കൂട്ടിക്കൂട്ടി ഇതെങ്ങോട്ടാ

സ്വന്തം ലേഖിക
കോട്ടയം
പാചകവാതക വില വർധനവിന്റെയും ലഭ്യതയുടെയും മറവിൽ ജില്ലയിലെ ഹോട്ടലുകളിൽ കൂട്ടിയ ഭക്ഷണസാധനങ്ങളുടെ നിരക്ക് കുറച്ചില്ല. ഒരേ നിലവാരത്തിലുള്ള ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും കാന്റീനുകളിലും ബേക്കറികളിലുമെല്ലാം ഒരു മാനദണ്ഡവുമില്ലാതെ ഭക്ഷണസാധനങ്ങൾക്ക് തോന്നിയതുപോലെ വില ഈടാക്കുന്നു. ദിവസേന ഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിക്കുന്ന തൊഴിലാളികളും വിദ്യാർഥികളും പ്രതിസന്ധിയിലായി. വാണിജ്യ സിലിണ്ടർവില കുത്തനെ കൂട്ടിയ കേന്ദ്ര സർക്കാർ നടപടിയും വിലക്കയറ്റത്തിന് വഴിതുറന്നു. മുമ്പ് 70 രൂപയായിരുന്ന സാധാരണ ഊണിന് ഇപ്പോൾ പലയിടങ്ങളിലും 90 മുതൽ 130 രൂപ വരെയാണ്. ബിരിയാണിക്ക് പല വിലയാണ്. 10 മുതൽ 40 രൂപ വരെ വർധനവുണ്ടായി. 12 രൂപയുണ്ടായിരുന്ന പൊറോട്ടയ്ക്ക് 15 മുതൽ 23 രൂപ വരെ വാങ്ങുമ്പോൾ നോൺ-വെജ് കറികൾക്കും ഫ്രൈകൾക്കും 20 മുതൽ 50 രൂപ വരെ അധികം ഈടാക്കുന്നു. നെയ്‌റോസ്റ്റ്, മസാല ദോശ തുടങ്ങിയ പ്രഭാതഭക്ഷണങ്ങൾക്ക് 10 മുതൽ 30 രൂപ വരെയാണ് കൂട്ടിയത്. ചായയ്ക്കും ചെറുകടികൾക്കും പോലും പൊള്ളുന്ന വിലയാണ്. പാചകവാതക പ്രതിസന്ധിക്ക് പുറമേ പാൽ, പഞ്ചസാര, ചായപ്പൊടി എന്നിവയുടെ നിരക്ക് ഉയർന്നെന്ന കാരണം പറഞ്ഞ് 10 മുതൽ 12 രൂപ വരെയായിരുന്ന ചായയ്ക്ക് ഇപ്പോൾ 15 മുതൽ 20 രൂപ വരെ നൽകണം. കാപ്പിക്ക് 20 മുതൽ 25 രൂപ വരെ ഈടാക്കുമ്പോൾ ചെറുകടികളുടെ വില മിക്ക സ്ഥലങ്ങളിലും 15 രൂപയായി ഉയർത്തി. പാചകവാതക സിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിലായിട്ടും മുമ്പ് വർധിപ്പിച്ച തുക കുറയ്ക്കാൻ ഹോട്ടലുടമകൾ തയ്യാറായിട്ടില്ല. യാതൊരു നിയന്ത്രണവുമില്ലാതെ വ്യാപാരികൾ വിഭവങ്ങൾക്ക് തോന്നുംപടി തുക ഈടാക്കിയിട്ടും അധികൃതർ ഇടപെടുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്.









0 comments