print edition ജനാധികാരത്തിന്റെ മുപ്പതാണ്ട്

ഭരണവും അധികാരവുമൊന്നും സാധാരണക്കാരന് ചിന്തിക്കാൻപോലും കഴിയാത്ത ഭൂതകാലമുണ്ട് കേരളത്തിന്. പടിപടിയായി അതെല്ലാം മാറ്റിയെടുത്ത സാമൂഹ്യനവോത്ഥാനത്തിന്റെ ചരിത്രമാണ് കേരളം. അതിന്റെ ഇൗടുവയ്‌പുകളിലെല്ലാം സാധാരണക്കാരായ മനുഷ്യരുടെ പ്രയത്‌നവും ആശയാഭിലാഷങ്ങളുമുണ്ട്. ആ വികസനവഴിയിൽ രജതരേഖപോലെ തിളങ്ങിയ ജനകീയാസൂത്രണപദ്ധതിക്ക് 30 വയസ്സ്. നാടിന്റെ മുഖംമാറ്റിയ പരിഷ്‌കാരങ്ങൾക്ക് അടിസ്ഥാനമിട്ട ആശയങ്ങൾ മുളപൊട്ടിയത് കൂട്ടായ ചിന്തകളിൽനിന്നാണ്. ജനകീയാസൂത്രണപദ്ധതിയുടെ നാൾവഴികളെക്കുറിച്ചും കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും അന്ന് ആസൂത്രണ ബോർഡ് അംഗവും വികേന്ദ്രീകരണവിഭാഗം തലവനുമായിരുന്ന ഡോ. ടി എം തോമസ് ഐസക് സംസാരിക്കുന്നു
ജനകീയാസൂത്രണം എന്നുള്ള ആശയം എങ്ങനെയാണ് രൂപംകൊണ്ടത് ?
ഇ എം എസ് ആണ് തുടക്കമിട്ടത്. നായനാർ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് ആസൂത്രണ ബോർഡ് സംബന്ധിച്ച തീരുമാനമെടുത്തശേഷം ഐ എസ് ഗുലാത്തിയെയും ഇ എം ശ്രീധരനെയും എന്നെയും ഇ എം എസ് വീട്ടിലേക്ക് വിളിപ്പിച്ചു. പുതിയ സർക്കാരിന്റെ അജൻഡയിൽ ഏറ്റവും പ്രധാനപ്പെട്ടത് അധികാരവികേന്ദ്രീകരണ പരിഷ്കാരമായിരിക്കണമെന്ന് സഖാവ് പറഞ്ഞു. അത് ചർച്ച ചെയ്യാനായിരുന്നു യോഗം. ഗുലാത്തിയാണ് പറഞ്ഞത് എസ് ബി സെൻ അധ്യക്ഷനായി ഒരു സമിതി രൂപീകരിക്കാം. നിയമ-ഭരണ പരിഷ്കാരങ്ങളെക്കുറിച്ച് കൃത്യമായ നിർദേശം ഉണ്ടാകും.
ഇ എം എസ് അത് സമ്മതിച്ചു. 1957-ലെ സർക്കാരിനെ സഹായിക്കാൻ അശോക് മിത്രയോടൊപ്പം കേരളത്തിലേക്ക് കേന്ദ്ര പാർടി രണ്ടുപേരെ അയച്ചിരുന്നു. അതിലൊരാൾ ഐ എസ് ഗുലാത്തിയും മറ്റേയാൾ എസ് ബി സെന്നും ആയിരുന്നു. അതുകൊണ്ട് എസ് ബി സെന്നിന് പ്രത്യേകിച്ചൊരു ആമുഖം ആവശ്യമില്ലായിരുന്നു.

പക്ഷേ, ഇ എം എസിന്റെ ആശങ്ക അതല്ലായിരുന്നു. 1957-ൽ തുടക്കമിട്ടതാണ് സമഗ്ര അധികാരവികേന്ദ്രീകരണത്തിനുള്ള പരിശ്രമങ്ങൾ. ഇങ്ങോട്ടുള്ള കാൽവയ്പ് മുഴുവൻ ഓരോരോ പ്രതിബന്ധങ്ങൾമൂലം പിന്നോട്ടെടുക്കേണ്ടി വന്നു. ഏറ്റവും അവസാനത്തെ അനുഭവമായിരുന്നു ജില്ലാ കൗൺസിലുകളുടെ ദുർഗതി.
