മൊബൈൽ തട്ടിപ്പറിച്ചെടുത്ത കേസിലെ പ്രതി അറസ്റ്റിൽ

വടക്കാഞ്ചേരി
വടക്കാഞ്ചേരി ഓട്ടുപാറ ബസ് സ്റ്റാൻഡിൽ പ്രായപൂർത്തിയാകാത്തയാളിൽ നിന്ന് 40,000 രൂപ- വിലവരുന്ന മൊബൈൽ ഫോൺ കവർന്ന പ്രതി അറസ്റ്റിൽ. ചേലക്കര പൊട്ടാരം വീട്ടിൽ (കോൽപ്പുറത്ത് ) അജിത്തി (26) നെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരനും സുഹൃത്തും ബസ് സ്റ്റാൻഡിൽ നിൽക്കുന്പോൾ പ്രതി അടുത്തുവന്ന് ഭീഷണിപ്പെടുത്തി ഫോൺ ബലമായി പിടിച്ചു വാങ്ങിക്കുകയായിരുന്നു. ഉച്ച സമയം ആയതിനാൽ സ്റ്റാൻഡിൽ ആളുകൾ കുറവായിരുന്നു. ഒളിവിലായിരുന്ന അജിത്ത് നാട്ടിലെത്തിയെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയുടെ വീട്ടിലെത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇയാൾ ഈ സമയം വീടിന്റെ ടെറസിൽ ആണ് കഴിഞ്ഞിരുന്നത്. ടെറസിലേക്ക് പുറമേ നിന്നുള്ള ഇരുമ്പ് ഏണി കണ്ട് സംശയം തോന്നിയ പൊലീസ് മുകളിൽ കയറി പരിശോധിക്കുകയായിരുന്നു. ഇയാൾക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ എ അനൂപ്, സബ് ഇൻസ്പെക്ടർ നിബിൻ, സുനിൽകുമാർ, സിപിഒമാരായ സഗുൺ, ജാവിദ്, അഞ്ജു മോൾ, അഭിലാഷ്, ഹോം ഗാർഡ് സതീശൻ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.









0 comments