കുതിച്ചുയരും പുതിയവേഗത്തിൽ

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് തൃശൂരിൽ നടന്ന യൂത്ത് ബ്രിഗേഡ് മാർച്ചിന്റെ മുൻനിര ഫോട്ടോ: സുരേന്ദ്രൻ മടിക്കെെ
കെ എൻ സനിൽ
Published on Aug 23, 2026, 12:58 AM | 1 min read
പുഷ്‌പൻ നഗർ (തൃശൂർ റീജണൽ തിയറ്റർ)
പുതിയ കാലത്തിന്റെ വെല്ലുവിളി ഏറ്റെടുത്തും സമര രീതികളിലും പ്രവർത്തന ശൈലിയിലും മാറ്റംവരുത്തിയും സംഘടനാരൂപം വളർത്താന്‍ ഡിവൈഎഫ്‌ഐ പതിനാറാം സംസ്ഥാന സമ്മേളനം ആഹ്വാനംചെയ്‌തു. അംഗത്വ വിതരണം ഡിജിറ്റലാക്കാനും നിർമിതബുദ്ധിയുടെ ഉപയോഗം സമൂഹത്തിന് ഗുണകരമാകുംവിധം പ്രചാരണം നടത്താനും 16–ാം സംസ്ഥാന സമ്മേളനം തീരുമാനിച്ചു. ആദ്യം വിദ്യാർഥികൾക്കും പിന്നീട് പൊതുജനങ്ങൾക്കും പരിശീലനം നൽകും. ഡിവൈഎഫ്‌ഐ ഏറ്റെടുക്കുന്ന ഹൃദയ–ശ്വാസ പുനരുജ്ജീവന (സിപിആർ) പരിപാടിയുടെ ലോഗോ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഹിമാഘ്‌നരാജ് ഭട്ടാചാര്യ പ്രസിഡന്റ് എ എ റഹീമിന് നൽകി പ്രകാശിപ്പിച്ചു. യൂത്ത് ബ്രിഗേഡ് മാര്‍ച്ചും പൊതുസമ്മേളനത്തോടെയുമാണ് സമ്മേളനം സമാപിച്ചത്. സമ്മേളന സ്‌മരണിക സംഘാടകസമിതി ചെയർമാൻ കെ വി അബ്‌ദുൾ ഖാദർ പ്രകാശിപ്പിച്ചു. കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ, എസ്എഫ്ഐ പ്രസിഡന്റ് ആദർശ് എം സജി എന്നിവർ അഭിവാദ്യംചെയ്‌തു. അഖിലേന്ത്യാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. ശനി വൈകിട്ട് വിദ്യാർഥി കോർണറിൽനിന്ന് യൂത്ത് ബ്രിഗേഡ് മാർച്ചും സമ്മേളന പ്രതിനിധികളുടെ പ്രകടനവും ആരംഭിച്ചു. എംജി റോഡ്, പടിഞ്ഞാറേക്കോട്ട വഴി വി എസ് അച്യുതാനന്ദൻ നഗറിൽ (അരണാട്ടുകര നേതാജി ഗ്രൗണ്ട്) പ്രവേശിച്ചു. പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം അധ്യക്ഷയായി. എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം, സംസ്ഥാന സെക്രട്ടറി എം വിജിൻ, വി കെ സനോജ്, വി വസീഫ് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനാനന്തരം കോഴിക്കോട് ചിലങ്ക ഫ്ലോട്ടിങ് തിയറ്ററിന്റെ ‘മിസ’ നാടകവും അരങ്ങേറി.










0 comments