിന്ന് 19ന് രാവിലെ എട്ടിന് പ്രയാണമാരംഭിക്കും. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഗ്രീഷ്‌മ അജയഘോഷ് ക്യാപ്‌റ്റനും അഡ്വ. ആർ രാഹുൽ മാനേജരുമായുള്ള ജാഥ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റുമായ കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യും. തൃശൂർ ജില്ലയിലെ 25 രക്തസാക്ഷികളുടെ സ്‌മൃതിമണ്ഡപങ്ങളിൽനിന്ന് 19ന് ദീപശിഖകൾ കൊണ്ടുവരും. എല്ലാ ജാഥകളും 19ന് വൈകിട്ട് തൃശൂർ ശക്തൻ നഗറിൽ സംഗമിക്കും. അവിടെനിന്ന് റാലിയായി സമ്മേളന നഗരിയിലേക്ക് നീങ്ങും. സമ്മേളന നഗരിയിൽ സംഘാടകസമിതി ചെയർമാൻ കെ വി അബ്ദുൾഖാദർ പതാക ഉയർത്തും.










0 comments