ഭൂപരിഷ്കരണംപോലെതന്നെ കേരള സമൂഹത്തിൽ അടിസ്ഥാനപരമായ ഒരു ഇടർച്ച സൃഷ്ടിക്കുന്ന പരിഷ്കാരമാണ് അധികാരവികേന്ദ്രീകരണം. അതുകൊണ്ട് അത് യാഥാർഥ്യമാകണമെങ്കിൽ ഭൂപരിഷ്കരണത്തിലെന്നപോലെ കക്ഷിരാഷ്ട്രീയത്തിനതീതമായി ബഹുജനങ്ങളെ വലിയതോതിൽ അണിനിരത്തണം. സെൻ കമ്മിറ്റി റിപ്പോർട്ട് തയ്യാറാകുമ്പോഴേക്കും അത് നടപ്പാകുന്നതിനുള്ള രാഷ്ട്രീയ അന്തരീക്ഷം കേരളത്തിലുണ്ടാകണം. അതിനൊരു പരിപാടി തയ്യാറാക്കിയിട്ട് വരൂ എന്ന് പറഞ്ഞ് ഇ എം എസ് ഞങ്ങളെ യാത്രയാക്കി.

എങ്ങനെ ഇത്രപെട്ടെന്ന് അത്തരമൊരു പരിപാടി തയ്യാറാക്കാൻ കഴിഞ്ഞു ?
ഇത്തരമൊരു പരിപാടിക്ക് തയ്യാറെടുത്തുകൊണ്ടിരുന്ന മൂന്ന് സെറ്റ് ആളുകൾ കേരളത്തിൽ ഉണ്ടായിരുന്നു. ഒന്ന്, ഡോ. കെ എൻ രാജ്, ഐ എസ് ഗുലാത്തി എന്നിവരെപ്പോലുള്ള പണ്ഡിതർ. അവർ ആസൂത്രണ വികേന്ദ്രീകരണത്തെക്കുറിച്ച് ഒട്ടേറെ അക്കാദമിക് ചർച്ചകൾ നടത്തിക്കഴിഞ്ഞിരുന്നു. കെ കരുണാകരൻ സർക്കാർ ഉണ്ടാക്കിയ പഞ്ചായത്ത്- നഗരപാലിക നിയമങ്ങൾ പരിഷ്കരിക്കുന്നതിവേണ്ടി സെക്രട്ടറിയറ്റിനു മുന്നിൽ സത്യഗ്രഹം ഇരിക്കാൻപോലും ഇവർ സന്നദ്ധരായി.
രണ്ട്, എസ് എം വിജയാനന്ദിനെപ്പോലെ അന്നത്തെ ഒട്ടേറെ ചെറുപ്പക്കാരായ ഉദ്യോഗസ്ഥരും അധികാരവികേന്ദ്രീകരണ പക്ഷക്കാർ ആയിരുന്നു. അഖിലേന്ത്യാതലത്തിൽത്തന്നെ ഇതിനൊരു ശൃംഖല ഉണ്ടായിരുന്നു.

മൂന്ന്, എങ്ങനെയാണ് ഗ്രാമതല ജനപങ്കാളിത്താസൂത്രണം നടത്തേണ്ടത് എന്നതുസംബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. സാക്ഷരത പ്രസ്ഥാനത്തിന്റെ തുടർച്ചയായി വിഭവഭൂപട നിർമാണം, ഈ വിവരശേഖരത്തിന്റെ അടിസ്ഥാനത്തിൽ ഗ്രാമതല ആസൂത്രണത്തിന് 25 പഞ്ചായത്തുകളിൽ പരീക്ഷണം. അതിൽ കല്യാശേരിയെ അടിസ്ഥാനമാക്കി സമഗ്ര ഗ്രാമതല റിപ്പോർട്ട്. പിന്നെ, ഈ റിപ്പോർട്ട് ചർച്ച ചെയ്യാൻ ഇ എം എസ് പൂർണസമയം പങ്കെടുത്ത് തിരുവനന്തപുരം സിഡിഎസിൽ നടന്ന ദ്വിദിന സെമിനാർ.
ശാസ്ത്രസാഹിത്യ പരിഷത്ത് മാത്രമല്ല, കോസ്റ്റ് ഫോർഡും മറ്റുംപോലുള്ള ഒട്ടേറെ സന്നദ്ധസംഘടനകൾ ഗ്രാമീണ വികസന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഇവരുടെയൊക്കെ അനുഭവങ്ങൾ ഉണ്ടായിരുന്നതുകൊണ്ടാണ് ഇ എം എസിന്റെ നിർദേശത്തിന് പെട്ടെന്നൊരു മറുപടി നൽകാൻ കഴിഞ്ഞത്.
