നെല്ല് സംഭരണം
കുടിശ്ശിക ഓണത്തിനുമുന്പ് വിതരണം ചെയ്യണം

പാലക്കാട്
ജില്ലയിലെ നെൽക്കർഷകർക്ക് ലഭിക്കേണ്ട നെല്ല് സംഭരണ കുടിശ്ശിക തുക ഓണത്തിനുമുന്പ് പൂർണമായി വിതരണം ചെയ്യണമെന്ന് ജില്ലാ വികസന സമിതി നിർദേശിച്ചു. 490.05 കോടിയായിരുന്നു കുടിശ്ശിക. അതിൽ 269.61 കോടി ഇതിനകം വിതരണം ചെയ്തു. 220.44 കോടി ഓണത്തിനുമുന്പ് വിതരണം ചെയ്യുമെന്ന് യോഗം ഉറപ്പുനൽകി. മലമ്പുഴ ഉദ്യാന നവീകരണം വേഗത്തിൽ പൂർത്തിയാക്കും. ഉദ്യാനത്തിൽ നവീകരണം ആരംഭിച്ചതായും ഈ വർഷം അവസാനത്തോടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമെന്നും യോഗത്തിൽ കലക്ടർ അറിയിച്ചു. അകത്തേത്തറ മേൽപ്പാല നിർമാണത്തോടനുബന്ധിച്ച് മലമ്പുഴ -ഒലവക്കോട് റോഡ് അടച്ചിട്ടിരിക്കുന്നതിനാൽ പ്രദേശവാസികൾ നേരിടുന്ന ഗതാഗത പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കും. നിർമാണം സെപ്തംബറിനുള്ളിൽ പൂർത്തിയാക്കാനും യോഗം നിർദേശിച്ചു. റോഡപകടങ്ങൾ വർധിക്കുന്നതായി വിലയിരുത്തിയ മുണ്ടൂർ–തൂത റോഡിൽ സുരക്ഷാ പരിശോധന ഉൾപ്പെടെ പുരോഗമിക്കുകയാണ്. റോഡിന്റെ നിർമാണത്തിൽ അപാകം ഉണ്ടായിട്ടുണ്ടോയെന്ന് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ഉൾപ്പെട്ട പ്രത്യേക സമിതി പരിശോധിക്കുകയാണ്. വി കെ ശ്രീകണ്ഠൻ എംപി, സുമേഷ് അച്യുതൻ എംഎൽഎ, കലക്‌ടർ കെ സുധീർ, എഡിഎം അബ്‌ദുൾ ലത്തീഫ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
റെയിൽവേ ഡിവിഷൻ വിഭജനം പിൻവലിക്കണം
പാലക്കാട്
മംഗളൂരു കേന്ദ്രീകരിച്ചുള്ള ഡിവിഷൻ വിഭജിച്ച റെയിൽവേയുടെ നടപടി പുനഃപരിശോധിക്കണമെന്ന് ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. പാലക്കാട് ഡിവിഷന്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നാണ് മംഗളൂരു മേഖല. ഇതിനെ വിഭജിച്ചതിലൂടെ ഡിവിഷനിലെ സാമ്പത്തിക ഭദ്രത തകരുമെന്നും കേരളത്തിലെ റെയിൽവേ വികസനത്തിന് വലിയ തിരിച്ചടി ഉണ്ടാക്കുന്നതാണ് നടപടിയെന്നും യോഗം വിലയിരുത്തി. മേഖലയിലേക്കുള്ള പുതിയ ട്രെയിൻ സർവീസുകൾക്കും മറ്റ് വികസന പദ്ധതികൾക്കും ഇത് തടസ്സമാകും. പ്രമേയം യോഗം ഐകകണ്ഠ്യേന പാസാക്കി.










0 comments