19 പേരെ കവർന്ന ദുരന്തത്തിന് 7 വയസ്സ്‌

കണ്ണീരോർമയായി കുറാഞ്ചേരി

ഉരുൾപൊട്ടൽ കവർന്നെടുത്ത കുറാഞ്ചേരി  (ഫയൽ ചിത്രം)

ഉരുൾപൊട്ടൽ കവർന്നെടുത്ത കുറാഞ്ചേരി (ഫയൽ ചിത്രം)

വെബ് ഡെസ്ക്

Published on Aug 16, 2025, 12:05 AM | 1 min read



വടക്കാഞ്ചേരി

19 പേരുടെ ജീവനെടുത്ത ദുരന്തത്തിന് ശനിയാഴ്‌ച ഏഴുവയസ്സ്‌. മലയിടിച്ചിലിൽ പെട്ട് മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നാടിന്റെ അനുസ്മരണവും പുഷ്പാർച്ചനയും രാവിലെ ഒമ്പതിന് കുറാഞ്ചേരിയിൽ നടക്കും. സർവകക്ഷി അനുസ്മരണച്ചടങ്ങിൽ ജനപ്രതിനിധികൾ സമൂഹിക സാംസ്കാരിക രംഗത്തെ പ്രതിനിധികൾ തുടങ്ങി നിരവധിപേർ പങ്കെടുക്കും. ദുരന്തം തകർത്ത പ്രദേശം വീണ്ടെടുത്തെങ്കിലും തിരികെ വരാത്ത തങ്ങളുടെ പ്രിയപ്പെട്ടവർ കുറാഞ്ചേരി നിവാസികൾക്ക് കണ്ണീരോർമയാണ്. 2018 ലെ സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഉറങ്ങാൻ കിടന്ന 19 പേർ 16 ലെ പ്രഭാതത്തിൽ ഒരിക്കലും ഉണരാത്തവരായത് ഇന്നും നാടിന് പേടി സ്വപ്‌നമാണ്‌. നാല്‌ വീടുകൾ പൂർണമായും തകർന്നടിഞ്ഞു. വാഹനങ്ങൾ മണ്ണിനടിയിൽ പെട്ടു . മല മീറ്ററുകളോളം താഴേക്ക് കുതിച്ച് പാഞ്ഞെത്തി സംസ്ഥാന പാതയും പിന്നിട്ട് റെയിൽ പാളം വരെയെത്തി. ദിവസങ്ങളോളം റോഡ്-, റെയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. അമ്പതോളം മണ്ണ് മാന്തി യന്ത്രങ്ങൾ രാവും പകലും പ്രവർത്തിപ്പിച്ചാണ്‌ നൂറ് കണക്കിന് ലോഡ് മണ്ണ് നീക്കിയത്‌. മേഖലയാകെ ദിവസങ്ങളോളം ഇരുട്ടിലായി. മുണ്ടം പ്ലാക്കൽ ജെൻസൻ ( ചാച്ചൻ ), ഭാര്യ സുമിത, മക്കളായ മോസസ്, ഫെനോക്ക്, യാഫത്ത്, ജെൻസന്റെ സഹോദരൻ ഷാജി, കന്നുകുഴിയിൽ മോഹനൻ (നാരായണൻ), മോഹനന്റെ ഭാര്യ ആശ, മക്കളായ അമൽ, അഖിൽ, പാറേക്കാട്ടിൽ റോസിലി (റോസി), എയ്ഞ്ചൽ, കൊല്ലംകുന്നേൽ മാത്യു (മത്തായി ), ഭാര്യ റോസ, പാലക്കാട് കണക്കൻതുരുത്തി കളപ്പുരക്കൽ ഫ്രാൻസിസ് (ബേബി), ഭാര്യ സാലി, കണ്ണാറ ബിനോജിന്റെ ഭാര്യ സൗമ്യ, മക്കളായ മിൽന, മെറിൻ എന്നിവരെയാണ്‌ ദുരന്തം വിഴുങ്ങിയത്‌. ജനകീയ കൂട്ടായ്മയിലാണ് നാടിനെ പുനർനിർമിച്ചത്‌. തെക്കുംകര പഞ്ചായത്ത് മേഖലയിലാണ് നാശ നഷ്ടങ്ങളേറെയും. റോഡുകൾ, വൈദ്യുതി പോസ്റ്റുകൾ, കാന, കുടിവെള്ള വിതരണ പദ്ധതികളെല്ലാം തകർന്നു. റോഡ് പുനർ നിർമിച്ച പഞ്ചായത്ത് വൈദ്യുതി വിതരണവും കുടിവെള്ള വിതരണ സംവിധാനവും പൂർവസ്ഥിതിയിലാക്കി. കാനപുനർ നിർമിച്ചതും പഞ്ചായത്താണ്. വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പുനർ നിർമാണം നടത്തി നാടിന് സമർപ്പിച്ചതും മണ്ണിനടിയിൽപ്പെട്ട കിണർ വീണ്ടെടുത്ത് നവീകരിച്ച് ഉപയോഗ്യമാക്കിയതും അതിജീവന പാതയിൽ മികവിന്റെ കൈയ്യൊപ്പായി.



deshabhimani section

Related News

View More
0 comments
Sort by

Home