ad
Deshabhimani

print edition എലനോർ, മുതലാളിത്തത്തെ വിറപ്പിച്ച പെൺശബ്ദം

a
avatar
അഞ്ജലി ഗംഗ

Published on Aug 16, 2026, 01:31 AM | 2 min read

വിക്‌ടോറിയൻ ലണ്ടനിലെ മൂടൽമഞ്ഞ്‌ പരന്ന തെരുവിൽ, ചൂഷിതരും നിസ്സഹായരുമായ മനുഷ്യരെ അഭിസംബോധന ചെയ്‌ത്‌ മുതലാളിത്ത വ്യവസ്ഥയോട് ഉറക്കെ കലഹിച്ച സ്ത്രീയുണ്ടായിരുന്നു, എലനോർ മാർക്‌സ്‌. 19–ാം നൂറ്റാണ്ടിൽ ലണ്ടനെ വിറപ്പിച്ച ഡോക്ക് തൊഴിലാളി സമരങ്ങളിലും ഗ്യാസ് വർക്കേഴ്സ് യൂണിയൻ മുന്നേറ്റങ്ങളിലെയും മുന്നണിപ്പോരാളി. ‘എട്ടുമണിക്കൂർ ജോലി’ എന്ന വിപ്ലവാഹ്വാനമുയർത്തി ലണ്ടനിൽ ആഞ്ഞടിച്ച ചരിത്രപ്രസിദ്ധമായ മെയ്ദിനറാലിയിൽ അവൾ തൊടുത്തുവിട്ട വാക്കുകൾ, മുതലാളിത്തത്തിന്റെ അസ്ഥിവാരമിളക്കുന്ന പ്രഖ്യാപനങ്ങളായിരുന്നു.


​കാൾ മാർക്‌സ്‌ എന്ന മഹാനായ വിപ്ലവകാരിയുടെയും ജെന്നിയുടെയും മകളായി 1855 ജനുവരി 16ന് ജനിച്ച എലനോർ പിതാവിന്റെ മേൽവിലാസത്തിൽ ഒതുങ്ങാതെ രാഷ്ട്രീയ ചിന്താധാരയിൽ സ്വന്തമായ വഴിയുണ്ടാക്കി. മൂന്നാം വയസ്സിൽ ഷേക്‌സ്‌പിയറെ ഉദ്ധരിച്ച് വിസ്‌മയംതീർത്ത ആ കൊച്ചുപെൺകുട്ടിയെ അവർ ‘ടൂസി' എന്ന ഓമനപ്പേരിട്ട് വിളിച്ചു. പിതാവിന്റെ രാഷ്‌ട്രീയ ആശയങ്ങളുടെ തണലിൽ വളർന്നുവെങ്കിലും ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടാൻ എലനോർ വിസമ്മതിച്ചു. അവകാശങ്ങൾക്കായി തെരുവിൽ ഇറങ്ങണമെന്ന് അവൾ തൊഴിലാളികളോട് പറഞ്ഞു. അവർക്കൊപ്പം തോളോടുതോൾ ചേർന്ന് സമരത്തിനിറങ്ങി.


​സ്‌ത്രീയുടെ വിമോചന പോരാട്ടത്തെ വർഗസമരത്തിന്റെ രാഷ്‌ട്രീയവുമായി കൂട്ടിയിണക്കിയതാണ് എലനോറിന്റെ വലിയ സംഭാവന. ‘ദ വുമൺ ക്വസ്റ്റ്യൻ' എന്ന തന്റെ വിഖ്യാത പ്രബന്ധത്തിലൂടെ സോഷ്യലിസ്റ്റ് ഫെമിനിസത്തിന് അവൾ ആശയപരമായ അടിത്തറയിട്ടു. സ്‌ത്രീകൾ അനുഭവിക്കുന്ന ചൂഷണം കേവലം സാമൂഹികമല്ലെന്നും മറിച്ച് മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയുടെ ക്രൂരമായ ഏടാണെന്നും അവൾ ലോകത്തോട് വിളിച്ചുപറഞ്ഞു. അടിച്ചമർത്തപ്പെട്ട തൊഴിലാളികളെ അക്ഷരങ്ങളുടെയും അവകാശങ്ങളുടെയും വെളിച്ചത്തേക്ക് കൂട്ടിക്കൊണ്ടുവരാനും മുന്നിട്ടിറങ്ങി.


​രാഷ്‌ട്രീയത്തിനൊപ്പം സാഹിത്യത്തിനും ജീവിതത്തിൽ ഇടമൊരുക്കി. ഗുസ്‌താവ് ഫ്ലോബേർട്ടിന്റെ ലോകപ്രശസ്‌ത നോവൽ ‘മാഡം ബോവറി' ആദ്യമായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത് എലനോറായിരുന്നു. ഹെൻറിക് ഇബ്സന്റെ വിപ്ലവാത്മക നാടകങ്ങൾ പരിഭാഷപ്പെടുത്തി. പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ അമൂല്യമായ കൈയെഴുത്തുപ്രതികൾ എഡിറ്റ് ചെയ്‌ത്‌ ലോകത്തിന് സമർപ്പിക്കുകയും ചെയ്‌തു.


​സ്‌ത്രീകൾക്ക് വോട്ടവകാശവും ആത്മാഭിമാനവും വേണമെന്ന് വാദിച്ച്‌ വിക്‌ടോറിയൻ വ്യവസ്ഥിതിയുടെ പരമ്പരാഗത ധാരണകളെ എലനോർ വെല്ലുവിളിച്ചു.


1898 മാർച്ച് 31-ന്, 43–ാം വയസ്സിൽ വിഷം ഉള്ളിൽ ചെന്നാണ് അവർ അന്തരിച്ചത്. തൊഴിലാളിവർഗത്തിന്റെ ക്ഷേമത്തിനും സ്‌ത്രീത്വത്തിന്റ സർവതോമുഖമായ സ്വാതന്ത്ര്യത്തിനുമായി എലനോർ കൊളുത്തിയ വിപ്ലവജ്വാല, ഇന്നും ലോകമെമ്പാടുമുള്ള പോരാട്ടഭൂമികളിൽ കെടാത്ത നക്ഷത്രമാണ്. സോഷ്യലിസ്റ്റ് സ്‌ത്രീവിമോചന സമരങ്ങൾക്ക് ശക്തമായ രാഷ്‌ട്രീയ അടിത്തറ പാകിയ എലനോറിനെ കാലം എന്നും ഓർമിക്കും. ‘സഖാക്കളെ മുന്നോട്ട്’ എന്ന അവരുടെ സമരാഹ്വാനം പോരാട്ടവീഥികളിൽ യുഗാന്തരങ്ങളിൽ മുഴങ്ങിക്കേൾക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home