എന്തായിരുന്നു നിങ്ങൾ മുന്നോട്ടുവച്ച പദ്ധതി ?
പ്ലാനിങ് ബോർഡിലെ ആസൂത്രണം വിദഗ്ധരുടെ സാമ്പത്തിക, സാങ്കേതിക പ്രക്രിയയാണ്. എന്നാൽ ഗ്രാമതലത്തിലെ ആസൂത്രണം ഒരു ജനകീയ പരിപാടിയാക്കി മാറ്റിയാൽ അതിൽ ജനങ്ങളെയാകെ പങ്കെടുപ്പിക്കാൻ കഴിയുമല്ലോ. കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങളെ അണിനിരത്താനുള്ള ഏറ്റവും നല്ല മാർഗം ഇതായിരിക്കും.

ഒന്പതാം പദ്ധതിയുടെ 35-–40 ശതമാനം താഴേക്ക് നൽകുമെന്ന് പ്രഖ്യാപിക്കുക. പക്ഷേ, ആ പണം കിട്ടണമെങ്കിൽ ആസൂത്രണ ബോർഡ് നിർദേശിക്കുന്ന ജനകീയചിട്ടകൾ പാലിച്ച് പദ്ധതിരേഖ തയ്യാറാക്കണം. രണ്ട് ലക്ഷം രൂപ കിട്ടിക്കൊണ്ടിരുന്ന പഞ്ചായത്തുകൾക്ക് ശരാശരി ഒരു കോടി രൂപയെങ്കിലും കിട്ടുമെന്നുള്ള പ്രഖ്യാപനം വലിയ ആവേശം സൃഷ്ടിക്കുമെന്നത് തീർച്ചയാണ്.
എന്തായിരിക്കണം ഈ ചിട്ടകൾ. ആദ്യ ചർച്ച നടന്നത് വടകരയിലെ രമേശൻ പാലേരിയുടെ വീട്ടിൽ വച്ചായിരുന്നു. ആസൂത്രണഗവേഷണത്തിന് പരിഷത്ത് തെരഞ്ഞെടുത്ത 25 പഞ്ചായത്തുകളിൽ ഒന്നായിരുന്നു ഒഞ്ചിയം. അവിടെ എം പി പരമേശ്വരനും പ്രധാന പരിഷത്ത് പ്രവർത്തകരും ചില വിദഗ്ധരും ഒരു ചർച്ചായോഗം സംഘടിപ്പിച്ചിരുന്നു. ഇ എം എസുമായുള്ള യോഗത്തിന്റെ പിറ്റേന്ന് സി പി നാരായണനും ഞാനും ട്രെയിനിൽ വടകരയ്ക്ക് പോയി. നേരം വളരെ വൈകിയാണ് രമേശൻ പാലേരിയുടെ വീട്ടിൽ എത്തിയത്. അവിടെവച്ചാണ് ആസൂത്രണത്തെ എങ്ങനെ ജനകീയപ്രസ്ഥാനമാക്കാമെന്ന ആദ്യ ചർച്ച നടന്നത്. കൂട്ടത്തിലൊന്നു പറയട്ടെ, 25 പഞ്ചായത്തുകളിൽ ഞങ്ങൾ നടപ്പാക്കിക്കൊണ്ടിരുന്ന പദ്ധതിയുടെ പേര് ‘ജനകീയാസൂത്രണം’ എന്നായിരുന്നു.

അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഒട്ടേറെ വിദഗ്ധരും സംഘങ്ങളുമായി ആസൂത്രണ ബോർഡിലും പുറത്തും ചർച്ച നടന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ആറു ഘട്ടമായുള്ള ആസൂത്രണ നടപടിക്രമങ്ങളുടെ രൂപരേഖ തയ്യാറാക്കിയത്. അനൗപചാരികമായി ഇത് ആസൂത്രണ ബോർഡ് ചർച്ച ചെയ്തശേഷം ഇ എം ശ്രീധരനും ഞാനുംകൂടിയാണ് ഇ എം എസിനോട് വിശദീകരിക്കാൻ പോയത്. ഇ എം എസ് ഞങ്ങൾ മുന്നോട്ടുവച്ച പരിപാടിക്ക് പൂർണപിന്തുണ നൽകി.
