ad
Deshabhimani

യാഥാർഥ്യങ്ങളുടെ ചൂടുണ്ട്‌ 
ഇ‍ൗ പോരാട്ടത്തിന്‌

 ഡോ. അനഘ്‌,   ഋതിഷ, നേഹ ചെന്പകശേരി,  നികിത ആർ ചുനക്കര

ഡോ. അനഘ്‌, ഋതിഷ, നേഹ ചെന്പകശേരി, നികിത ആർ ചുനക്കര

വെബ് ഡെസ്ക്

Published on Aug 22, 2026, 01:00 AM | 1 min read

ജിബിന സാഗരന്‍

പുഷ്‌പൻ നഗർ (തൃശൂർ റീജണൽ തിയറ്റർ)

അവഗണനയും പരിഹാസവും ഒറ്റപ്പെടലും നിറഞ്ഞ ജീവിതാനുഭവങ്ങളുമായി അവര്‍ സമ്മേളനത്തിലെത്തി, സംഘടനയുടെ തീരുമാനങ്ങളിൽ പങ്കാളികളാകുന്ന പ്രതിനിധികളായി. അവർ പങ്കുവയ്ക്കുന്ന ഓരോ വാക്കിനും അനുഭവങ്ങളിലൂടെ തൊട്ടറിഞ്ഞ യാഥാർഥ്യങ്ങളുടെ ചൂടുണ്ട്. ട്രാൻസ് വനിതകളായ ഡിവൈഎഫ്ഐ തിരൂർ ബ്ലോക്ക് കമ്മിറ്റിയംഗം നേഹ ചെമ്പകശ്ശേരി, തിരുവനന്തപുരം ജിഎച്ച് മേഖലാ കമ്മിറ്റിയംഗം നികിത ആർ ചുനക്കര, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ഋതിഷ, ക്വീർ വ്യക്തിത്വം തൃശൂർ ബ്ലോക്ക് കമ്മിറ്റിയംഗം ഡോ. അനഘ് എന്നിവരാണവര്‍. തീരുമാനങ്ങൾ രൂപപ്പെടുന്ന വേദിയില്‍ ക്വീര്‍ സമൂഹത്തിനും ഇടമുണ്ടെന്ന ഡിവൈഎഫ്ഐയുടെ വ്യക്തമായ പ്രഖ്യാപനമാണ് ഇവരുടെ സാന്നിധ്യം. സമൂഹത്തിന്റെ അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ടവരുടെ ജീവിതാനുഭവങ്ങളും ശബ്ദങ്ങളും സംഘടനയുടെ ചർച്ചകളിലും തീരുമാനങ്ങളിലും ഇടംപിടിക്കുന്നുവെന്നതിന്റെ തെളിവുകൂടിയാ‍ണിത്. ട്രാൻസ്‌ജെൻഡർ വ്യക്തികളെ സംഘടനാ സംവിധാനത്തിന്റെ ഭാഗമാക്കിയ പ്രസ്ഥാനത്തെ അഭിമാനത്തോടെയാണ് ഇവര്‍ ഹൃദയത്തിലേറ്റുന്നത്. എൽഡിഎഫ് സർക്കാർ നടപ്പാക്കിയിരുന്ന 28 പദ്ധതികൾ യുഡിഎഫ് അധികാരത്തിലെത്തിയതോടെ മുടങ്ങിയെന്നും ട്രാൻസ്‌ജെൻഡർ സമൂഹത്തെ അഭിസംബോധന ചെയ്യാന്‍ പോലും തയ്യാറാവുന്നില്ലെന്നും അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാതരത്തിലും ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ ചേര്‍ത്തുപിടിച്ചിരുന്നു. എന്നാല്‍, യുഡിഎഫ് എത്തിയതോടെ അവകാശങ്ങള്‍ക്കായി കൈനീട്ടി നില്‍ക്കേണ്ട അവസ്ഥയാണ്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി സാമ്പത്തികസഹായം നല്‍കുന്ന പദ്ധതി എല്‍ഡിഎഫ് വിജയകരമായി നടപ്പാക്കിയിരുന്നു. ശസ്ത്രക്രിയ പൂർത്തിയാക്കി ബില്ലുകൾ സമർപ്പിക്കുന്ന ഘട്ടത്തിലാണ് തുക അനുവദിച്ചിരുന്നത്. തുക ലഭിക്കുമെന്ന ഉറപ്പിൽ ഭൂരിഭാഗം പേരും കടം വാങ്ങിയാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, യുഡിഎഫ് വന്നതോടെ പദ്ധതി നിലച്ചു. ട്രാൻസ്‌ജെൻഡർ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്‌, താമസസൗകര്യത്തിനുള്ള ധനസഹായം തുടങ്ങിയവയും നിലച്ചു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സ്ത്രീസുരക്ഷാ പദ്ധതിയിലൂടെ രണ്ടുമാസം 1000 രൂപ വീതം ലഭിച്ചിരുന്നു. എന്നാല്‍ അതും നിര്‍ത്തലാക്കി. ദളിത്, ആദിവാസി, ട്രാൻസ്‌ജെൻഡർ, ഭിന്നശേഷി വിഭാഗങ്ങളെ സംവിധാനത്തിന് മുന്നിൽ സഹായത്തിനായി കൈനീട്ടി നിർത്തുന്ന സാഹചര്യം ഇല്ലാതാക്കണമെന്നാണ് ഇവരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home