പിടിയിലായവരിൽ കൊടകര കുഴൽപ്പണക്കേസ് പ്രതിയും

ചേർപ്പ്
രണ്ടര മാസത്തെ നിരീക്ഷണം, നൂറോളം പൊലീസുകാർ, വലിയ മുന്നൊരുക്കുമായാണ് റൂറൽ പൊലീസ് 34 ഗുണ്ടകളെ പിടികൂടിയത്. ഗുണ്ടകളെ പിടികൂടാനായി സംസ്ഥാനമാകെ നടപ്പാക്കുന്ന ‘ഓപ്പറേഷൻ ഗ്രിപ്പി’ന്റെ ഭാഗമായാണ് അറസ്റ്റ്. ഇവരിൽ മാർട്ടിൻ എന്നയാൾ കൊടകര കുഴൽപ്പണക്കേസിലെ പ്രതിയാണ്. ജില്ലയിലെ 22 സ്‌റ്റേഷനുകളിൽ പ്രതികൾക്കെതിരെ കേസുകളുണ്ട്. കൊലപാതകം, വധശ്രമം, പിടിച്ചുപറി, ബലാത്സംഗം തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിലെ പ്രതികളാണിവർ. പനംകുളം പ്രദേശത്തെ ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടിൽനിന്നാണ് 34 ഗുണ്ടകളെ പൊലീസ് ഒരുമിച്ച് പിടികൂടിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ഇവർ ഒരുമിച്ച് ജയിൽവാസമനുഭവിച്ചവരും പലരും ഒരുമിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുമാണ്. ഇവർ തമ്മിലുള്ള ആശയ വിനിമയങ്ങൾ രണ്ടര മാസമായി പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇവർ ഒരു സ്ഥലത്ത് ഒത്തുചേരാൻ സാധ്യതയുണ്ടെന്ന് സൂചനയും അഞ്ച് ദിവസം മുന്പ് സ്ഥലത്തെക്കുറിച്ചും വിവരം ലഭിച്ചു. വിദേശത്തുള്ള ഒരാളുടെ ഒഴിഞ്ഞുകിടക്കുന്ന വീട്ടിലാണ് അർധരാത്രി ഇവർ ഒത്തുകൂടിയത്. ഒരാൾപോലും രക്ഷപ്പെടാതെയിരിക്കാൻ വളരെ ആസൂത്രിതമായ നീക്കമാണ് പൊലീസ് നടത്തിയത്. ഗുണ്ടകൾ ആക്രമിക്കാതിരിക്കാൻ തോക്ക് ഉൾപ്പെടെയുള്ള മുൻകരുതലുമായാണ് പൊലീസ് എത്തിയത്. ഗുണ്ടകളെ ഇവരിൽനിന്ന് മാരകായുധങ്ങളും മയക്കുമരുന്നും പിടികൂടി. വലിയ പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ഇവർ ഒത്തുകൂടിയതെന്നാണ് സംശയം. ഇതു സംബന്ധിച്ച് അന്വേഷണം നടത്തും. പ്രതികളെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്നും ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ പറഞ്ഞു.










0 comments