എന്നാലും സർക്കാർ പരിപാടിയാകുമ്പോൾ അതിന് നടപടിക്രമങ്ങൾ ഇല്ലേ. അതിനൊക്കെ സമയമെടുത്തില്ലേ ?
ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അവിശ്വസനീയമായി തോന്നുന്നു. 1996 മെയ് 20-ന് ഇ കെ നായനാർ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നു. ആഗസ്ത് 17-ന് ജനകീയാസൂത്രണ ഉദ്ഘാടന പരിപാടിക്ക് ഔപചാരികമായി മുഖ്യമന്ത്രി നായനാർ, പ്രതിപക്ഷനേതാവ് എ കെ ആന്റണി, മുൻമുഖ്യമന്ത്രിമാരായ പി കെ വാസുദേവൻ നായർ, ഇ എം എസ് എന്നിവർ ചേർന്നാണ് തിരി കൊളുത്തിയത്.
അതിനിടയിൽ ചെയ്തുതീർത്ത കാര്യങ്ങൾ ചെറുതല്ല. ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട വിവിധ വിഭാഗം വിദഗ്ധരുടെയും സംഘടനകളുടെയും വ്യക്തികളുടെയും രണ്ട് ഡസനിലേറെ യോഗങ്ങൾ നടന്നു. സർക്കാർ ഉത്തരവിനു വേണ്ട രേഖകളെല്ലാം തയ്യാറാക്കി. രാഷ്ട്രീയ പാർടികളുമായി ചർച്ച ചെയ്തു. ഇ എം എസ് അധ്യക്ഷനായി എല്ലാ താൽപ്പര്യങ്ങൾക്കും പ്രാതിനിധ്യമുള്ള മുന്നൂറോളം പേരടങ്ങുന്ന ഉന്നതാധികാര സമിതിക്ക് രൂപം നൽകി.

സംസ്ഥാന- ജില്ലാതല സന്നദ്ധപ്രവർത്തകരെ തെരഞ്ഞെടുത്തു. അവർക്കുവേണ്ട പാഠപുസ്തകങ്ങൾ അച്ചടിച്ചു. ഉദ്ഘാടന ദിവസമായിരുന്നു ആദ്യ സംസ്ഥാനതല പരിശീലനത്തിന് ആരംഭം കുറിച്ചത്. ഇത്രവേഗത്തിൽ കാര്യങ്ങൾ പൂർത്തിയാക്കാൻ രണ്ട് കാര്യങ്ങൾ സഹായിച്ചു. ഒന്ന്, ഇ എം എസ് മുന്നിൽ നിൽക്കാൻ തയ്യാറായത്. രണ്ട്, സാക്ഷരതാപ്രസ്ഥാനംമുതലുള്ള ഒട്ടേറെ ജനകീയ പരീക്ഷണങ്ങൾ നടത്തി തഴക്കമുള്ളവർ സാക്ഷരതാക്കാലത്തെന്നപോലെ മുന്നിട്ടിറങ്ങിയത്.
നടത്തിപ്പിൽ തദ്ദേശഭരണ വകുപ്പിനായിരുന്നോ ആസൂത്രണ ബോർഡിനായിരുന്നോ ഉത്തരവാദിത്വം ?
ഇങ്ങനെയൊരു ചോദ്യം ആദ്യമായിട്ടാണ് കേൾക്കുന്നത്. അത്രയ്ക്ക് പൂർണ യോജിപ്പിലാണ് ഇവർ രണ്ടും പ്രവർത്തിച്ചത്. ഇതിന് മുൻകൈയെടുത്തത് അന്നത്തെ തദ്ദേശഭരണമന്ത്രി പാലോളി മുഹമ്മദ് കുട്ടി ആയിരുന്നു. അദ്ദേഹത്തിന് ഒരു പ്രത്യേകതയുണ്ട്. പഞ്ചായത്തീരാജ് എന്ന് പറഞ്ഞാൽ പഞ്ചായത്ത് വകുപ്പിന്റെ അധികാരമായിട്ടല്ല അദ്ദേഹം കണ്ടത്. തദ്ദേശഭരണ സ്ഥാപനങ്ങളെ പ്രാദേശിക സർക്കാരുകളാക്കി മാറ്റുകയെന്നുള്ളതായിരുന്നു. അതുകൊണ്ട് വകുപ്പ് മന്ത്രിയുടെ അവകാശത്തെക്കുറിച്ച് ഒരിക്കൽപ്പോലും അദ്ദേഹം സംസാരിച്ചിരുന്നില്ല. ആയിരത്തോളം കോടി രൂപ തദ്ദേശഭരണ സ്ഥാപനങ്ങൾക്കായി അന്ന് നീക്കിവച്ചപ്പോൾ പലരും പറഞ്ഞു, അതിലൊരു ഭാഗം വകുപ്പ് മന്ത്രിയുടെ വിവേചനാധികാരത്തിനു വിടണമെന്ന്.

