ad
Deshabhimani

വിദ്യാർഥികൾ ജാഗ്രതൈ

വലയൊരുക്കി മയക്കുമരുന്ന്‌ 
സംഘങ്ങളുണ്ട്‌

.
വെബ് ഡെസ്ക്

Published on Jun 08, 2026, 12:31 AM | 1 min read

തൃശൂർ

ജില്ലയിലെ മുക്കിലും മൂലയിലും മയക്കുമരുന്ന്‌ സംഘങ്ങൾ. നഗരങ്ങളിൽ മാത്രമല്ല, പല ഗ്രാമീണ റോഡുകളും രാത്രി ഇവരുടെ താവളങ്ങളാണ്‌. ലൈസർജിക് ആസിഡ് സ്റ്റാമ്പ്, മെത്തലിൻ ഡയോക്സി മെത്താഫിറ്റമിൻ തുടങ്ങി കൊടും മയക്കുമരുന്നുകൾ ജില്ലയിൽ സുലഭമാണ്‌. സ്‌കൂൾ തുറന്നതോടെ വിദ്യാർഥികളെ വലയിലാക്കാൻ പ്രത്യേക സംഘങ്ങളാണ്‌ കറങ്ങുന്നത്‌. മുൻ വർഷങ്ങളിൽ ഇരകളാക്കിയ കുട്ടികളെ ഉപയോഗിച്ച്‌ കൂടുതൽ കുട്ടികളെ വലയിലാക്കാനാണ്‌ നീക്കം. ബൈക്കുകളിലെത്തുന്ന മാഫിയ സംഘം ആദ്യം വിദ്യാർഥികൾക്ക്‌ സിഗരറ്റാണ്‌ നൽകുന്നത്‌. ഇതിൽ ആകൃഷ്‌ടരാകുന്നവർക്ക്‌ സിഗരറ്റിനുള്ളിൽ കഞ്ചാവ്‌ വച്ച്‌ നൽകും. തുടർന്ന്‌ മയക്കുമരുന്നിനിരയാക്കും. പിന്നീട്‌ വിൽപ്പന റാക്കറ്റിന്റെ ഭാഗമാക്കും. മയക്കുമരുന്ന്‌ മാ-ഫിയാ സംഘങ്ങളിൽ കണ്ണികളായശേഷം വിലകൂടിയ ബൈക്കുകൾ, മൊബൈൽ ഫോണുകൾ എന്നിവ സ്വന്തമാക്കിയതായി വിവരം ലഭിച്ചിട്ടുണ്ട്‌. വിദ്യാർഥികൾ വീട്ടിൽനിന്നിറങ്ങുന്പോൾ സ്‌കൂൾ യൂണിഫോം അണിയും. പിന്നീട്‌ യൂണിഫോം മാറ്റി ബനിയൻ ധരിച്ചാണ്‌ ലഹരി വസ്‌തുക്കൾ വാങ്ങുന്നതും ഉപയോഗിക്കുന്നതും. ചില കുട്ടികൾ ഇക്കാര്യം അറിയിച്ചതായി സ്‌കൂളുകളിൽ ലഹരിവിരുദ്ധ ക്ലാസെടുക്കുന്ന മുൻ പൊലീസ്‌ സബ്‌ ഇൻസ്‌പെക്ടർ എൻ ജി സുവ്രതകുമാർ പറഞ്ഞു. ലഹരി ഉപയോഗിക്കുന്ന ആൺകുട്ടികളുമായി പ്രണയമുള്ള പെൺകുട്ടികളും ഇത്‌ ഉപയോഗിക്കുന്നുണ്ട്‌. പൊലീസ്‌ പിടിയിലായ പ്രതികളുടെ ചാറ്റുകളിൽനിന്ന്‌ ഇത്‌ വ്യക്തമാവുന്നതായും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന്‌ കടംവാങ്ങുന്ന 250 വിദ്യാർഥികളുടെ പേരും ലഭിച്ചിരുന്നു. ഓൺലൈൻ വ്യാപാരമെന്ന വ്യാജേന മയക്കുമരുന്ന്‌ എത്തിക്കുന്നുണ്ട്‌. കഴിഞ്ഞ ദിവസം ഒല്ലൂർ മേഖലയിൽനിന്ന്‌ അഞ്ച്‌ പേർ ലഹരി മരുന്നുമായി പിടിയിലായി. ഒല്ലൂരിൽ വൻ മയക്കുമരുന്ന്‌ സംഘം പ്രവർത്തിക്കുന്നതായി ഇവരിൽനിന്ന്‌ വിവരം ലഭിച്ചു. മയക്കുമരുന്നിന്റെ ഉറവിടം ഇതര സംസ്ഥാനങ്ങളാണ്‌. കടൽമാർഗമാണ്‌ മയക്കുമരുന്ന്‌ കടത്തുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home