ഇന്ന് അത്തം
പൂവിളി ഉയർന്നു നിറമണിഞ്ഞ് പൂ വിപണി

ഓണം അടുത്തതോടെ സജീവമായ പാളയത്തെ പൂ മൊത്തവിപണിയിൽനിന്ന്
കോഴിക്കോട്
അത്തം പിറന്നു, പത്താം നാൾ തിരുവോണം. വീട്ടുമുറ്റങ്ങളിൽ ഇനി പൂക്കളങ്ങളാൽ നിറംപകരും. പൂക്കളമൊരുക്കാൻ വിപണികളും ഉണർന്നു. ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള ചെണ്ടുമല്ലിയും വാടാമല്ലിയും റോസും ജമന്തിയുമെല്ലാം വിപണി കീഴടക്കുന്നു. എന്നാൽ പൂവിന്റെ വിലവർധന പൂക്കളങ്ങളെയും പൊള്ളിക്കുമെന്നുറപ്പ്. അരളിയാണ് വിപണിയിലെ താരം. കിലോയ്‌ക്ക് 600 രൂപ. ആവശ്യക്കാർ ഏറെയുള്ള മഞ്ഞ– ഓറഞ്ച് ചെണ്ടുമല്ലികൾക്കും വില കുറവില്ല. ഓറഞ്ചിന് 80 രൂപയും മഞ്ഞയ്‌ക്ക് 100–160 രൂപ വരെയുമാണ് വില. കഴിഞ്ഞ വർഷം 50– 60 രൂപയുള്ളിടത്ത് നിന്നാണ് കുതിപ്പ്. ജമന്തി 200–400, വാടാമല്ലി 160, റോസ് 200–400 എന്നിവയും വിലയേറിയ താരങ്ങൾ തന്നെ. ചന്തം കുറയുമോ വില കുതിച്ചുയർന്നതോടെ പൂക്കളങ്ങൾക്കുള്ള ചെലവേറുമെന്ന ആശങ്കയിലാണ് ജനങ്ങൾ. ഓണവിപണി ലക്ഷ്യമിട്ട് തമിഴ്നാട്, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ കൃഷി തുടങ്ങിയെങ്കിലും മഴ ചതിച്ചതോടെ വിളവ് കുറഞ്ഞു. ഇതാണ് വിലവർധനവിന് പ്രധാന കാരണമെന്ന് പാളയത്തെ ന്യൂ ഫ്ലവർ സ്റ്റാൾ ഉടമ കെ ശബരീഷ് പറഞ്ഞു. ബംഗളൂരുവിലെ ചിക്ക്‌ബലാപൂർ, ഗുണ്ടൽപേട്ട എന്നിവിടങ്ങളിൽ നിന്നാണ് കോഴിക്കോട് നഗരത്തിലേക്ക് കൂടുതലായും പൂക്കളെത്തുന്നത്. ഇവിടെ സാധാരണപോലെ കൃഷിയിറക്കിയെങ്കിലും പകുതി പോലും വിളവ് ലഭിച്ചില്ല. സ്‌കൂൾ, കോളേജ്, മറ്റ് സ്ഥാപനങ്ങൾ, അസോസിയേഷൻ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ ഓണാഘോഷങ്ങൾ സജീവമാകുമ്പോൾ വില കുതിച്ചുയർന്നേക്കും. പൂക്കളുടെ കിറ്റും നിലവിൽ വിപണിയിൽ ലഭ്യമാണ്. ‘നാടൻപൂവും’ റെഡിയാണ് പ്രാദേശികമായി പൂകൃഷി വ്യാപിച്ചത് വിലക്കയറ്റത്തിനിടയിലും ആശ്വാസമാകും. ഇതര സംസ്ഥാന പൂവുകളെ അപേക്ഷിച്ച് നാട്ടിലെ കൃഷിയിടങ്ങളിൽനിന്ന് വിപണിയിലേക്കെത്തുന്നതിനാൽ വാടാതെയും ലഭിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ 09.35 ഏക്കറിലാണ് ഇക്കുറി കൃഷിയിറക്കിയിരിക്കുന്നത്. പഞ്ചായത്തുകളിലെയും നഗരസഭകളിലെയും കോർപറേഷനിലെയും 322 വാർഡുകളിൽ ഇക്കുറി പൂക്കൃഷിയുണ്ട്. തുമ്പയും കാക്കപ്പൂവും മുക്കുറ്റിയും കണ്ണാന്തളിയുമെല്ലാം നാട്ടിൻപുറങ്ങളിൽപ്പോലും വിരളമാണെങ്കിലും പൂവില വർധന പാടങ്ങളിലേക്കുള്ള തിരിച്ച് പോകലിനും ഇത്തവണ അവസരമൊരുക്കും. കളമില്ലാതെ പൂക്കളമൊരുക്കാം കളം വരയ്‌ക്കാനോ, പൂവ് നുള്ളാനോ മടിയുള്ളവർക്കും ഇനി എളുപ്പം ‘പൂക്കളമൊരുക്കാം’. റെഡിമെയ്‌ഡ് അത്തപ്പൂക്കളങ്ങൾ ഇത്തവണയും വിപണിയിലുണ്ട്. വിവിധ നിറത്തിലുള്ള തുണികൾ ഉപയോഗിച്ചാണ് ഇവയുടെ നിർമാണം. വ്യത്യസ്ത ഡിസൈനിലുള്ള പൂക്കളങ്ങൾ ഇതിനകം തയ്യാറായി. ഇവ ഓൺലൈനിലും ലഭിക്കും. 500 മുതൽ 1500 രൂപ വരെയാണ് വില. പൂക്കളത്തിന്റെ സ്‌കെച്ചും ഓൺലൈനിൽ ലഭ്യമാണ്.










0 comments