പാലോളി മുഹമ്മദ് കുട്ടി അത് തള്ളിക്കളഞ്ഞെന്ന് മാത്രമല്ല, മാനദണ്ഡപ്രകാരം മുഴുവൻ പണവും ഓരോ തദ്ദേശഭരണ സ്ഥാപനങ്ങൾക്കും എത്രവീതം കിട്ടുമെന്ന് ബജറ്റിന്റെ അനുബന്ധരേഖയായി വിതരണം ചെയ്യണമെന്നും നിർദേശിച്ചു. ആ നിർദേശം ഇന്നും തുടരുകയാണ്. കേരളത്തിൽ മാത്രമാണ് ഇങ്ങനെയൊരു സംഭവമുള്ളത്. പണം വിതരണം ചെയ്യുന്നതിൽ മന്ത്രിയുടെ അധികാരം പൂജ്യമാണ്. അധികാരം താഴേക്ക് നൽകുമ്പോൾ ആദ്യം നൽകേണ്ടത് തന്റെ വകുപ്പിന്റെ അധികാരമാണെന്ന ആദർശമാണ് പാലോളി മുറുകെപ്പിടിച്ചത്. ആസൂത്രണത്തിന് കൃത്യമായ ചട്ടങ്ങളോ മാനദണ്ഡങ്ങളോ ഇല്ലാത്തതുകൊണ്ട് തുടർച്ചയായി ഉത്തരവുകൾ ഇറക്കേണ്ടിവന്നു. വിശദീകരണം നൽകേണ്ടി വന്നിട്ടുണ്ട്. ഇതിനുവേണ്ടി പാലോളി അധ്യക്ഷനായ ഒരു കോ–ഓർഡിനേഷൻ കമ്മിറ്റി ഉണ്ടായിരുന്നു. ആസൂത്രണ ബോർഡിലുള്ള ഞങ്ങളും അതുപോലെ മറ്റുചില പ്രധാന വകുപ്പുകളും അതിൽ അംഗങ്ങളായിരുന്നു. തന്റെ വകുപ്പിന്റെ അധികാരം എന്നൊരു ചിന്തയേ പാലോളിയെ ഏശിയിരുന്നില്ല. അതുകൊണ്ട് ഒരുതർക്കവും ജനകീയാസൂത്രണ സമയത്ത് ഉണ്ടായിരുന്നില്ല.
ഒരു മുന്നണി സർക്കാർ ആകുമ്പോൾ അധികാരം താഴേക്ക് നൽകുന്നതുസംബന്ധിച്ച തർക്കങ്ങൾ ഉണ്ടാകുക സ്വാഭാവികമല്ലേ. കാരണം, എല്ലാ വകുപ്പിൽനിന്നും തുല്യമായിട്ടല്ലല്ലോ പണം താഴേക്ക് നൽകുന്നത്. ഇവ എങ്ങനെയാണ് പരിഹരിക്കപ്പെട്ടത് ?
ഇതിലെ ഏറ്റവും വലിയ സംഭാവന മുഖ്യമന്ത്രി ഇ കെ നായനാരുടേതാണ്. തർക്കങ്ങൾ പലതും ഉണ്ടായിട്ടുണ്ട്. അതെല്ലാം പറഞ്ഞു തീർത്തത് അദ്ദേഹംതന്നെയായിരുന്നു. ഒരുവർഷം നീണ്ടുനിന്ന ജനകീയാസൂത്രണ ക്യാമ്പയിൻ സൃഷ്ടിച്ച ആവേശം എല്ലാവരെയും സ്വാധീനിച്ചു. എല്ലാ മന്ത്രിമാരും അവരവരുടെ വകുപ്പുകളെയും ഉദ്യോഗസ്ഥരെയും പ്രാദേശികാസൂത്രണവുമായി ബന്ധിപ്പിക്കുന്നതിന് വലിയ മുൻകൈയെടുത്തു. ഇന്നത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അക്കാലത്ത് വൈദ്യുതി–സഹകരണമന്ത്രി ആയിരുന്നു. വൈദ്യുതി മേഖലയിൽ വലിയ പ്രാദേശിക ഇടപെടലിന് സാധ്യത ഉണ്ടായിരുന്നില്ല. എന്നാൽ, സഹകരണ മേഖലയുടെ സ്ഥിതി അതായിരുന്നില്ല. ഇതുസംബന്ധിച്ച് അദ്ദേഹംതന്നെ മുൻകൈയെടുത്ത് പല കോൺഫറൻസുകളും വിളിക്കുകയുണ്ടായി.

