വലവിരിച്ച് വ്യാജ 'ഇ- –-ചെലാൻ' ആപ്
ജില്ലയിൽ ഫോൺ ചോർത്തൽ വ്യാപകം


സ്വന്തം ലേഖകൻ
Published on Aug 22, 2026, 02:00 AM | 1 min read
പാലക്കാട്
വ്യാജ മൊബൈൽ ആപ്ലിക്കേഷനുകൾ വഴി ജില്ലയിൽ വ്യാപക സൈബർ തട്ടിപ്പ്. മോട്ടോർ വാഹന വകുപ്പിന്റെ "ഇ- ചെലാൻ' എന്ന പേരിൽ പ്രചരിച്ച വ്യാജ ആപ് ഡൗൺലോഡ് ചെയ്തതിനെ തുടർന്ന് ജില്ലയിൽ പൊലീസ്, എക്സൈസ്, മാധ്യമപ്രവർത്തകർ എന്നിവർ ഉൾപ്പെടെ നിരവധി സമൂഹമാധ്യമ അക്കൗണ്ടുകളും ഇവരുൾപ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പുകളും ഹാക്ക് ചെയ്യപ്പെട്ടു. വടക്കഞ്ചേരി സ്വദേശിയായ മാധ്യമപ്രവർത്തകന് വാട്സ്ആപ് വഴി ലഭിച്ച ആർടിഒ ചെലാൻ എപികെ എന്ന ഫയൽ ഇൻസ്റ്റാൾ ചെയ്തതോടെയാണ് സംഭവം. ആപ്പ് ഇൻസ്‌റ്റാൾ ചെയ്‌തതിന് പിന്നാലെ ഇയാളുടെ ഫോണിന്റെ പൂർണ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലായി. തുടർന്ന് ഇയാൾ അഡ്മിനായതും അംഗമായിരുന്നതുമായ നിരവധി ഗ്രൂപ്പുകൾ ഹാക്കർമാർ കൈക്കലാക്കുകയായിരുന്നു. ഗ്രൂപ്പുകളുടെ പേരുകൾ "എസ്ബിഐ' എന്ന് മാറ്റിയതോടെയാണ് സംഭവം മറ്റ് അംഗങ്ങളുടെ ശ്രദ്ധയിൽപെട്ടത്. പ്ലേ സ്റ്റോറിന് പുറത്തുനിന്നുള്ള സുരക്ഷിതമല്ലാത്ത വ്യാജ എപികെ ഫയലുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോണിൽ നൽകുന്ന പ്രത്യേക അനുമതികളാണ് തട്ടിപ്പുകാർ ദുരുപയോഗം ചെയ്തത്. തുടർന്ന് ഇദ്ദേഹം പാലക്കാട് സൈബർ പൊലീസിൽ പരാതി നൽകി. സൈബർ പൊലീസ് നടത്തിയ പരിശോധനയിൽ ഫോണിലെ എസ്എംഎസ്, നോട്ടിഫിക്കേഷൻ ആക്സസുകൾ വാട്സ്ആപ് വെരിഫിക്കേഷൻ ഒടിപികൾ എന്നിവ തട്ടിപ്പുകാരുടെ സെർവറുകളിലേക്ക് നേരിട്ട് കൈമാറ്റം ചെയ്യപ്പെടുന്നതായി കണ്ടെത്തി. ഒപ്പം ഒവർലേ സംവിധാനം വഴി യഥാർഥ ബാങ്കിങ് ആപ്പുകളുടെ മുകളിൽ വ്യാജ സ്ക്രീനുകൾ കാണിച്ച് വിവരങ്ങൾ ചോർത്തുകയും ചെയ്യുന്നു. തുടർന്ന് ബാധിക്കപ്പെട്ട അക്കൗണ്ടുകൾ ഗ്രൂപ്പുകളിൽ നിന്ന് നീക്കം ചെയ്തു. ഫോൺ പൂർണമായി റീസെറ്റ് ചെയ്താണ് പ്രശ്നം പരിഹരിച്ചത്. ജാഗ്രതവേണം വാട്സ്ആപ്, ടെലിഗ്രാം വഴിയോ മെസ്സേജുകളായോ വരുന്ന 'ആർടിഒ ചെലാൻ', 'എസ്‌ബിഐ റിവാർഡ്‌സ് ', 'പി എം കിസാൻ' തുടങ്ങിയ പേരുകളിലുള്ള ഒരു ആപ്ലിക്കേഷനുകളും ഡൗൺലോഡ് ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ് സ്റ്റോർ എന്നിവ വഴി മാത്രം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനും ഫോണിലെ "ഇൻസ്റ്റാൾ അൺനോൺ അപ്‌സ്' സെറ്റിങ്‌സ് ഓഫ് ചെയ്ത് വയ്‌ക്കാനും പൊലീസ് നിർദേശിച്ചു.









0 comments