1999-ൽ സഖാവ് ഇ എം എസിന്റെ വിയോഗം ജനകീയാസൂത്രണ പ്രസ്ഥാനത്തെ എങ്ങനെ ബാധിച്ചു ?
ഇ എം എസിന്റെ വിയോഗം സൃഷ്ടിച്ച വിടവ് നമുക്കാർക്കും നികത്താൻ കഴിയാത്തതാണല്ലോ. പക്ഷേ, അപ്പോഴേക്കും ജനകീയാസൂത്രണം സുസ്ഥിരമായിക്കഴിഞ്ഞിരുന്നു. രണ്ട് വാർഷിക പദ്ധതി പൂർത്തീകരിച്ചു. പക്ഷേ, പദ്ധതികളുടെ നിർവഹണത്തിൽ വേഗം പോരായിരുന്നു. ഈ ദൗർബല്യം പരിഹരിക്കുന്നതിന് ഉന്നതാധികാര സമിതിയുടെ അധ്യക്ഷനായി സ്ഥാനമേറ്റെടുത്ത സഖാവ് വി എസ് അച്യുതാനന്ദന് കഴിഞ്ഞു.
വി എസിന്റെ ശൈലി അക്കാദമിക്കോ അല്ലെങ്കിൽ ഭരണപരമോ ആയിരുന്നില്ല. തികച്ചും ജനകീയമായിരുന്നു. ഉന്നതാധികാര സമിതിയുടെ അധ്യക്ഷനെന്ന നിലയിൽ വിവിധ പഞ്ചായത്തുകൾ അദ്ദേഹം സന്ദർശിച്ചു. ഓരോ സന്ദർശനവും വലിയ ജനകീയാവേശം സൃഷ്ടിച്ച പരിപാടികളായിരുന്നു. വിസ്താരഭയത്താൽ അവ വിവരിക്കുന്നില്ല.
കൂട്ടത്തിൽ പറയട്ടെ ഇ എം എസും മറ്റു മന്ത്രിമാരും ജനകീയാസൂത്രണ പരിപാടികളിൽ പങ്കെടുക്കുകയും ജനങ്ങൾക്ക് ആവേശം നൽകുകയും ചെയ്തു. തിരുവനന്തപുരം നന്ദിയോട് പഞ്ചായത്തിലെ ഗ്രാമസഭകളിൽ ഇ എം എസ് പൂർണസമയം പങ്കെടുത്തു.
ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ജനകീയാസൂത്രണം കേരളത്തിന് എന്ത് നേടിത്തന്നു ?
ഒരു പ്രസ്താവനയിൽ ചുരുക്കിപ്പറയാം. ഇന്ത്യയിൽ ഏറ്റവും ഉയർന്ന ദാരിദ്ര്യമുണ്ടായിരുന്ന സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു കേരളം. ഇന്ന് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനമായി. അതിദാരിദ്ര്യം ഇല്ലാതാക്കി. ഇതിൽ എല്ലാം അടങ്ങിയിട്ടുണ്ട്.
റോഡുകൾ, വീടുകൾ, കുടിവെള്ളം തുടങ്ങിയ ഗ്രാമീണ ആസ്തികൾ നിർമിക്കുന്നതിൽ വലിയ കുതിപ്പുകളാണുണ്ടായത്. ജനപങ്കാളിത്തം വിദ്യാഭ്യാസ -ആരോഗ്യ മേഖലകളിൽ ഗുണപരമായ മാറ്റംവരുത്തി. ലോകത്തിനാകെ മാതൃകയായ കുടുംബശ്രീയാണ് മറ്റൊരു നേട്ടം.
പക്ഷേ, പ്രാദേശിക സാമ്പത്തിക വികസനത്തിൽ പ്രതീക്ഷിച്ചതുപോലുള്ള നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. പിന്നെ, 30 വർഷം ഇപ്പോൾ പിന്നിട്ടില്ലേ. പല നടപടിക്രമങ്ങളും റൂട്ടീനായി. ജനപങ്കാളിത്തം കുറഞ്ഞു. അതുകൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രകടനപത്രിക ജനകീയാസൂത്രണം 2.0 എന്ന ആശയം മുന്നോട്ടുവച്ചത്.

അധികാരവികേന്ദ്രീകരണം കേരളത്തിനു നൽകിയ കരുത്ത് നമ്മൾ തിരിച്ചറിഞ്ഞത് കോവിഡും വെള്ളപ്പൊക്കവും ഉണ്ടായപ്പോഴാണ്. ഈ രണ്ട് പ്രതിസന്ധി ഘട്ടത്തിലും കേരളത്തിന്റെ അനുഭവങ്ങളെ മറ്റു പ്രദേശങ്ങളിൽനിന്ന് ഗുണപരമായിത്തന്നെ വ്യത്യസ്തപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരിനെപ്പോലെ പ്രത്യേകസ്ഥാനം തദ്ദേശഭരണ സ്ഥാപനങ്ങൾക്കുമുണ്ടായിരുന്നു.
30 വർഷം പിന്നിടുമ്പോൾ ഇനിയെന്ത് ?
ജനകീയാസൂത്രണം 2.0 യെക്കുറിച്ച് പരാമർശിച്ചൂവല്ലോ. കേരളത്തിൽ അധികാരവികേന്ദ്രീകരണത്തിന് ഒരു ബൂസ്റ്റർ ഡോസ് നൽകേണ്ടതുണ്ട്. യുഡിഎഫ് സർക്കാരിന് അങ്ങനെയൊരു അജൻഡ ഉണ്ടെന്ന് തോന്നുന്നില്ല. തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഭൂരിപക്ഷവും എൽഡിഎഫിന് അല്ല മുൻകൈ എന്നതും ഒരു പരിമിതിയാണ്.
പക്ഷേ, ജനകീയാസൂത്രണം വരുത്തിയ വലിയൊരു മാറ്റമുണ്ട്. ആര് ഭരിച്ചിരുന്നാലും ഇടപെടാനുള്ള ജനാധിപത്യ സാധ്യതകളുണ്ട്. അവ ഉപയോഗപ്പെടുത്തണം.
അധികാരവികേന്ദ്രീകരണംകൊണ്ട് എല്ലാം സ്വാഭാവികമായും ഭംഗിയാകും നന്നാകുമെന്നും എന്നൊന്നും ഒരു ഉറപ്പുമില്ല. അധികാരവികേന്ദ്രീകരണം ഉറപ്പുനൽകുന്നത് പ്രാദേശികതലത്തിലെ ജനാധിപത്യയിടം വിപുലപ്പെടുത്തുമെന്നതാണ്. നന്നാകണോ. നന്നാകാം. അതിന് ആരുടെ സഹായം വേണമെങ്കിലും ഇന്നും ഒരു തദ്ദേശഭരണ സ്ഥാപനത്തിന് തേടാം. തദ്ദേശഭരണ സ്ഥാപനങ്ങളെ സഹായിക്കുന്നതിനും കൂടുതൽ ജനാധിപത്യവൽക്കരിക്കുന്നതിനും സന്നദ്ധാടിസ്ഥാനത്തിൽ വലിയൊരു പ്രസ്ഥാനം അനിവാര്യമാണ്.
ജനകീയാസൂത്രണത്തെ ഇനിയും മുന്നോട്ട് കൊണ്ടുപോകാനുള്ള സാധ്യതകൾ എല്ലാതലങ്ങളിലും ചർച്ച ചെയ്യേണ്ടതുണ്ട്. ആഗസ്‌ത് 16-ന് തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് ഹൈസ്കൂളിൽ നടക്കുന്ന ജനകീയാസൂത്രണ പ്രവർത്തകരുടെയും പുതിയ തലമുറയുടെയും ഒത്തുചേരൽ ഇതിന് തുടക്കംകുറിക്കുമെന്ന് പ്രതീക്ഷിക്കാം.
(തയ്യാറാക്കിയത്: സുരേഷ് ഗോപി)










0 comments